play-sharp-fill
യാക്കോബായ ഓർത്തഡോക്‌സ് തർക്കം: ക്രിസ്തീയമായ പരിഹാരം ഉണ്ടാകണം: ക്ലിമ്മീസ് കാത്തോലിക്ക ബാവ

യാക്കോബായ ഓർത്തഡോക്‌സ് തർക്കം: ക്രിസ്തീയമായ പരിഹാരം ഉണ്ടാകണം: ക്ലിമ്മീസ് കാത്തോലിക്ക ബാവ

സ്വന്തം ലേഖകൻ
മണർകാട്: യാക്കോബായ സഭയുടെയും മലങ്കര ഓർത്തഡോക്സ് സഭയുടെയും തമ്മിലുള്ള ബന്ധത്തിൽ ക്രിസ്തീയമായ പരിഹാരമുണ്ടാകണമെന്ന് കർദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ. ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനവും ഇടവകയിലെ വിവിധ അധ്യാത്മിക സംഘടനകളുടെ വാർഷിക സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരിശുദ്ധാത്മാവ് ഇടപെട്ട് ഈ വിഷയത്തിൽ എല്ലാവർക്കും ഹൃദയത്തിന് ശാന്തത പകരുന്ന ഒരു പരിഹാരമുണ്ടാകുവാൻ പ്രാർഥിക്കാം. സഭകൾ ഒരുമിച്ച് മുന്നേറേണ്ടതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇത്തരം കൂടിവരവുകൾ. നമ്മുടെ എണ്ണംതിട്ടപ്പെടത്തി അതിൽ മതിമറക്കുന്നതിനല്ല കൂടിവരവുകൾ. ദൈവം നമ്മുക്ക് നൽകിയിരിക്കുന്ന സമൂഹ നിർമിതിക്കും രാഷ്ട്ര നിർമിതിക്കും വിശാലമായ മനുഷ്യ സമൂഹത്തിന്റെ കെട്ടുപണിയിൽ ക്രിസ്തീയമായ ദൗത്യ നിർവഹിക്കുന്നതിനാണ്. നാം അതിൽനിന്ന് പന്നോട്ടുപോകുവാൻ പാടില്ല. യേശുവിനെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുവാൻ, ദൈവവിളിക്ക് അനുസൃതമായി ജീവിക്കുവാനും നമ്മുക്ക് സാധിക്കിണം. യാക്കോബായ സഭയ്ക്ക് മണർകാട് പള്ളി നൽകുന്ന ആത്മീയമായ കരുത്ത് അനന്യമാണ്. അതുകൊണ്ടാണ് അനേകായിരങ്ങൾ ഇവിടേക്ക് ഒഴുകിയെത്തുന്നതും അനുഗ്രഹം പ്രാപിച്ച് മടങ്ങിപോകുന്നതു. മണർകാട് പള്ളിയുടെ സാമൂഹിക സേവനങ്ങൾ അചഞ്ജലമായ ദൈവാശ്രയത്തിന്റെ പാഠമാണ് നൽകുന്നത്. പാവപ്പെട്ട ആളുകളെ കരുതുന്ന ശുശ്രൂഷ ഏതൊരു ആധ്യാത്മിക കേന്ദ്രത്തിന്റെയും മാറ്റിവയ്ക്കാനാവത്ത ഭാഗമാണ്
അദ്ദേഹം പറഞ്ഞു.
സേവന രംഗത്ത് മണർകാട് ഇടവക സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും ചെയ്യുന്നത് വലിയ സേവനങ്ങളാെണന്ന് സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസ്. യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രമെന്ന നിലയിൽ രാജ്യത്ത് മുൻപ് എങ്ങുമില്ലാത്ത പ്രതിസന്ധികളെയാണ് അഭിമുഖീകിരിച്ചുകൊണ്ടിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ്. ആ യാഥാർത്യം മനസിലാക്കി അതിനെ അതിജീവിക്കുന്നതിനുള്ള ആർജവം ഓരോ വ്യക്തിയും പുലർത്തണം.രാജ്യത്തെ ബഹുസ്വരതിലുള്ള ഏകത്വത്തിന് മാറ്റങ്ങൾ സംഭവിക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അനേകർക്ക് അനുഗ്രഹം ചൊരിയുന്ന ദേവാലയമാണ് മണർകാട് പള്ളിയെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ. സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം.
 കത്തീഡ്രൽ സെക്രട്ടറി വി.വി. ജോയി വെള്ളാപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം  ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ നിർവഹിച്ചു. സേവകാസംഘം നിർമിച്ചു നൽകുന്ന 15 ഭവനങ്ങളുടെ അടിസ്ഥാനശിലാ വിതരണം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സമൂഹവിവാഹ ധനസഹായ വിതരണം തോമസ് ചാഴിക്കാടൻ എം.പിയും വയോജന സംഘടനയിലെയും വനിതാ സമാജത്തിലെയും മുതിർന്ന അംഗങ്ങളെ ആദരിക്കൽ ബെന്നി ബഹനാൻ എം.പിയും മരിയൻ അവാർഡ് വിതരണവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും നിർവഹിച്ചു. വികാരി ഇ.ടി. കുര്യാക്കോസ് കോർഎപ്പിസ്‌കോപ്പ ഇട്യാടത്ത്, ട്രസ്റ്റിമാരായ സി.പി. ഫിലിപ്പ്, സാബു വർഗീസ്, രഞ്ജിത് മാത്യു, പ്രോഗ്രാം കോ-ഓർഡിനേറ്റർ ആൻഡ്രൂസ് കോർഎപ്പിസ്‌കോപ്പ ചിരവത്തറ എന്നിവർ പ്രസംഗിച്ചു.
എട്ടുനോമ്പ് പെരുന്നാളിന്റെ നാലാം ദിവസമായ ബുധനാഴ്ച വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മോർ കൂറിലോസ് പ്രധാന കാർമ്മികത്വം വഹിച്ചു. ഗീവർഗീസ് മോർ കൂറിലോസ്, ഇ.എം. സാജു (സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യ) എന്നിവർ ധ്യാനയോഗങ്ങൾ നയിച്ചു.
വ്യാഴാഴ്ച പള്ളിയിൽ കരോട്ടെ പള്ളിയിൽ കുർബാന രാവിലെ 6.30ന്, താഴത്തെ പള്ളിയിൽ രാവിലെ എട്ടിന് പ്രഭാത പ്രാർഥന, ഒൻപതിന് മൂന്നിന്മേൽ കുർബാന യാക്കോബായ സുറിയാനി സഭാ മെത്രാപോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മോർ ഗ്രീഗോറിയോസ്, 11.30ന് പ്രസംഗം – ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ, 12.30ന് മദ്ധ്യാഹ്നപ്രാർഥന, ഉച്ചയ്ക്ക് 2.30ന് പ്രസംഗം എം.ജി. യൂണിവേഴ്സ്റ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ്, 3.30ന് ധ്യാനം ഫാ. ഷെറി ഐസക് പൈലിത്താനം, അഞ്ചിന് സന്ധ്യാപ്രാർഥന, 6.30ന് ധ്യാനം ഫാ. യൂഹാനോൻ വേലിക്കകത്ത്.