
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ കരുതല്‍ അറസ്റ്റടക്കം പൊലീസിന്റെ ഇടപെടല്‍ ശക്തമാക്കിയതോടെ ഗുണ്ടകളുടെ വിളയാട്ടം കുറഞ്ഞു.
ഓപ്പറേഷന് കാവലിന്റെ ഭാഗമായാണ് ഗുണ്ടകള്‍ക്കെതിരെ നടപടി ശക്തമാക്കിയത്. യുവാവിനെ കൊന്ന് മൃതദേഹം കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ട സംഭവം അടുത്തിടെ വലിയ വിവാദമായിരുന്നു. കോട്ടയത്തും പരിസരപ്രദേശത്തും ഗുണ്ടകളുടെ വിളയാട്ടം പെരുകുന്നതിന്റെ സൂചനയായിരുന്നു ഇത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ജില്ലാ പൊലീസ് ആരംഭിച്ച ഓപ്പറേഷന് കാവല്‍ ഈ സംഭവത്തിന് ശേഷം ശക്തമാക്കി. കോട്ടയം ജില്ലയിൽ കാപ്പ ചുമത്തി നിരവധി ഗുണ്ടകളെ പുറത്താക്കി. വിവിധ ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ട പിടികിട്ടാപ്പുള്ളികള്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു.
ജില്ലയില്‍ രണ്ടിലധികം കേസുകളില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പ്രവര്‍ത്തനങ്ങള്‍ ഡിവൈഎസ്പിമാർ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. നൂറോളം പേരെയാണ് ഒരുദിവസം ഇത്തരത്തിൽ നിരീക്ഷിക്കുന്നത്. ഡിവൈഎസ്പിമാർ ഇവരുടെ വീട്ടിലെത്തുകയോ ഓഫീസിൽ വളിച്ചുവരുത്തുകയോ ചെയ്യും.
വൈക്കം സബ്ഡിവിഷനിൽ ഡിവൈഎസ്പി എ.ജെ തോമസും,
കോട്ടയം സബ്ഡിവിഷനിൽ ഡിവൈഎസ്പി ജെ. സന്തോഷ് കുമാറും, പാലാ സബ്ഡിവിഷനിൽ ഡിവൈഎസ്പി ഷാജു ജോസും, കാഞ്ഞിരപ്പള്ളി സബ്ഡിവിഷനിൽ ഡിവൈഎസ്പി ബാബുക്കുട്ടനും, ചങ്ങനാശ്ശേരി സബ്ഡിവിഷനിൽ ഡിവൈഎസ്പി ശ്രീകുമാറും നേരിട്ടാണ് ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന് നേതൃത്വം വഹിക്കുന്നത്. ഇവർ ഗുണ്ടകളെ നേരിട്ട് കണ്ട് അവരുടെ അതാത് ദിവസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഗുണ്ടാപ്രവർത്തനങ്ങൾ നടത്തുന്നത് അടക്കമുള്ള കാര്യങ്ങൾ പഠിക്കുകയും, വിലയിരുത്തുകയും ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് ചെയ്യുകയുമാണ് ചെയുന്നത്. ഇത്തരത്തിൽ ഡിഐജി നീരജ്കുമാർ ഗുപ്തയുടേയും, ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടേയും നേരിട്ടുള്ള മേൽനോട്ടത്തിൽ ഡിവൈഎസ്പിമാർ തന്നെ ഗുണ്ടകളെ ഒതുക്കാൻ രംഗത്തിറങ്ങിയതോടു കൂടി ജില്ലയിലെ ഗുണ്ടാവിളയാട്ടത്തിന് ഗണ്യമായ കുറവ് വന്നു.
കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കുന്നവരിൽ
ഭൂരിഭാഗം പേരും കാപ്പ ഉപദേശകസമിതിയെ സമീപിച്ച് ഇളവ് നേടി ജില്ലയില്‍ തിരിച്ചെത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ഇളവ് ലഭിച്ച പ്രതിയാണ് യുവാവിനെ കൊന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലിട്ടത്. ഇതോടെ കാപ്പ ചുമത്തുന്ന പ്രതികള്‍ക്ക് ഇളവുകൊടുക്കരുതെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നു.



