play-sharp-fill
സി.ഒ.ടി നസീർ വധശ്രമം : കുരുക്കുകൾ മുറുകുന്നു, ഷംസീറിനെ ചോദ്യം ചെയ്യും

സി.ഒ.ടി നസീർ വധശ്രമം : കുരുക്കുകൾ മുറുകുന്നു, ഷംസീറിനെ ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ

കണ്ണൂർ: സി.പി.എം വിമതനും വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം മുറുകുമ്പോൾ സി.പി.എമ്മും എ.എൻ ഷംസീർ എം.എൽ.എയും കൂടുതൽ പ്രതിരോധത്തിൽ. കേസിൽ ഇന്നലെ സി.പി.എം തലശേരി ഏരിയാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറിയും പുല്യോട് ബ്രാഞ്ച് സെക്രട്ടറിയുമായ കതിരൂർ പുല്യോട് എൻ.കെ. രാജേഷിനെ (39) അറസ്റ്റുചെയ്തിരുന്നു. എ.എൻ ഷംസീർ എം.എൽ.എയുടെ സന്തത സഹചാരിയാണ് ഇന്നലെ അറസ്റ്റിലായ രാജേഷെന്നാണ് പറയുന്നത്. നേരത്തെ എ.എൻ ഷംസീറിന്റെ ഡ്രൈവറുമായിരുന്നു രാജേഷ്.തലശ്ശേരി ടൗൺ സർവ്വീസ് ബാങ്ക് ജീവനക്കാരനുമാണ്. പൊലീസ് കസ്റ്റഡിയിലുള്ള കേസിലെ പ്രതിയായ പൊട്ട്യൻ സന്തോഷിന്റെ മൊഴിയെ തുടർന്നാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. സന്തോഷിനെ ചോദ്യംചെയ്തപ്പോൾ രാജേഷിന് കൃത്യമറിയാമായിരുന്നുവെന്ന വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. സന്തോഷിന്റെ ഒപ്പമിരുത്തിയും രാജേഷിനെ ചോദ്യംചെയ്തതായി പറയുന്നു.കേസിന്റെ ഗൂഢാലോചനയിൽ എ.എൻ ഷംസീർ എം.എൽ.എയ്ക്ക് പങ്കുണ്ടെന്നാണ് സി.ഒ.ടി നസീറിന്റെ പ്രധാന ആരോപണം. ഇന്നലെ കേസ് അന്വേഷിക്കുന്ന സി.ഐ വി.കെ വിശ്വംഭരൻ, എസ്.ഐ ഹരീഷ് എന്നീ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലംമാറി പോകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് പറഞ്ഞ് കേസിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് നസീർ വ്യക്തമാക്കിയിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് കേസ് അന്വേഷിക്കുന്നത് വരെ തലശേരിയിൽ തുടരാൻ ഡി.ജി.പി പറയുകയായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച രേഖകളൊന്നും ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ലെന്നും പറയുന്നു.കേസ് അന്വേഷണം ഇനിയും മുന്നോട്ട് പോകണമെങ്കിൽ ഷംസീർ എം.എൽ.എയെ ചോദ്യംചെയ്യേണ്ടതുണ്ടെന്നാണ് പറയുന്നത്. രാജേഷാണ് ആക്രമിക്കാൻ നിർദ്ദേശിച്ചതെന്ന് പറയുമ്പോഴും ഇയാൾക്ക് നസീറിനോട് വിരോധമില്ല. ഇനി അന്വേഷണം ഏതുരീതിയിൽ മുന്നോട്ട് പോകുമെന്ന് നോക്കിയിരിക്കുകയാണ് ആക്രമിക്കപ്പെട്ട നസീറും. ഇതുവരെ കേസിൽ ഏഴുപേരാണ് അറസ്റ്റിലായിരിക്കുന്നത്. മേയ് 18ന് രാത്രിയിലാണ് തലശ്ശേരി കായ്യത്ത് റോഡിൽ വെച്ച് സി.ഒ.ടി.നസീർ ആക്രമിക്കപ്പെട്ടത്. കേസ് അന്വേഷണത്തിനായി തലശേരി പൊലീസ് സ്റ്റേഷനിൽ എസ്.ഐയായി ബിനു മോഹനും ചുമതലയേറ്റിട്ടുണ്ട്.