play-sharp-fill
ഞെട്ടിച്ചുകളഞ്ഞു ഒറ്റക്കൊരു കാമുകൻ; ജോജുവിന്റേത് തകർപ്പൻ അഭിനയം

ഞെട്ടിച്ചുകളഞ്ഞു ഒറ്റക്കൊരു കാമുകൻ; ജോജുവിന്റേത് തകർപ്പൻ അഭിനയം

 

മാളവിക നായർ

വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ഞാൻ ഒറ്റക്കൊരു കാമുകൻ എന്ന സിനിമ കണ്ടത്. അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചുകളഞ്ഞു. പ്രണയവും പ്രതികാരവും നർമ്മവും സെന്റിമെന്റ്സും ട്വിസ്റ്റും ത്രില്ലറുമൊക്കെ ചേർന്ന് അത്യുഗ്രൻ സൃഷ്ടി. ഈ സിനിമയ്ക്ക് കൃത്യമായി ഒരു ജോണർ പറയാൻ സാധിക്കില്ല….കാരണം എല്ലാത്തരം ജോണറും ഉൾക്കൊള്ളുന്നതാണ് ഒറ്റക്കൊരു കാമുകൻ എന്ന സിനിമ. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പറയുന്നത് പ്രേക്ഷകർക്ക് മുൻകൂട്ടിക്കാണാൻ സാധിക്കാത്ത കഥയുടെ സുഗമമായ ഒരു ഒഴുക്കാണ്. അതിൽ ലയിച്ചുചേർന്നാൽ നമ്മൾ പ്രേക്ഷകരും ആ ഒഴുക്കിനൊത്ത് പൊയ്‌ക്കൊള്ളും.


തമിഴിലെ വിജയ്സേതുപതിയുടെ 96 എന്ന സിനിമയൊക്കെ ഒരു പാറ്റേണിൽ നിന്നാണ് കഥ പറയുന്നതെങ്കിൽ ഒറ്റക്കൊരു കാമുകനിൽ പ്രണയത്തിന്റെ വ്യത്യസ്തമായ ആംഗിളുകൾ ത്രില്ലോടെ അവതരിപ്പിക്കുന്നത് രസകരമായ ഒരു കാഴ്ചാനുഭവമാണ്. ജോസഫിനു ശേഷം ജോജു ജോർജ്ജിന്റെ അത്യുഗ്രൻ പെർഫോമൻസാണ് ഈ ചിത്രത്തിന്റെ മറ്റൊരു കരുത്ത്. പ്രൊഫ.അനന്തകൃഷ്ണനായി ഒരുരക്ഷയുമില്ലാത്ത അഭിനയമാണ് കാഴ്ചവെച്ചത്. പുള്ളിക്കാരൻ അസാധ്യ നടനാണ്. വേറെ ലെവലാണ്. ജോസഫിൽ പുള്ളി ഒരു രാക്ഷസൻ ലെവലിലാണ് അഭിനയിച്ചതെങ്കിൽ….ഈ പടത്തിൽ ജോജു 96 ലെ വിജയ്സേതുപതിയെ കവച്ചുവെക്കുന്ന പെർഫോമൻസാണ് നടത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാള സിനിമയിൽ വ്യത്യസ്തമായ വേഷങ്ങളുണ്ടെങ്കിൽ ഇനി ധൈര്യമായി അത് ജോജു ജോർജ്ജിനെ ഏൽപ്പിച്ചാൽ പുള്ളിക്കാരൻ അത് ഭംഗിയാക്കുമെന്ന് ജോസഫിലെയും ഒറ്റക്കൊരു കാമുകനിലെയും പെർഫോമൻസ് കാണിച്ചുതന്നു. അതുപോലെ തന്നെ ഷൈൻടോം ചാക്കോ. ഇതിഹാസയ്ക്ക് ശേഷം ഒറ്റക്കൊരു കാമുകനിലാണ് ഷൈൻ ടോമിന് ഇത്രയും ജനപ്രിയമായ നല്ലൊരുവേഷം കിട്ടിയിട്ടുള്ളതെന്നാണ് എനിക്ക് തോന്നിയത്. പുള്ളിക്കാരനെ ഏല്പിച്ച വേഷം അതിഗംഭീരമായി തന്നെ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. ലിജോമോളുടെ പ്രണയമാണ് ഒരു രക്ഷയുമില്ലാത്തത്. കത്രീനയുടെ ചിരിയും നോട്ടങ്ങളുമൊക്കെ നമ്മൾ പ്രേക്ഷകരുടെ ചങ്കിനകത്തേക്ക് കയറി ഒരു കൊളുത്തുപിടിയാണ് നമുക്ക് അനുഭവപ്പെടുക. വെറുതെയല്ല ഷാലു റഹിമുമായി ലിജോമോൾ പ്രണയത്തിലായത്. ഷാലു റഹിമും ഡെയിൻ ഡേവിസുമൊക്കെ ഡൊമിനിക്കും ജോസുമെന്ന തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചു. പ്രത്യേകിച്ചും ഷാലുവും ലിജോമോളുമായുള്ള പ്രണയരംഗങ്ങൾ തകർത്തിട്ടുണ്ട്. ജോജു ജോർജ്ജിന്റെ നായികയായി അഭിനയിച്ച അഭിരാമിയ്ക്ക് ഏറെക്കാലത്തിനു ശേഷം ലഭിച്ച നല്ലൊരു കഥാപാത്രമാണ് മീര. വളരെ നിഷ്‌കളങ്കയായ നാടൻ സുന്ദരിയായി അഭിരാമി തകർത്ത് അഭിനയിച്ചിട്ടുണ്ട്. ഷൈൻ ടോമിന്റെ നായികയായിയെത്തുന്ന അരുന്ധതി നായർ സ്വഭാവികമായ അഭിനയശൈലിയിലൂടെ ആനിയെന്ന കഥാപാത്രത്തെ നല്ലരീതിയിൽ അവതരിപ്പിച്ചു.

