play-sharp-fill
കർണാടകയിൽ ഓപ്പറേഷൻ താമര:ഏഴ് കോൺഗ്രസ് എം.എൽ.എമാരെ കാണാനില്ല

കർണാടകയിൽ ഓപ്പറേഷൻ താമര:ഏഴ് കോൺഗ്രസ് എം.എൽ.എമാരെ കാണാനില്ല

സ്വന്തംലേഖിക

 

ബംഗളൂരു: കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയാൽ കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാരിനെ താഴെയിറക്കുമെന്നാണ് ബി.ജ.പിയുടെ അവകാശവാദം. ഈ അവകാശവാദങ്ങൾക്ക് ശക്തി പകരുന്ന കാഴ്ചയാണ് കർണാടക രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ ചേർന്ന കോൺഗ്രസിന്റെ നിയമസഭ കക്ഷിയോഗത്തിൽ ഏഴ് എം.എൽ.എമാർ പങ്കെടുക്കാത്തത് കോൺഗ്രസിനെ വീണ്ടും കുഴപ്പത്തിലാക്കുകയാണ്.തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ 20 കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ അറിയിച്ചിരുന്നു. ഇപ്പോൾ കോൺഗ്രസിന്റെ ഏഴ് എം.എൽ.എമാരുടെ സാന്നിദ്ധ്യക്കുറവ് ബി.ജെ.പിയുടെ നീക്കമാണോ എന്ന് വ്യക്തമല്ല.മുൻ മുഖ്യമന്ത്രി സിദ്ധരമായ്യയ്ക്കും കെ.സി വേണുഗോപാലിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച മുൻ മന്ത്രി കൂടിയായ ആർ റോഷൻ ബെയ്ഗ്, രമേശ് ജാർഖിഹോളി അടക്കം ഏഴ് എം.എൽ.എമാരാണ് യോഗത്തിന് എത്താതിരുന്നത്. അതേസമയം, വിമത എം.എൽ.എമാരായ കെ സുധാകർ, മഹേഷ് കുമത്തള്ളി, ബി നാഗേന്ദ്ര, ബിസി പാട്ടീൽ എന്നിവർ യോഗത്തിന് എത്തിയിരുന്നു.എം.എൽ.എമാരുടെ സാന്നിദ്ധ്യക്കുറവ് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള ബി.ജെ.പിയുടെ സുവർണാവസരമായാണ് കണക്കാക്കുന്നത്. തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ കർണാടകത്തിൽ ഓപ്പറേഷൻ താമര സജീവമാക്കിയിരുന്നു. പണവും പദവിയും വാഗ്ദാനം ചെയ്ത് എം.എൽ.എമാരെ മറുകണ്ടം ചാടിക്കാൻ ബി.ജെ.പി പലപ്പോഴായി ശ്രമിച്ചിരുന്നു.അതേസമയം, 79 ൽ 72 എംഎൽഎമാർ യോഗത്തിന് എത്തിയിരുന്നു. അഞ്ച് പേർ അവധിയിൽ പോകുന്ന കാര്യം അറിയിച്ചിരുന്നു. എന്നാൽ രമേഷ് ജർഖിഹോളിയെ കുറിച്ചും റോഷൻ ബെയ്ഗിനെ കുറിച്ചും യാതൊരു വിവരവുമില്ലെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മാദ്ധ്യമങ്ങളോട് പറഞ്ഞു.ഇതിനിടെ വടക്കൻ കർണാടകത്തിൽ നിർണ്ണായക സ്വാധീനമുള്ള രമേഷ് ജാർഖിഹോളിക്കൊപ്പം മേഖലയിലെ ആറ് കോൺഗ്രസ് എം.എൽ.എമാരെ രാജിവയ്പ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ഇടഞ്ഞ് നിൽക്കുന്ന എം.എൽ.എമാർക്ക് മന്ത്രി പദം നൽകി അനുനയിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു കോൺഗ്രസും-ജെഡിഎസും.