
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ കീഴിലെ തിരഞ്ഞെടുത്ത ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളും, ഡ്രൈവിംഗ് സ്കൂളുകളും കേന്ദ്രീകരിച്ച് വിജിലൻസ്പരിശോധന. ഉദ്യോഗസ്ഥ കൈക്കൂലിയും ഡ്രൈവിംഗ് സ്കൂളുകാരുടെ സ്വാധീനവും മൂലം പരിശീലനം നല്ലരീതിയിൽ പൂർത്തിയാകാത്തത് വാഹനാപകടങ്ങളുടെ തോത് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടന്നത്.
ഗ്രൗണ്ട് ടെസ്റ്റ് നടത്തുന്ന വേളയിൽ വീഡിയോ റെക്കോർഡ് ചെയ്ത് സൂക്ഷിക്കണമെന്ന ഉത്തരവ് ചില മോട്ടോർ വാഹന വകുപ്പ് ഉദ്ദ്യോഗസ്ഥർ പാലിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. ഗ്രൗണ്ടിലെ ക്യാമറകൾ പ്രവർത്തിക്കാതിരുന്നാൽ അവ നന്നാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാതെ കൈക്കൂലി വാങ്ങി ജയിപ്പിച്ചു വിടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചില ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ലൈസൻസ് ലഭിക്കുന്നതിന് വേണ്ടി യോഗ്യതയുള്ള ഒരു ഇൻസ്ട്രക്ടറെ പരിശീലകരായി കാണിച്ച് ലൈസൻസ് നേടിയെടുത്ത ശേഷം ഈ പരിശീലകൻ ഡ്രൈവിംഗ് സ്കൂളുകളിൽ ഹാജരാകാറില്ലെന്നും ചില സ്കൂളുകളിൽ ക്ലാസ് എടുക്കാനുള്ള സൗകര്യങ്ങൾ പോലുമില്ലെന്നുമാണ് കണ്ടെത്തൽ.
ജോയിന്റ് ആർ.ടി.ഒമാർ ഡ്രൈവിംഗ് സ്കൂളുകൾ പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ് നിഷ്കർഷിക്കുന്ന പ്രകാരമുള്ള പരിശീലനം നൽകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്. സ്കൂളുകളിൽ സൂക്ഷിച്ചിട്ടുള്ള ഡ്രൈവിംഗ് സ്കൂൾ ഇൻസ്പെക്ഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും റിപ്പോർട്ട് മേലെധികാരികൾക്ക് അയച്ചുകൊടുക്കേണ്ടതുമാണ്. എന്നാൽ ഇവ കൃത്യമായി നടക്കുന്നില്ലെന്ന് വിജലൻസ് കണ്ടെത്തി.