ഓപ്പറേഷന്‍ കാവൽ; കരുതല്‍ അറസ്റ്റടക്കം പൊലീസിന്റെ ഇടപെടല്‍ ശക്തമാക്കിയതോടെ കോട്ടയം ജില്ലയില്‍ ഗുണ്ടകളുടെ വിളയാട്ടം കുറയുന്നു; നൂറോളം പേർ നിരീക്ഷണത്തിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയില്‍ കരുതല്‍ അറസ്റ്റടക്കം പൊലീസിന്റെ ഇടപെടല്‍ ശക്തമാക്കിയതോടെ ഗുണ്ടകളുടെ വിളയാട്ടം കുറയുന്നു.

ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായാണ്‌ ഗുണ്ടകള്‍ക്കെതിരെ നടപടി ശക്തമാക്കിയത്‌. യുവാവിനെ കൊന്ന്‌, മൃതദേഹം കോട്ടയം ഈസ്റ്റ്‌ പൊലീസ്‌ സ്‌റ്റേഷന്‌ മുന്നില്‍ കൊണ്ടിട്ട സംഭവം അടുത്തിടെ വലിയ വിവാദമായിരുന്നു. കോട്ടയത്തും പരിസരപ്രദേശത്തും ഗുണ്ടകളുടെ വിളയാട്ടം പെരുകുന്നതിന്റെ സൂചനയായിരുന്നു ഇത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ജില്ലാ പൊലീസ്‌ ആരംഭിച്ച ഓപ്പറേഷന്‍ കാവല്‍ ഈ സംഭവത്തിന് ശേഷം ശക്തമാക്കി. ശേഷം കോട്ടയം സബ്‌ഡിവിഷന്‍ പരിധിയില്‍ നിന്ന്‌ നാല്‌ ക്രിമിനലുകളെ കാപ്പ ചുമത്തി പുറത്താക്കി. വിവിധ ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ട പിടികിട്ടാപ്പുള്ളികള്‍ അടക്കമുള്ളവരെ അറസ്റ്റ്‌ ചെയ്‌തു.

ജില്ലയില്‍ രണ്ടിലധികം കേസുകളില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പ്രവര്‍ത്തനങ്ങള്‍ പൊലീസ്‌ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നൂറോളം പേരെയാണ്‌ ഒരുദിവസം നിരീക്ഷിക്കുന്നത്‌. ഇവരുടെ വീട്ടിലെത്തുകയോ സ്‌റ്റേഷനില്‍ വളിച്ചുവരുത്തുകയോ ചെയ്യും.

ഇത്‌ രണ്ടും സാധ്യമല്ലെങ്കില്‍ വീഡിയോ കോള്‍ ചെയ്യും. ലൊക്കേഷന്‍ പരിശോധിക്കും. കോട്ടയം സബ്‌ഡിവിഷന്‍ പരിധിയില്‍ മാത്രം ഇത്തരത്തില്‍ 145 പേര്‍ നിരീക്ഷണത്തിലുണ്ട്‌.

കാപ്പ പ്രകാരമുള്ള നാടുകടത്തല്‍ മുറയ്‌ക്ക്‌ നടക്കുന്നുണ്ടെങ്കിലും അത്‌ എത്രമാത്രം ഫലപ്രദമാണെന്ന ചോദ്യം ബാക്കിയാണ്. ജില്ലയില്‍ പ്രവേശിക്കരുതെന്ന നിര്‍ദേശം ലഭിക്കുന്ന ഇവര്‍ അതിര്‍ത്തിവിട്ട ശേഷം എന്ത്‌ ചെയ്യുന്നെന്ന്‌ പരിശോധിക്കാനുള്ള സംവിധാനമോ നിയമമോ നിലവിലില്ല.

പലരും റോഡരികിലും ബസ്‌സ്‌റ്റാന്‍ഡിലും റെയില്‍വേ സ്‌റ്റേഷനിലും സുഹൃത്തുക്കളുടെ വീടുകളിലുമായി കഴിയുകയാണ്‌ പതിവ്‌.
കാപ്പ കുറ്റവാളികള്‍ ജില്ല വിട്ടശേഷം വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു.

ഭൂരിഭാഗംപേരും കാപ്പ ഉപദേശകസമിതിയെ സമീപിച്ച്‌ ഇളവ്‌ നേടി ജില്ലയില്‍ തിരിച്ചെത്തും. ഇത്തരത്തില്‍ ഇളവ്‌ ലഭിച്ച പ്രതിയാണ്‌ യുവാവിനെ കൊന്ന്‌ ഈസ്റ്റ്‌ പൊലീസ്‌ സ്‌റ്റേഷന്‌ മുന്നിലിട്ടത്‌. ഇതോടെ കാപ്പ ചുമത്തുന്ന പ്രതികള്‍ക്ക്‌ ഇളവുകൊടുക്കരുതെന്ന്‌ വ്യാപകമായി ആവശ്യമുയര്‍ന്നു.

കാപ്പ ഉപദേശകസമിതി കഴിഞ്ഞദിവസം പുനസംഘടിപ്പിച്ചിട്ടുണ്ട്‌.
രാത്രി കരുതല്‍ അറസ്റ്റ്‌ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട്‌ ജാമ്യത്തിലിറങ്ങിയവരെ രാത്രി 10 വരെ കരുതല്‍ അറസ്റ്റില്‍ വയ്‌ക്കുന്നുണ്ട്‌. ശനി, ഞായര്‍ ദിവസങ്ങളിലാണ്‌ കൂടുതല്‍ പേരെ കരുതലിലുള്ളത്‌. ഒരാളെ കാപ്പ പ്രകാരം ജയിലിലുമാക്കി.

കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട കങ്ങഴ തകിടിയേല്‍ അബിനെയാണ്‌ ജയിലിലടച്ചത്‌. ഇടയിരിക്കപ്പുഴ ഭാഗത്ത്‌ ആരാധനാലയങ്ങള്‍ ആക്രമിച്ച്‌ വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്‌ ഇയാള്‍. കോട്ടയം സബ്‌ഡിവിഷനില്‍ ഇതുവരെ നാല് പേരുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്‌ റിപ്പോര്‍ട്ട്‌ നല്‍കി.
ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണിത്‌.

കാപ്പ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്‌. അറിയപ്പെടുന്ന ക്രിമിനലായ ആര്‍പ്പൂക്കര പിഷാരത്ത്‌ വിഷ്‌ണുദത്തിനെയാണ്‌ അവസാനമായി ജില്ലയില്‍ നിന്ന്‌ പുറത്താക്കിയത്‌. ഒരു വഷത്തേക്കാണ്‌ പുറത്താക്കല്‍.

കുപ്രസിദ്ധ കുറ്റവാളിയായ വെള്ളാവൂര്‍ ഉള്ളായം വാഹനാനില്‍ ഹരീഷ്‌ ബാബുവിനെ ചുങ്കത്തെ ഒളിസങ്കേതത്തില്‍ നിന്ന്‌ സാഹസികമായി പൊലീസ്‌ പിന്തുടര്‍ന്ന്‌ പിടികൂടി. ഒളിവില്‍ കഴിയുന്നവരെയും പിടികിട്ടാപ്പുള്ളികളെയും പ്രത്യേക ഓപറേഷനുകളിലൂടെ പിടികൂടുന്നുണ്ട്‌.