ഒറ്റമശ്ശേരി ഇരട്ടക്കൊല ; പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും രണ്ട് ലക്ഷം രൂപ വീതം പിഴയും
സ്വന്തം ലേഖകൻ
ആലപ്പുഴ: ഒറ്റമശേരി ഇരട്ടക്കൊല കേസിൽ അഞ്ചു പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷരും രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയുടെയാണ് വിധി.
പട്ടണക്കാട് സ്വദേശി പോൾസൺ, സഹോദരൻ ടാനിഷ്, ചേർത്തല സ്വദേശി സിബു, തണ്ണീർമുക്കം സ്വദേശി അജേഷ്, സഹോദരൻ ബിജേഷ് എന്നിവർക്കാണ് ശിക്ഷ. പട്ടണക്കാട് സ്വദേശികളായ ജോൺസൺ, സുബിൻ എന്നിവർ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി പോൾസണ് മരിച്ച ജോൺസനോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോളിളക്കം സൃഷ്ടിച്ച കണിച്ചുകളങ്ങര കൊലപാതകവുമായി സാമ്യമുള്ള കേസാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെ ഏറെ ശ്രദ്ധേനേടിയിരുന്നു. കേസിൽ ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മൂന്നു പ്രതികളെ വെറുതെവിട്ടിരുന്നു.
2015 നവംബർ 13ന് പെയിന്റിംഗ് തൊഴിലാളികളും അന്ധകാരനഴി സ്വദേശികളുമായ ജേൺസൺ, ജസ്റ്റിൻ സൈറസ് എന്ന സുബിൻ എന്നിവർ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിപ്പ് കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. കേസിലെ ഒന്നാം പ്രതി പോൾസണ് കൊല്ലപ്പെട്ട ജോൺസനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രോസിക്യുഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
സംഭവ ദിവസം രാത്രി 7 മണിയോടെ തീരദേശ പാതയിൽ ഒറ്റമശേരി വളവിലായിരുന്നു അപകടം നടന്നത്. ജോൺസണും ജസ്റ്റിനും സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് നിർത്താതെ പോയ ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടത്തിൽപെട്ടു. ഇതോടെ നാട്ടുകാർ ഡ്രൈവറെ പിടികൂടി പോലീസിനു കൈമാറിയതോടെയാണ് കൊലപാതകത്തിന്റെ ഗൂഢാലോചന പുറത്തുവന്നത്.
രണ്ടാം പ്രതി ടാനിഷ്, ലോറി ഡ്രൈവർ ചേർത്തല സ്വദേശി ഷിബു, നാലാം പ്രതി അജേഷ്, അഞ്ചാം പ്രതി വിജേഷ് എന്നിവർ കൊലപാതകത്തിൽ പങ്കെടുത്തതായി പ്രോസിക്യുഷൻ ചൂണ്ടിക്കിട്ടിയിരുന്നു. അയൽവാസികളായ പോൾസണ് ജോൺസനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പോൾസന്റെ സഹോദരന്റെ വിവാഹത്തിനുള്ള കുറി നൽകാൻ ഒറ്റമശേരി പള്ളിവികാരി വിസമ്മതിച്ചിരുന്നു. ഇതേതുടർന്ന് വൈദികനെ ആക്രമിക്കാൻ പോൾസൺ ജോൺസന്റെ വീട്ടിലെത്തി സഹായം തേടി. എന്നാൽ ജോൺസൺ ഇത് നിഷേധിച്ചു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രോസിക്യുഷൻ വ്യക്തമാക്കി.
ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി സി.എൻ സീതയാണ് വാദം കേട്ടത്. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യുട്ടർ പി.പി ഗീത, പി.ബൈജു എന്നിവർ ഹാജരായി.