നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം: കുട്ടികള്‍ക്ക് ഒആര്‍എസ് കലക്കി നല്‍കിയത് വ‍ൃത്തിയില്ലാത്ത പാത്രത്തിൽ; കുട്ടികൾക്ക് ആവി പിടിക്കാനുള്ള സംവിധാനത്തിന്‍ ഉപയോഗിക്കുന്ന ട്യൂബ് മാറാതെ നല്‍കിയെന്നും ആക്ഷേപം

Spread the love

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടികള്‍ക്ക് ആശുപത്രിയില്‍ നിന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായി പരാതി. ആശുപത്രിയില്‍ വിവിധ സമയങ്ങളിലായി ചികിത്സയ്‌ക്കെത്തിയ എട്ടു കുട്ടികള്‍ക്കാണ് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. കുട്ടികള്‍ക്ക് ഒആര്‍എസ് കലക്കി നല്‍കുന്നത് വൃത്തിയില്ലാത്ത പാത്രത്തിലാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

അത്തരത്തിലുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ കഴിച്ച ഭക്ഷണമാണ് ഇതിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാൽ, ഈ പാത്രത്തിൽ നൽകിയത് മരുന്നുതന്നെയാണെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തെക്കുറിച്ച് വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായ നഴ്‌സിനെ മാതാപിതാക്കള്‍ വിവരം അറിയിച്ചിരുന്നു.

എന്നാല്‍, നാളെ നോക്കാമെന്നാണ് അവര്‍ മറുപടി നല്‍കിയതെന്നും കുട്ടികളെ ശ്രദ്ധിച്ചില്ലെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. ശേഷം ശനിയാഴ്ചയാണ് കുട്ടികള്‍ക്ക് ചികിത്സ ലഭിച്ചതെന്നും മാതാപിതാക്കള്‍ പറയുന്നു. പനിയും ശ്വാസതടസവുമായാണ് കുട്ടികളില്‍ പലരും ആശുപത്രിയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികള്‍ക്ക് ആവി പിടിക്കാനുള്ള സംവിധാനത്തിന്‍ ഉപയോഗിക്കുന്ന ട്യൂബ് മാറാതെ നല്‍കിയെന്നും ആക്ഷേപമുണ്ട്. കുട്ടികളാരും വയറിളക്ക രോഗങ്ങളുമായി ആശുപത്രിയിലെത്തിയവരല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് പറയുന്നു. കുട്ടികളുടെ വാര്‍ഡില്‍ പ്രവേശിപ്പിച്ച എട്ടു കുട്ടികളില്‍ ആറുകുട്ടികള്‍ക്ക് ഛര്‍ദ്ദിയും രണ്ടു കുട്ടികള്‍ക്ക് വയറിളക്കവുമുണ്ടായി.

അവരെല്ലാം ശ്വാസംതടസം, പനി, ചുമ തുടങ്ങിയ പ്രശ്‌നങ്ങളുമായി ആശുപത്രിയിലെത്തിയവരാണ്. അവര്‍ പല സ്രോതസുകളില്‍ നിന്നുളള ഭക്ഷണമാണ് കഴിച്ചത്. അവരാരും വയറിളക്കരോഗവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരോ ഒ.ആര്‍.എസ് കുടിച്ചവരോ അല്ലെന്നും അദ്ദേഹം പറയുന്നു. അവര്‍ക്ക് ഭക്ഷ്യവിഷബാധയാണ് ഉണ്ടായിരിക്കുന്നതെന്നും ഡോ.സന്തോഷ് പറയുന്നു.

മറ്റു അസുഖങ്ങളുമായി വന്നവര്‍ ഭക്ഷണം പങ്കുവെച്ച കഴിച്ചതില്‍ നിന്നും അസുഖങ്ങളുണ്ടായതാകും എന്നാണ് മനസിലാക്കുന്നത്. അതിനാല്‍ ഒ.ആര്‍.എസ് ലായനിയോ ആശുപത്രിയിലെ വെള്ളമോ കുടിച്ചുണ്ടായ പ്രശ്‌നമല്ല. വയറിളക്കരോഗത്തിന് ഇവിടെ നിന്ന് ഒ.ആര്‍.എസ് നല്‍കിയിട്ടില്ല. ആസമയത്ത് ഡ്യൂട്ടിയിലുള്ളവരില്‍ നിന്നും വീഴ്ചയൊന്നും പറ്റിയിട്ടില്ലെന്നും അദ്ദേഹംപറഞ്ഞു.

എന്നാല്‍, ഇതിനെ പൂര്‍ണമായും നിഷേധിക്കുകയാണ് മാതാപിതാക്കള്‍. പല സ്ഥലങ്ങളില്‍ നിന്നെത്തിയ കുട്ടികള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. പലരും വീടുകളിലെ ഭക്ഷണമാണ് കഴിച്ചിരിക്കുന്നത്. സംഭവത്തില്‍ ഡി.എം.ഒ.അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ കുട്ടികളെ മറ്റു വാര്‍ഡിലേയ്ക്ക് മാറ്റി ചികിത്സ തുടരുകയാണ്.