
തിരുവനന്തപുരം: മല്ലപ്പള്ളി സ്വദേശികളുടെ പത്തു മാസം പ്രായമുള്ള കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ നാലു കുഞ്ഞുങ്ങൾക്ക് പുതുജീവിതമേകും. ഇന്നലെ രാത്രി പത്തരയോടെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ എത്തിച്ച അവയവങ്ങൾ ശസ്ത്രക്രിയയിലൂടെ മാറ്റിവെക്കുകയാണ്.
ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയിൽ കരൾ മാറ്റിവെക്കുന്നത്. അതി സങ്കീർണമായ ശസ്ത്രക്രിയ തുടരുകയാണ്. വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പത്തു വയസ്സുള്ള കുട്ടിക്കാണ് ദാനം ചെയ്തത്.
ഈ ശസ്ത്രക്രിയയും നടന്നു. ഹൃദയ വാൽവ് ശ്രീചിത്ര ആശുപത്രിയിലും നേത്രപടലങ്ങൾ അമൃത ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ചിന് ഉച്ചയ്ക്ക് 2.30ഓടെ കോട്ടയം പള്ളത്തുവച്ച് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷെറിനും മാതാവ് ജെസി ജോണും പിതാവ് രാജൻ ജോണും കാറിലുണ്ടായിരുന്നു.
പരിക്കേറ്റ ഇവർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ധ്യാപികയായ ഷെറിൻ കോട്ടയത്ത് ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം രാത്രി വൈകി ബന്ധുക്കൾക്ക് കൈമാറി.
സംസ്‌കാരം നെടുങ്ങാടപ്പള്ളി സി.എസ്.ഐ പള്ളിയിൽ പിന്നീട് നടത്തും. സി.എസ്.ഐ സഭ യുവജനസഖ്യം മദ്ധ്യകേരള ഇടവക ഭാരവാഹിയായ പിതാവ് അരുൺ മല്ലപ്പള്ളിയിൽ അക്ഷയ സെന്റർ നടത്തുകയാണ്.
4 പേർക്ക് പുതുജീവനേകിയാണ് കുഞ്ഞ് ആലിൻ ഷെറിന്റെ മടക്കം. ദാനംചെയ്യുന്ന ഹൃദയവാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും കിഡ്നി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുമാണ് എത്തിക്കുന്നത്.
കണ്ണുകൾ അമൃത ആശുപത്രിയിലെ നേത്രബാങ്കിന് കൈമാറി. കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെസോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്.
അമൃതയിൽ നിന്ന് 7.12ഓടെ മെഡിക്കൽസംഘം അവയവങ്ങളുമായി പുറത്തേക്കെത്തി. തുടർന്ന് പ്രത്യേകം സജ്ജീകരിച്ചിരുന്ന ആംബുലൻസിലേക്ക് മാറ്റി.
നടപടികൾ പൂർത്തിയാക്കി പൊലീസ് അകമ്പടിയോടെ 7.13ന് ആംബുലൻസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോ. വർഗീസ് എൽദോ ആംബുലൻസിനെ അനുഗമിച്ചു. ആംബുലൻസ് ആദ്യം കിംസിലും പിന്നീട് തിരുവനനന്തപുരം മെഡിക്കൽ കോളേജിലുമെത്തി.
കുരുന്ന് ആലിൻ ഷെറിൻ എബ്രഹാമിന് അമൃത ആശുപത്രി ആദരമർപ്പിച്ചു. മൃതദേഹത്തിൽ അധികൃതർ റീത്ത് സമർപ്പിച്ചു. ജീവനക്കാർ വിളക്ക് തെളിച്ചും സെക്യൂരിറ്റി ജീവനക്കാർ സല്യൂട്ട് നൽകിയും ആലിൻ ഷെറിനെ യാത്രയാക്കി.



