ഓപ്പറേഷൻ മുണ്ടൻസ് ഹണ്ടിന്റെ വാർത്ത ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തു: പിറ്റേന്ന് പ്രതി പിടിയിലായി; പിടിയിലായത് ജില്ലയിലെ നിരവധി മാല മോഷണക്കേസുകളിലെ പ്രതിയായ യുവാവ്
ക്രൈം ഡെസ്‌ക്
കോട്ടയം: ഓപ്പറേഷൻ മുണ്ടൻസ് ഹണ്ടിന്റെ വാർത്ത ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തതിനു പിന്നാലെ നിരവധി മാല മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പിടിയിലായി. കോട്ടയം, ഏറ്റുമാനൂർ, മണർകാട്, അയർക്കുന്നം, പാമ്പാടി എന്നിവിടങ്ങളിൽ സ്‌കൂട്ടറിൽ കറങ്ങി നടന്ന് മോഷണം നടത്തിയ യുവാവാണ് പിടിയിലായത്. പാലാ മുത്തോലി തെക്കുംമുറി വാഴപ്പള്ളിക്കുന്നേൽ വിഷ്ണു ജയനെയാണ് (25) ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ചയിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സ്‌കൂട്ടറിലെത്തിയ സംഘം മാല മോഷ്ടിച്ച് കടന്നിരുന്നു. നമ്പർ പ്ലേറ്റില്ലാത്ത സ്‌കൂട്ടറിൽ കറങ്ങി നടന്നാണ് യുവാവ് മാല മോഷ്ടിച്ച് രക്ഷപെട്ടിരുന്നത്. പൊലീസ് സംഘം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും പ്രതിയെപ്പറ്റി വ്യക്തമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന മാലമോഷണക്കേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനു വേണ്ടിയാണ് പരിശോധന ശക്തമാക്കിയത്. തുടർന്നാണ് മോഷണം നടന്ന സ്ഥലങ്ങളിലെല്ലാം നടത്തിയ പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയത്. നമ്പർ പ്ലേറ്റില്ലാത്ത സ്‌കൂട്ടറിൽ എത്തിയ യുവാവാണ് മോഷണം നടത്തുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഈ ചിത്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കേസിലെ പ്രതിയായ വിഷ്ണുവിനെ കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ റിമാൻഡ് ചെയ്തു.
ആലപ്പുഴയിൽ മുണ്ടുടുത്ത് ബൈക്കിലെത്തി മോഷണം നടത്തുന്ന സംഘത്തെ പിടികൂടിയ ഓപ്പറേഷൻ മുണ്ടൻസ് ഹണ്ട് വാർത്ത ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തതിനു പിന്നാലെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സ്ക്വാഡ് അംഗങ്ങളായ എസ് ഐ അനിൽ കുമാർ , എ.എസ്.ഐ ഷിബുക്കുട്ടൻ , സിനോയ് മോൻ തോമസ് , സിവിൽ പൊലീസ് ഓഫിസർ ശ്യാം എസ് നായർ , അയർക്കുന്നം പൊലീസ് സ്റ്റേഷനിലെ മാർട്ടിൻ , അജിത്ത് , ഗ്രിഗോറിയസ് , രാജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group