
കോട്ടയം: ക്യുവില്‍ നിന്ന് കാത്തുനില്‍ക്കാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി ടിക്കറ്റെടുക്കാന്‍ ഇ-ഹെല്‍ത്ത് സംവിധാനം സജ്ജമായി. കോട്ടയം ജില്ലയിലെ ഭൂരിഭാഗം സർക്കാർ ആശുപത്രികളിലും ഇതിനകം ഈ സംവിധാനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.
ജില്ലയിലെ മെഡിക്കല്‍ കോളജ് മുതല്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വരെയുള്ള ജില്ലയിലെ 88 ആശുപത്രികളില്‍ 45 കേന്ദ്രങ്ങളില്‍ ഇ- ഹെല്‍ത്ത് സേവനം ലഭ്യമാണ്. ഈ വർഷത്തിനുള്ളിൽ 9 ആശുപത്രികളിൽകൂടി സംവിധാനം നടപ്പാക്കും.
ഇതിനോടകം 38 ആശുപത്രികള്‍ പൂര്‍ണമായും കടലാസുരഹിത സേവനത്തിലേക്ക് മാറിയിട്ടുണ്ട്. രോഗികള്‍ക്ക് ലഭിക്കുന്ന ഒപി ടിക്കറ്റ്, ഡോക്ടറെ കാണൽ, മരുന്ന് വിതരണം, നഴ്‌സിംഗ്-ലാബ് സേവനങ്ങള്‍, ആരോഗ്യവിവരങ്ങള്‍ കൈമാറ്റം എന്നിവ എല്ലാം സവിശേഷ ആരോഗ്യ ഐഡി (UHID) മുഖേന ഡിജിറ്റല്‍ രീതിയില്‍ നടത്തപ്പെടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ ഡോക്ടറുടെ കുറിപ്പും രോഗിക്ക് ഫോണില്‍ കിട്ടും. ബില്ലുകള്‍ ഇപോസ് മെഷീന്‍ വഴി അടയ്ക്കാനുള്ള സംവിധാനം 27 ഇടങ്ങളില്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ ഇ ഹെല്‍ത്ത് സംവിധാനം വഴി ഇതുവരെ 1.13 കോടി രോഗീസന്ദര്‍ശനങ്ങള്‍ നടന്നു. 16,48,744 പേര്‍ക്ക് യുഎച്ച്‌ഐഡിയുണ്ട്.
2018 ജൂലൈയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നാണ് ജില്ലയിലെ ഇ-ഹെല്‍ത്ത് പദ്ധതി ആരംഭിച്ചത്. ഏഴ് വര്‍ഷം പിന്നിടുമ്പോള്‍, സംസ്ഥാനതല ഇ-ഹെല്‍ത്ത് റാങ്കിംഗില്‍ കോട്ടയം എട്ടാം സ്ഥാനത്താണ്. 60 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പകുതിയിലധികത്തിലും പദ്ധതി നടപ്പിലാക്കിയതിനാല്‍ പ്രാഥമികതലത്തില്‍ വലിയ പുരോഗതി കൈവരിച്ചു. ജില്ലയിലെ എല്ലാ ആശുപത്രികളിലും നിശ്ചിത സമയത്തിനുള്ളില്‍ ഇ-ഹെല്‍ത്ത് പൂര്‍ണമായി പ്രാവര്‍ത്തികമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എൻ പ്രിയ അറിയിച്ചു.