
അവയവം സ്വീകരിച്ചവർ നൽകിയത് 40 മുതൽ 50 ലക്ഷം രൂപവരെ, അവയവം നൽകിയ പാവപ്പെട്ടവർക്ക് കിട്ടിയത് എട്ട് മുതൽ 15 ലക്ഷം വരെ ; സംസ്ഥാനത്തെ കോളനികൾ കേന്ദ്രീകരിച്ച് ഒരു വർഷത്തിനിടെ വൃക്ക വിൽപ്പന നടത്തിയത് 20ലധികം പേർ ; കിഡ്‌നി തട്ടിപ്പിൽ സ്വകാര്യ ആശുപത്രി മാഫിയയുടെ ഇടപെടൽ : അവയവക്കച്ചവടത്തിന് ഇടനിലനിൽക്കുന്ന മുപ്പതിലധികം ഏജന്റുമാർ നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അവയവദാനത്തിന്റെ മറവിൽ സംസ്ഥാനത്ത് നടക്കുന്നത് അവയവക്കച്ചവടമാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അവയവകച്ചവടത്തിന് ഇടനിലനിൽക്കുന്ന മുപ്പത്തഞ്ചോളം ഏജന്റുമാർ പൊലീസ് നിരീക്ഷണത്തിലാണ്.
ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കുനൽകിയ റിപ്പോർട്ടിനുപിന്നാലെ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുവർഷത്തിനിടെ നിയമവിരുദ്ധമായി അവയവമാറ്റം നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐ.ജി. റിപ്പോർട്ട് നൽകിയത്. എന്നാൽ ഇവരെ ക്രൈംബ്രാഞ്ച് പിടികൂടാൻ സാധ്യത കുറവാണ്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് വലിയ സമ്മർദ്ദങ്ങൾ പൊലീസിന് മേലുണ്ടെന്നാണ് സൂചനകൾ. തൃശ്ശൂർ ജില്ലയിലെ കോളനി കേന്ദ്രീകരിച്ച് എട്ടുപേർ അവയവദാനം നടത്തിയത് ബന്ധുക്കൾക്കോ അറിയുന്നവർക്കോ അല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
മുപ്പത്തഞ്ചോളം സംഘങ്ങളുടെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുകയും ചെയ്തു. അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് നിയമം ലംഘിച്ചുള്ള നടപടികളിൽ സർക്കാർ ജീവനക്കാരുടെയും സർക്കാർ ഡോക്ടർമാരുടെയും പങ്കും അന്വേഷിക്കുന്നുണ്ട്.
ഏജന്റുമാർ മുഖേന അവയവം സ്വീകരിച്ചവർ 40 മുതൽ 50 വരെ ലക്ഷം രൂപ പ്രതിഫലമായി നൽകിയിട്ടുണ്ട്.
എന്നാൽ, എന്നാൽ അവയവം നൽകിയവർക്ക് എട്ടുമുതൽ 15 ലക്ഷംവരെ രൂപയാണ് ലഭിച്ചത്.
കൊടുങ്ങല്ലൂരിലെ ചില കോളനികളിലെ ചില നിർധനവീട്ടുകാർ പെട്ടെന്ന് സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തിയത് വൃക്കവിൽപ്പനയെത്തുടർന്നാണെന്ന വിവരം ക്രൈംബ്രാഞ്ചിന് നേരത്തെ ലഭിച്ചിരുന്നു. പുല്ലൂറ്റ്, എറിയാട്, അഴീക്കോട് വില്ലേജുകളിലെ ചില കോളനികൾ കേന്ദ്രീകരിച്ച് ഒരുവർഷത്തിനിടെ 20 പേർ വൃക്കവിൽപ്പന നടത്തിയതായാണ് സൂചന.
സംഭവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകളും ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആൻഡ് ടിഷ്യൂസ് ആക്ടിലെ വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തൃശ്ശൂർ ഡി.ഐ.ജി. എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ എസ്പി. സുദർശനാണ് അന്വേഷിക്കുന്നത്. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്ര, ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് എന്നിവർ മേൽനോട്ടം വഹിക്കുന്നു.