കുട്ടികളുടെ അശ്ലീല ചിത്ര പ്രേമികൾ കുടുക്കിലേയ്ക്ക് : ഓപ്പറേഷൻ പി-ഹണ്ട്: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച 41 പേര്‍ അറസ്റ്റില്‍; കോട്ടയം ജില്ലയിലും പരിശോധന
സ്വന്തം ലേഖകൻ
കോട്ടയം : ഓൺലൈനിൽ കുട്ടികളുടെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിച്ച 41 പേർ അറസ്റ്റിൽ. സംസ്ഥാന പൊലീസിനു കീഴിൽ സൈബർ ഡോം സഹായത്തോടെ പ്രവർത്തിക്കുന്ന ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ ഹൈടെക് അന്വേഷണത്തിലാണ് അറസ്റ്റ്. 362 സ്ഥലത്ത് പരിശോധന നടത്തി 268 കേസുകൾ രജിസ്റ്റർ ചെയ്യുകയും കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക്കുകൾ തുടങ്ങിയ 285 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി കോട്ടയം ജില്ലയിലും പരിശോധന നടത്തി.
ഏറ്റവും കൂടുതൽ അറസ്റ്റ് എറണാകുളത്തുനിന്നാണ്. സിറ്റിയിൽ മൂന്നും റൂറലിൽ ആറും. തിരുവനന്തപുരം സിറ്റിയിൽ രണ്ടും റൂറലിൽ നാലും അറസ്റ്റ്. മലപ്പുറത്ത് 47 കേസ് രജിസ്റ്റർ ചെയ്‌തപ്പോൾ തിരുവനന്തപുരം സിറ്റിയിൽ നാലും റൂറലിൽ 27ഉം കേസ്. എറണാകുളം സിറ്റി–- 13, റൂറൽ–- 21. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയുടെ നിർദേശപ്രകാരം സൈബർ ഡോം നോഡൽ ഓഫീസർ മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന. ഐജിമരായ എസ് ശ്രീജിത്, ഹർഷിത അട്ടല്ലൂരി, അശോക് യാദവ് എന്നിവർ നേതൃത്വം നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡാർക് നെറ്റും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുംവഴി കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ചാണ് ലൈംഗികചൂഷണം. ഉന്നതർവരെ കണ്ണികളാണ്. കോവിഡ്‌കാലത്ത് ചൂഷണം വർധിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു. സൈബർ ഡോമിനു കീഴിലുള്ള ‘കൗണ്ടറിങ് ചൈൽഡ് സെക്‌ഷ്വൽ എക്‌സ്‌പ്ലോയിറ്റേഷൻ’ (സിസിഎസ്‌ഇ) സംഘമാണ് ‘പി ഹണ്ട്’ നടത്തുന്നത്.
കോവിഡ്‌കാലത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പങ്കുവയ്‌ക്കാൻ ‘കൊറോണ ലൈഫ്’ ഗ്രൂപ്പും. മലയാളിക്ക് പ്രിയപ്പെട്ട പഴങ്ങളുടെയും ടിവി പരിപാടികളുടെയും കഥാപാത്രങ്ങളുടെയും പേരിലാണ് ഇതിനായുള്ള വാട്‌സാപ്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം ഗ്രൂപ്പുകൾ അധികവും. നാനൂറോളം മലയാളികൾ സജീവമായ ഇത്തരം ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ എൻസിഎംഇസി (നാഷണൽ സെന്റർ ഫോർ മിസ്സിങ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ) സംസ്ഥാന പൊലീസിന് കൈമാറിയിരുന്നു. ഇതുവഴി ചിത്രങ്ങളും വീഡിയോകളും പങ്കുവയ്‌ക്കുന്നവരുടെ ഐപി അഡ്രസും മറ്റ് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടികളുടെ വീടുകളിൽനിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഈ ഗ്രൂപ്പുകളിൽ ഉപയോഗിക്കുന്നത്.