play-sharp-fill
ലക്ഷങ്ങൾ വിലവരുന്ന ഓറഞ്ച് ലൈനെന്ന അപൂർവ്വയിനം ബ്രൗൺ ഷുഗറുമായി യുവാവ് എക്‌സൈസ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന ഓറഞ്ച് ലൈനെന്ന അപൂർവ്വയിനം ബ്രൗൺ ഷുഗറുമായി യുവാവ് എക്‌സൈസ് പിടിയിൽ

 

സ്വന്തം ലേഖകൻ

കൊച്ചി: ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മുന്തിയ ഇനംബ്രൗൺ ഷുഗറായ ഓറഞ്ച് ലൈനുമായി യുവാവ് പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദബാദ് സ്വദേശി കരീം ഭായി എന്നു വിളിക്കുന്ന ലൽട്ടു ഷേക്ക് (29) ആണ് ബ്രൗൺഷുഗറുമായി അറസ്സിലായത്. ആലുവ എക്‌സൈസ് ഷാഡോ സംഘമാണ് ഇയാളെ കൊച്ചിയിൽ നിന്നും പിടികൂടിയത്. കേരള എക്‌സൈസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വെറും മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാൽ മണിക്കൂറുകളോളം ലഹരി നിൽക്കുന്നതും അത്യന്തം അപകടകാരിയുമാണ് ഓറഞ്ച് ലൈൻ. രണ്ട് മില്ലിഗ്രാം ബ്രൗൺഷുഗറിന് 3000 രൂപ വരെയാണ് ഉപഭോക്താക്കൾക്കിടയിൽ ഓറഞ്ച് ലൈനിന്റെ വില. ഓറഞ്ച് ലൈനിന്റെ അമിത ഉപയോഗംമുലം രക്തസമ്മർദവും ഹൃദയാഘാതവും സംഭവിക്കാം. ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ സ്വകാര്യ റിസോർട്ടുകളിലേക്ക് എത്തിക്കുന്നതാണ് ഇത്തരം മയക്കുമരുന്നുകൾ. ഇടനിലക്കാരുടെ മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് കൊച്ചിയിലേക്ക് മയക്കുമരുന്നുകൾ എത്തിച്ചു നൽകുന്നത്. കൊൽക്കത്തയിലെ സിൽദാ എന്ന സ്ഥലത്തു നിന്നുമാണ് ലഹരി മാഫിയകൾ കരിം ഭായിക്ക് മയക്കുമരുന്നുകൾ കൈമാറിയിരുന്നത്. 5 ഗ്രാം ഓറഞ്ച് ലൈൻ പോലും കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിനതടവ് ലഭിക്കുന്ന കുറ്റമാണ്. നഗരത്തിൽ ആഘോഷങ്ങളുടെ ഭാഗമായി റേവ് പാർട്ടികൾ സംഘടിപ്പിക്കുന്ന സംഘമാണ് ലഹരി മാഫിയകളുടെ കണ്ണിയെന്ന് എക്‌സൈസ് ഷാഡോ സംഘം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള എക്‌സൈസ് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കൊച്ചിലെ സ്വകാര്യ റിസോട്ടുകളിൽ ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന റേവ് പാർട്ടികളിലേയ്ക്ക് വൻതോതിൽ മയക്കുമരുന്നുകൾ എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണി ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘത്തിന്റെ പിടിയിലായി. പശ്ചിമ ബംഗാൾ, മുർഷിദബാദ് സ്വദേശി കരിം ഭായ് എന്ന് വിളിക്കുന്ന ലൽട്ടു ഷേക്ക് (29) എന്നയാളാണ് അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ബ്രൗൺഷുഗറുമായി പിടിയിലായത്. ഉപഭോക്താക്കൾക്കിടയിൽ ‘ഓറഞ്ച് ലൈൻ ‘ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ മയക്കുമരുന്നിന് ആവശ്യക്കാർ ഏറെയാണ്. രണ്ട് മില്ലിഗ്രാം ബ്രൗൺ ഷുഗറിന് 3000 രൂപയാണ് ഇടാക്കുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞു. റേവ് പാർട്ടികൾ സംഘടിപ്പിക്കുന്ന ഇടനിലക്കാരുടെ മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് ഇയാൾ മയക്ക് മരുന്ന് എത്തിച്ച് കൊടുത്തിരുന്നത്. കൽക്കത്തയ്ക്ക് അടുത്ത് സിയാൽദാ എന്ന സ്ഥലത്ത് നിന്നാണ് ലഹരി മാഫിയ സംഘങ്ങൾ മയക്ക് മരുന്ന് കൈമാറുന്നതിന് കരിം ഭായിയെ ചുമതലപ്പെടുത്തി കൊച്ചിയിലേക്ക് അയച്ചത്. ഈ ഇനത്തിൽപ്പെടുന്ന 5 ഗ്രാം മയക്ക് മരുന്ന് കൈവശം വയ്ക്കുന്നത് പത്ത് വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണ്. വെറും മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാൽ ഇതിന്റെ ലഹരി മണിക്കൂറുകളോളം നിലനിൽക്കുന്നതിനാൽ ഡി ജെ പാർട്ടികൾക്ക് ഇത് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. എന്നാൽ ഇതിന്റെ ഉപയോഗക്രമം പാളിയാൽ അമിത രക്തസമ്മർദം മൂലം ഹൃദയാഘാതം സംഭവിക്കാൻ ഇടയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. ക്രിസ്മസ് ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി മയക്ക് മരുന്ന് മാഫിയ സംഘങ്ങൾക്കെതിരെ അതീവ ജാഗ്രത പുലർത്തുന്നതിനായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്.രഞ്ജിത്തിന്റെ മേൽനോട്ടത്തിൽ ആലുവ റേഞ്ചിൽ രൂപികരിച്ചിട്ടുള്ള ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഷാഡോ സംഘത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഒരു മാസത്തിന് മുൻപ് മയക്ക് മരുന്നുമായി പിടിയിലായ ബംഗാൾ സ്വദേശിയിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊച്ചിയിലെ പല റിസോട്ടുകളും എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കൊച്ചി പനമ്ബിള്ളി നഗറിലുള്ള ഇടനിലക്കാരന് മയക്ക് മരുന്ന് കൈമാറുന്നതിന് ആലുവ മെട്രോ സ്റ്റേഷന് സമീപം നിൽക്കുകയായിരുന്ന ഇയാളെ ഷാഡോ സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. ഇൻസ്‌പെക്ടർ ടി.കെ.ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ.കെ. ഷാജി, ഷാഡോ ടീം അംഗങ്ങളായ എൻ ഡി ടോമി, എൻ ജി അജിത്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ പ്രശാന്ത്, സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.