സംസ്ഥാനത്ത്  ഇതുവരെ 972 അവയവമാറ്റ ശസ്‌ത്രക്രിയ; 750 എണ്ണം സ്വകാര്യ ആശുപത്രികളിലെന്ന് വിവരാവകാശ രേഖ; കോട്ടയം മെഡിക്കൽ കോളേജും, കാരിത്താസ് ആശുപത്രിയും ഉൾപ്പെടെ പട്ടികയിൽ

സംസ്ഥാനത്ത് ഇതുവരെ 972 അവയവമാറ്റ ശസ്‌ത്രക്രിയ; 750 എണ്ണം സ്വകാര്യ ആശുപത്രികളിലെന്ന് വിവരാവകാശ രേഖ; കോട്ടയം മെഡിക്കൽ കോളേജും, കാരിത്താസ് ആശുപത്രിയും ഉൾപ്പെടെ പട്ടികയിൽ

പത്തനംതിട്ട : സംസ്‌ഥാനത്ത്‌ ഇതുവരെ നടന്നിട്ടുള്ള 972 അവയവമാറ്റ ശസ്‌ത്രക്രിയകളില്‍ 750 എണ്ണവും സ്വകാര്യ ആശുപത്രികളിലെന്ന്‌ വിവരാവകാശ രേഖ. 2012 ല്‍ ആരംഭിച്ച മരണാനന്തര അവയവദാന പദ്ധതി മുഖേന മേയ്‌ 31 വരെ നടന്നിട്ടുള്ള ശസ്‌ക്രിയകളുടെ കണക്കാണിത്‌.

എറണാകുളം ലിസി ഹോസ്‌പിറ്റലില്‍ 26 രോഗികള്‍ക്ക്‌ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയപ്പോള്‍, സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ഏഴു ശസ്‌ത്രക്രിയകള്‍ മാത്രമാണ്‌ നടന്നത്‌.

സ്വകാര്യ ആശുപത്രിയിലെ അവയവമാറ്റ കണക്ക്‌ ആരോഗ്യവകുപ്പ്‌ സൂക്ഷിച്ചിട്ടില്ലെന്നും എന്നാല്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ്‌ സെന്റര്‍ മുഖേന വരാന്‍ പോകുന്ന രജിസ്‌ട്രിയില്‍ ഇതിനുള്ള സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ്‌ അന്ന്‌ പറഞ്ഞത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടന്ന ഏക ഗവ. മെഡിക്കല്‍ കോളജ്‌ എന്ന ഖ്യാതി കോട്ടയത്തിനുണ്ട്‌. ഗവണ്‍മെന്റ്‌ മേഖലയില്‍ നടക്കുന്നതിനെക്കാള്‍ ഹൃദയമാറ്റ ശസ്‌ത്രക്രിയകള്‍ സ്വകാര്യമേഖലയില്‍ നടക്കുന്നുണ്ട്‌. കൊച്ചി എയിംസ്‌-ഒൻപത്‌, കോട്ടയം കാരിത്താസ്‌-രണ്ട്‌, മെട്രോ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക്‌ സെന്റര്‍-ഏഴ്‌, കാലിക്കറ്റ്‌ മിംസ്‌-മൂന്ന്‌ എന്നിവയാണ്‌ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടന്നിട്ടുള്ള കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍.

ഇവിടെ നിന്നുള്ള രോഗികള്‍ക്ക്‌ സംസ്‌ഥാനത്തിന്‌ പുറത്ത്‌ ഹൃദയം മാറ്റി വച്ചതിന്റെ കണക്കും ലഭ്യമാക്കിയിട്ടുണ്ട്‌. അതിന്‍ പ്രകാരം റേല ആശുപത്രി(ഒന്ന്‌), എം.ജി.എം ചെന്നൈ(രണ്ട്‌), ചെന്നൈ ഫോര്‍ട്ടിസ്‌ മലര്‍ (12) എന്നിങ്ങനെയാണ്‌ ഹൃദയം മാറ്റിവച്ചിട്ടുള്ളത്‌.

അന്നനാളം മാറ്റിവച്ചിട്ടുള്ള കേരളത്തിലെ ഏക ആശുപത്രി കൊച്ചിന്‍ എയിംസ്‌ ആണ്‌. വൃക്ക-63, കരള്‍-61, പാന്‍ക്രിയാസ്‌ -13, ചെറുകുടല്‍ -അഞ്ച്‌, കൈ -20 എന്നിങ്ങനെയാണ്‌ ഇവിടെ നടന്ന മറ്റ്‌ ശസ്‌ത്രക്രിയകളുടെ കണക്ക്‌. തിരുവനന്തപുരം കിംസില്‍ 63 വൃക്കമാറ്റിവയ്‌ക്കലും, 67 കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയകളും നടന്നു.

ലേക്‌ഷോര്‍-118( വൃക്ക-75, കരള്‍-43). നിംസ്‌ കോഴിക്കോട്‌-107 (വൃക്ക-68, കരള്‍-35, ഹൃദയം-മൂന്ന്‌) എന്നിങ്ങനെയാണ്‌ നൂറിലധികം ശസ്‌ത്രക്രിയകള്‍ നടന്നിട്ടുള്ള സ്വകാര്യ ആശുപത്രികള്‍. കൊച്ചി ആസ്‌റ്റര്‍ മെഡിസിറ്റി (61), മെഡിക്കല്‍ ട്രസ്‌റ്റ്‌ (39), പി.വി.എസ്‌ ആശുപത്രി (16), കോഴിക്കോട്‌ ബേബി മെമ്മോറിയല്‍(19) എന്നിവിടങ്ങളിലും അവയവ മാറ്റ ശസ്‌ത്രക്രിയകള്‍ നടക്കുന്നുണ്ട്‌.

സംസ്‌ഥാനത്ത്‌ മൂന്നു മെഡിക്കല്‍ കോളജുകളില്‍ മാത്രമാണ്‌ ഈ കാലയളവില്‍ അവയവമാറ്റ ശസ്‌ത്രക്രിയകള്‍ നടന്നിട്ടുള്ളത്‌. തിരുവനന്തപുരത്താണ്‌ ഏറ്റവും കൂടുതല്‍. 106 പേര്‍ക്കാണ്‌ (കിഡ്‌നി 105, കരള്‍ ഒന്ന്‌) ഇവിടെ അവയവം മാറ്റിവച്ചത്‌. കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയം മാറ്റിവയ്‌ക്കലിന്‌ പുറമേ 51 പേര്‍ക്ക്‌ കിഡ്‌നിയും മാറ്റിവച്ചു. കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ 58 കിഡ്‌നി മാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയ നടന്നു.