
കോട്ടയം: കുടുംബത്തിനും നാടിനുമുണ്ടായതിനേക്കാള്‍ വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉണ്ടാക്കിയത്. സോഷ്യല്‍ എഞ്ചിനീയറിങ്ങിലെ ഉമ്മന്‍ചാണ്ടിയുടെ പൊടിക്കൈ ഇല്ലാതായതോടെ വോട്ടുബാങ്കുകളെ കൂടെ നിര്‍ത്താന്‍ പെടാപ്പാട് പെടുകയാണ് കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടിയില്‍ അജയ്യരായിരുന്ന എ- ഗ്രൂപ്പുകാരാവട്ടെ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ രാഷ്ട്രീയമായി അനാഥരാണ്.
മതവും രാഷ്ട്രീയവും ഇടകലര്‍ന്ന തെരഞ്ഞെടുപ്പ് ശാലകളില്‍ ഉമ്മന്‍ചാണ്ടിയോളം കരവിരുതുകാട്ടിയ നെയ്ത്തുകാരനില്ല. പെരുന്നയില്‍ നിന്ന് ചങ്ങനാശേരിയിലേക്കും ശിവഗിരി വഴി പാണക്കാട് വരെയും പാഞ്ഞൊരു ‘പരിഗണനാ’ വാഹനം. തര്‍ക്കവിഷയങ്ങളിലെ നല്ല മധ്യസ്ഥനായിരുന്നു. എല്ലാ മതസ്ഥരുടെയും പ്രിയപ്പെട്ടവന്‍. ഒരുവിളിപ്പുറത്ത് ആര്‍ക്കും കിട്ടാവുന്ന അങ്ങേത്തലയ്ക്കലെ ‘ഹലോ’യ്ക്ക് അപരിചിതന്‍റെ സ്വരമുണ്ടായിരുന്നില്ല. കെപിസിസിക്ക് സണ്ണിജോസഫ് എന്നൊരു അധ്യക്ഷനുണ്ടായത് തന്നെ ഉമ്മന്‍ചാണ്ടിയുടെ വിയോഗം കൊണ്ടുണ്ടായ പ്രധാന നഷ്ടങ്ങളിലൊന്ന് നികത്താനാണ്. യുഡിഎഫിന്‍റെ കണ്‍വീനറെ മാറ്റാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചതും ഉമ്മന്‍ചാണ്ടി ഇല്ലാത്തതുകൊണ്ടാണ്. ആരാണ് അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യം ഒരു വാളായി പാര്‍ട്ടിയുടെ തലയ്ക്ക് മീതെ തൂങ്ങിനില്‍ക്കുന്നതും ഉമ്മന്‍ചാണ്ടി കളത്തിലില്ലാത്തത് കൊണ്ടാണ്.
ഗ്രൂപ്പ് വേണ്ടന്ന് ശഠിച്ച് ഒന്നിച്ചുനില്‍ക്കാന്‍ നേതാക്കള്‍ പറയുന്നതും മുന്നില്‍ നിന്നു പ്രതിരോധിക്കാന്‍ കരുത്തുള്ളൊരു നേതാവ് വേറെയില്ലാത്തത് കൊണ്ടാണ്. മെയ് വഴക്കമാണ് ഒരു കോണ്‍ഗ്രസ് നേതാവിന് കേരളരാഷ്ട്രീയത്തില്‍ വേണ്ട അടിസ്ഥാന യോഗ്യത. വിദ്യാര്‍ഥി രാഷ്ട്രീയ കാലംതൊട്ട് അത് സ്വായത്തമാക്കി കുഞ്ഞൂഞ്ഞ്. തുറന്നിട്ട മുറികളും അടയ്ക്കാത്ത ഗേറ്റും ആളെണ്ണത്തിന് കണക്കില്ലാത്ത കാറും അണികളെ ഉമ്മന്‍ചാണ്ടിയോട് അടുപ്പിച്ചുകൊണ്ടേയിരുന്നു. പുസ്തകം വായിക്കുന്നത് കണ്ടിട്ടേയില്ല, പക്ഷേ പത്രം അരിച്ചുപെറുക്കും. പ്രായോഗിക രാഷ്ട്രീയക്കാരന്‍റെ അറിവ് തുന്നിക്കൂട്ടിയ പുസ്തകമല്ല, ജനജീവിതങ്ങളെ വായിക്കലാണെന്ന് ജീവിതം കൊണ്ട് കാട്ടിത്തന്നപ്പോള്‍ ഉമ്മന്‍ചാണ്ടി സ്വയമൊരു പുസ്തകമായി മാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരുണാകരനോട് പടവെട്ടിയും, ആന്‍റണിയില്‍ നിന്ന് എ ഗ്രൂപ്പ് ഇഷ്ടദാനമായി കൈപ്പറ്റിയുമാണ് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിലെ പ്രബലനായത്. വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളെല്ലാം അന്ന് കൈപ്പിടിയില്‍. പാര്‍ട്ടിയിലും സംഘടനാപരമായി ശക്തി. പക്ഷേ ആ വിയോഗത്തോടെ അനാഥമാക്കപ്പെട്ടത് അഞ്ചുപതിറ്റാണ്ട് പിന്നിട്ട ഉള്‍പ്പാര്‍ട്ടി കരുത്തിന്‍റെ ശക്തിപക്ഷം. പാര്‍ട്ടിയുടെ എല്ലും മുന്നണിയുടെ മാംസവുമായി ജീവിച്ച ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകരുടെ രക്തമായിരുന്നു. പുതുപ്പള്ളിയിലെ കല്ലറയ്ക്ക് മുന്നില്‍ മധ്യസ്ഥ പ്രാര്‍ഥനയ്ക്ക് ഇപ്പോഴും ആളെത്തുന്നിടത്താണ് ‘ഉമ്മന്‍ചാണ്ടി ഉണ്ടായിരുന്നെങ്കില്‍.’. എന്ന പ്രയോഗം അര്‍ത്ഥപൂര്‍ണമാകുന്നത്.