video
play-sharp-fill
മദ്യവിരുദ്ധ സമരസമിതി പൂട്ടിച്ച ബ്രാണ്ടി കട കുടിയന്മാർ സമരം ചെയ്ത് തുറപ്പിച്ചു; ആദ്യം മദ്യം മേടിച്ചയാൾക്ക് മാലയിട്ട് സ്വീകരണവും നൽകി

മദ്യവിരുദ്ധ സമരസമിതി പൂട്ടിച്ച ബ്രാണ്ടി കട കുടിയന്മാർ സമരം ചെയ്ത് തുറപ്പിച്ചു; ആദ്യം മദ്യം മേടിച്ചയാൾക്ക് മാലയിട്ട് സ്വീകരണവും നൽകി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മദ്യ വിരുദ്ധ സമിതി പൂട്ടിച്ച പരുത്തിക്കുഴിയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് മദ്യപന്മാരുടെ കൂട്ടായ്മ ആറ് മാസത്തെ സമരം നടത്തി വീണ്ടും തുറപ്പിച്ചു. ആദ്യം മദ്യം വാങ്ങിയ ആൾക്ക് മാലയിട്ട് ആഘോഷപൂർവ്വം സ്വീകരണവും നൽകി. ആറുമാസം നീണ്ട പോരാട്ടം തന്നെയായിരുന്നു ഈ കാലഘട്ടം കുടിയന്മാർക്ക്. ബിവറേജസ് തുറക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് ഒരുകൂട്ടർ. എന്തുവന്നാലും തുറക്കണമെന്ന് ഉറപ്പിച്ച് മദ്യപരും. നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ വ്യാഴാഴ്ച രാവിലെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. സമരപന്തൽ പൊളിച്ചു. ഇതോടെ മദ്യപർക്ക് ആശ്വാസവുമായി. ഓട്ട്ലെറ്റ് തുറക്കുമെന്നറിഞ്ഞ് പാഞ്ഞെത്തിയവർ ബൈപ്പാസ് റോഡിലെ തിരക്കുകളെ മറികടന്നും പോലീസിനെ കൂസാതെയുമാണ് ആദ്യവരിയിൽ നിലയുറപ്പിച്ച് മദ്യം വാങ്ങിയത്. നീണ്ടപോരാട്ടത്തിനൊടുവിൽ വിജയാരവം മുഴക്കി മുൻവരിയിൽ നിന്നും കുപ്പിവാങ്ങിയിറങ്ങിയ മദ്യപനെ സഹകുടിയന്മാർ പൂമലയണിയിച്ച് സ്വീകരിക്കുകയും ചെയ്തു. സ്വർഗം കീഴടക്കിയ സന്തോഷത്തിലായിരുന്നു ആ പ്രഥമൻ. തിരുവനന്തപുരം മുട്ടത്തറയിലാണ് നിർണായക മുഹൂർത്തത്തിന് വേദിയായത്. ആറുമാസം മുൻപ് പരുത്തിക്കുഴി ബൈപാസിന് സമീപം തുറന്ന ബെവ്കോയുടെ ഔട്ട്ലെറ്റ് നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പ്രവർത്തിക്കാനാവാതെ അടച്ചിടുകയായിരുന്നു. മദ്യം വാങ്ങാനുള്ള തിരക്കിനേക്കാൾ ആദ്യം കുപ്പി കൈക്കലാക്കാനുള്ള മത്സരമായിരുന്നു പിന്നെ. അതിരറ്റ സന്തോഷത്തോടെ വരി നിന്ന് കുപ്പി കൈക്കലാക്കിയവർ ആഹ്ലാദത്താൽ മതിമറന്നു. പരസ്പരം പൂമാല ചാർത്തിയും നൃത്തം ചെയ്തും അവർ മതിമറന്ന് ആഘോഷിക്കുകയായിരുന്നു. മറ്റെവിടെയും കാണാത്ത പരസ്പരസഹകരണവും പരസ്പരബഹുമാനവും അവിടെ കാണാനുണ്ടായിരുന്നു