
തേർഡ് ഐ ബ്യൂറോ
കോട്ടയം: കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും ഇത് വാട്‌സ്അപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കോട്ടയത്ത് മൂന്നു പേർ പിടിയിൽ. അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ചങ്ങനാശേരി പെരുന്ന സ്വദേശി നിധിൻ (21), മോനിപ്പള്ളി കണിയാമ്പാറ സ്വദേശി സജി (45), വൈക്കം തോട്ടകം സ്വദേശി അഖിൽ ദാസ് (21) എന്നിവരെയാണ് ഓപ്പറേഷൻ പി.ഹണ്ടിന്റെ ഭാഗമായി ജില്ലാ ക്രൈം ബ്രാഞ്ച് – സൈബർ സെൽ ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മുണ്ടക്കയം വണ്ടമ്പതാൽ സ്വദേശിയായ വിനീതിനെതിരെയും, കോട്ടയം നഗരത്തിൽ താമസിക്കുന്ന തൃശൂർ സ്വദേശിയ്‌ക്കെതിരെയും കേസെടുക്കുകയും ചെയ്തു. അഞ്ചു മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടെലഗ്രാമിലെയും വാട്‌സ്അപ്പിലെയും അക്കൗണ്ടുകൾ വഴി അശ്ലീല വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച സംഭവത്തിലാണ് പ്രതികൾ പിടിയിലായത്. സംസ്ഥാന വ്യാപകമായി സൈബർ സെൽ കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന സംഘത്തെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കോട്ടയം ജില്ലയിലും പരിശോധന നടത്തിയത്.
വിവിധ വ്യാജ പേരുകളിൽ വാട്‌സ്അപ്പിലും, ഇൻസ്റ്റാഗ്രാമിലും ഗ്രൂപ്പുകൾ തുടങ്ങിയ ശേഷം കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന കോട്ടയം സ്വദേശികളെപ്പറ്റി, ഇന്റർപോളാണ് വിവരങ്ങൾ നൽകിയത്. തുടർന്നാണ്, പൊലീസ് സംഘം അന്വേഷണം നടത്തിയത്. ജില്ലാ സൈബർ സെൽ സംഘമാണ് പരിശോധനകൾക്കു നേതൃത്വം നൽകിയത്. അതത് പൊലീസ് സ്റ്റേഷനുകളിൽ നിന്നും സൈബർ സെല്ലിനു സഹായവും ലഭിച്ചിരുന്നു. പ്രതികൾക്കെതിരെ കേസെടുത്തു പതിനായിരങ്ങൾ വില വരുന്ന ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.