ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്തേയ്ക്ക് യാക്കോബായ സഭാ വിശ്വാസികൾ പ്രതിഷേധ മാർച്ച് നടത്തി
സ്വന്തം ലേഖകൻ
കോട്ടയം: ഇടവകപള്ളികൾ ഓർത്തഡോക്‌സ് വിഭാഗം കയ്യേറുകയാണെന്നാരോപിച്ച് യാക്കോബായ സഭാ വിശ്വാസികൾ ദേവലോകത്തെ ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്തേയ്ക്ക് പ്രകടനം നടത്തി.
പ്രകടനം കഞ്ഞിക്കുഴിയിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് പ്രകടനം തടഞ്ഞു. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസിന്റെ നേതൃത്വത്തിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിൽേക്കു നടന്ന പ്രതിഷേധ മാർച്ച് കഞ്ഞിക്കുഴിയിൽ പോലീസ് തടഞ്ഞു.
മെത്രാപോലത്തമാരായ കുറിയാക്കോസ് മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഗീവർഗീസ് മോർ കൂറിലോസ്, സഖറിയാസ് മോർ പീലക്സീനോസ്, തോമസ് മോർ അലക്സന്ത്രയോസ്, മാത്യൂസ് മോർ അന്തീയോസ്, മാത്യൂസ് മോർ തീമോത്തിയോസ്, ഏലിയാസ് മോർ യൂലിയോസ് എന്നിവർ റാലിയിൽ പങ്കെടുത്തു.
ഉച്ചകഴിഞ്ഞു 2.30നു സെന്റ് ജോസഫ്സ് കത്തീഡ്രലിൽ നിന്നുമാണു മാർച്ച് ആരംഭിച്ചത്. മേഖലയിലെ വിവിധ ഇടവകകളിൽ നിന്നുമെത്തിയ അയ്യായിരത്തോളം വിശ്വാസികൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.
വൻ പോലീസ് സന്നാഹവും മാർച്ചിനൊപ്പമുണ്ടായിരുന്നു. മൂന്നരയോടെയാണു പ്രതിഷേധ മാർച്ച് കഞ്ഞിക്കുഴിയിലെത്തിയത്. കഞ്ഞിക്കുഴിയിൽ ഇറഞ്ഞാൽ റോഡ് തിരിയുന്ന ഭാഗത്തു ബാരിക്കേഡ് സ്ഥാപിച്ചു പോലീസ് മാർച്ച് തടഞ്ഞു.
സംഘർഷ സാധ്യത കണക്കിലെടുത്താണു പോലീസ് മാർച്ച് തടഞ്ഞത്.
തുടർന്നു നടന്ന പ്രതിഷേധ സംഗമം യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു.
പള്ളികൾ പിടിച്ചെടുക്കാനുള്ള ആർത്തിയാണ് ഓർത്തഡോക്സ് സഭയ്ക്കെന്നും ഒരു വിധിയും ശാശ്വതമല്ലെന്നും അദ്ദേഹം പറഞ്ഞു. അതിജീവനത്തിനായുള്ള ധർമ സമരം വിജയം വരെയും തുടരും.
യാക്കോബായ സഭയോടുള്ള അനീതി പുറം ലോകം അറിഞ്ഞു കഴിഞ്ഞു. ഓർത്തഡോക്സ് സഭ 34-ലും കോടതി വിധിയിലുമാണ് വിശ്വസിക്കുന്നത്. എന്നാൽ യാക്കോബായ സഭ വിശ്വസിക്കുന്നത് ക്രിസ്തുവിലും ബൈബിളിലുമാണ്.
തികച്ചും സമാധാനപരമായ സമര മാർഗങ്ങളിലൂടെ സഭ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
Third Eye News Live
0