പക്ഷപാതപരമായ സമീപനം ; പളളി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാതെ സര്‍ക്കാരും പോലീസും നാടകം കളിക്കുന്നു ; സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഓര്‍ത്തഡോക്‌സ് സഭ

Spread the love

സ്വന്തം ലേഖകൻ

യാക്കോബായ സഭയുമായുള്ള തര്‍ക്കത്തില്‍ കോടതി നിര്‍ദ്ദേശം നടപ്പാക്കാത്ത സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധത്തില്‍ ഓര്‍ത്തഡോക്‌സ് സഭ. സര്‍ക്കാരിനെതിരെ വാര്‍ത്താസമ്മേളനം നടത്തി രൂക്ഷമായ വിമര്‍ശനമാണ് സഭ ഉന്നയിച്ചിരിക്കുന്നത്. പളളി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാതെ സര്‍ക്കാരും പോലീസും നാടകം കളിക്കുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും സഭയുടെ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് ആവശ്യപ്പെട്ടു.

അങ്കമാലി, തൃശൂര്‍ ഭദ്രാസനങ്ങളിലെ ആറ് പള്ളികളില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഹൈക്കോടതിയുടെ ശക്തമായ നിര്‍ദ്ദേശം പാലിക്കുവാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. ഇത് നിയമവ്യവസ്ഥയോടുള്ള അവജ്ഞയും, അവഹേളനവുമാണ്. വിധി നടപ്പാക്കുന്ന ദിവസം നേരത്തെ തന്നെ യാക്കോബായ വിഭാഗത്തെ അറിയിക്കുകയും, വിധി നടത്തിപ്പിനെ പ്രതിരോധിക്കാന്‍ ആള്‍ക്കൂട്ടത്തെ എത്തിക്കുവാനമുള്ള സാവകാശവും, അവസരവും നല്‍കുകയും ചെയ്തുകൊണ്ടാണ് ഈ നാടകം അരങ്ങേറുന്നതെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരുതിക്കൂട്ടി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച്‌ കോടതിവിധി നടപ്പാക്കുന്നത് തടസ്സപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകുന്നത്. കുഞ്ഞുങ്ങളെയും സ്ത്രീകളെയും പ്രതിരോധത്തിനായി മുന്നില്‍ നിര്‍ത്തണമെന്ന് ഓഡിയോ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി യാക്കോബായ സഭ വൈദികര്‍ പ്രചരിപ്പിക്കുകയാണ്. പോലീസും അധികാരികളും ഇത് കണ്ടില്ലെന്ന് നടിക്കുന്നത് പക്ഷപാതപരമായ സമീപനമാണെന്നും ഓര്‍ത്തഡോക്‌സ് സഭ ആരോപിക്കുന്നു.