
കട്ടക്: ഒഡീഷയിലെ ബെർഹാംപൂരിലെ സർക്കാർ മൃഗാശുപത്രിയിൽ തെരുവ് പശുവിൻ്റെ വയറ്റിൽ നിന്ന് നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഏകദേശം 50 കിലോഗ്രാം പോളിത്തീൻ മാലിന്യം നീക്കം ചെയ്തു.
മൂന്ന് ദിവസം മുമ്പ് ഹിൽപട്ന പ്രധാന റോഡിൽ വേദന കൊണ്ട് പുളയുന്ന നിലയിൽ കണ്ടെത്തിയ പശുവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചതായിരുന്നു. പശുവിന്റെ വയറ്റിലും കുടലിലും പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകിടക്കുന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. തുടർന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.
ദഹനനാളത്തിനുള്ളിൽ വരെ കുരുങ്ങിയ പോളിത്തീൻ കവറുകൾ വേർതിരിച്ച് എടുക്കേണ്ടി വന്നതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ സത്യ നാരായൺ കർ പറഞ്ഞു. ആരോ ഉപേക്ഷിച്ച പശുവാണ് ഭക്ഷണം കിട്ടാതെ അലഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വയറുവേദന ലഘൂകരിക്കാൻ പ്രാഥമിക ശസ്ത്രക്രിയ നടത്തിയെങ്കിലും പശുവിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടില്ല. പിന്നാലെ വലിയ ശസ്ത്രക്രിയ നടത്താനുള്ള തീരുമാനമെടുത്തു. പ്ലാസ്റ്റിക്കിന്റെ അളവ് ദഹനനാളത്തെ പൂർണ്ണമായും തടസ്സപ്പെടുത്തുകയും ആന്തരിക അവയവങ്ങളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു. നാല് മണിക്കൂർ വേണ്ടി വന്നു ശസ്ത്രക്രിയ പൂർത്തിയാക്കാൻ.
കഴിഞ്ഞ വർഷവും തെരുവ് പശുവിൻറെ വയറ്റിൽ നിന്ന് മൃഗഡോക്ടർമാർ ഏകദേശം 30 കിലോ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്ത സംഭവം ഉണ്ടായിരുന്നു. പോളിത്തീൻ ബാഗുകളിൽ ഉപേക്ഷിക്കപ്പെടുന്ന ഭക്ഷണം കഴിച്ചതാണ് വെല്ലുവിളിയായത് എന്നായിരുന്നു കണ്ടെത്തൽ.
നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കപ്പെടുന്നു. ഇവയിൽ ഭക്ഷണ പദാർത്ഥങ്ങൾ ഉപേക്ഷിക്കുമ്പോൾ ഇവ തെരുവിൽ അലയുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും വരെ നേരിട്ട് അപകടകാരിയായി മാറുന്നു. കട്ടക്,ഭൂവനേശ്വർ നഗരങ്ങളിൽ വരെ ഇതേ സാഹചര്യമാണ് എന്നതാണ് പരാതി.