കലാഭവൻ ഷാജോണിന്റെ ഇടിവെട്ട് വേഷമാണ് എനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു കഥാപാത്രം. ആ കഥാപാത്രത്തിന്റെ ചില സ്വഭാവം കണ്ടപ്പോൾ പിടിച്ചു ഒരടികൊടുക്കാൻ വരെ തോന്നിപ്പോയി. അത്രയ്ക്ക് സ്വഭാവികമായാണ് വില്ലൻ വേഷം പുള്ളി മനോഹരമാക്കിയത്. ഷാഹിൻ സിദ്ദിഖിന്റെ രാഹുലും നിമ്മി മാനുവേലിന്റെ ശില്പയുമൊത്തുള്ള രംഗങ്ങൾ ശ്വാസമടക്കിപ്പിടിച്ചേ കാണാൻ സാധിക്കൂ. അത്രയ്ക്ക് ത്രില്ലിങ്ങായിട്ടുള്ള രംഗങ്ങളായിരുന്നു അതൊക്കെ. ഭഗത്മാനുവൽ, വിജയരാഘവൻ, ബാലചന്ദ്രൻ ചുളളിക്കാട്, മനു എം.ലാൽ, സഞ്ജയപാൽ, മീരനായർ തുടങ്ങിയ നിരവധി അഭിനേതാക്കൾ തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങളെ മികച്ചതാക്കി. പ്രണയരംഗങ്ങളൊക്കെ പ്രേക്ഷകർക്ക് നവ്യമായ അനുഭവമാകും അതു തീർച്ച.

ഓരോ രംഗവും വളരെ സ്വഭാവികമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. നല്ല കൈയ്യടക്കത്തോടും ചടുലമായുള്ള സംവിധാനശൈലിയാണ് അജിൻലാലും ജയൻവന്നേരിയും ഈ ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. സംവിധായകന്റെ കൃത്യമായ കൈയ്യൊപ്പ് ഓരോ രംഗത്തിലും നമുക്ക് കാണാൻ സാധിക്കും. രസകരമായി പറയുന്ന വളരെ ശക്തവും കൃത്യവുമായ തിരക്കഥയാണ് ഈ സിനിമയുടെ കരുത്ത്. എല്ലാത്തരമാൾക്കാർക്കും ആസ്വദിച്ചു കാണാൻ കഴിയുന്ന ഒറ്റക്കൊരു കാമുകന്റെ നട്ടെല്ലാണ് തിരക്കഥ, അതു ഭംഗിയായി നവാഗതരായ എസ്.കെ.സുധീഷും ശ്രീഷ്‌കുമാർ എസും നിർവ്വഹിച്ചിട്ടുണ്ട്. സഞ്ജയ് ഹാരീസിന്റെ ഛായാഗ്രഹണം വളരെ മികച്ചതായിരുന്നു. എടുത്തുപറയേണ്ട മറ്റൊന്ന് വളരെ ഗംഭീരമായ പശ്ചാത്തല സംഗീതമാണ്. ഇതിന്റെ സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയ വിഷ്ണുമോഹൻ സിതാര മനോഹരമായ സംഗീതത്തിലൂടെ ഭാവിവാഗ്ദാനമാണെന്ന് തെളിയിച്ചു. സനൽരാജിന്റെ എഡിറ്റിങും വളരെ മികച്ച അനുഭവമായി മാറി. ഏതൊരു സിനിമയും മനോഹരമാകുന്നതിന് ഏറ്റവും ശക്തമായ പിന്തുണവേണ്ടത് ആ സിനിമയുടെ നിർമ്മാതാക്കളിൽ നിന്നാണ്. അതു ഭംഗിയായി ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ നിന്നുണ്ടായിട്ടുണ്ടെന്ന് ഈ സിനിമ കാണുമ്പോൾ മനസ്സിലാകും. ഡാസ്സിലിംഗ് മൂവീസിന്റെ ബാനറിൽ പ്രിൻസ് ഗ്ലാരിയൻസും സാജൻ യശോധരനും അനൂപ് ചന്ദ്രനുമാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയും മാറുകയാണ്. വ്യത്യസ്തമായ പ്രമേയങ്ങളും രസകരമായ ആഖ്യാനങ്ങളുമുള്ള വലിയ താരങ്ങളുടെ പിൻബലമില്ലാത്ത കൊച്ചു ചിത്രങ്ങളും പ്രേക്ഷകരെ രസിപ്പിക്കുന്നുവെന്നതാണ് ഈ സിനിമ കണ്ടിറങ്ങിയപ്പോൾ തോന്നിയത്. എന്തായാലും ഈ സിനിമയ്ക്ക് നിങ്ങൾക്ക് ധൈര്യമായി ടിക്കറ്റെടുക്കാം. ഞാനുറപ്പ് തരുന്നു ഇത് നിങ്ങളെ രസിപ്പിക്കുമെന്ന്.