ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം ഇന്ന്;രാഹുല്‍ഗാന്ധി പുതുപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യും; ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന 12 വീടുകളുടെ താക്കോൽ കൈമാറും

Spread the love

കോട്ടയം:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉമ്മന്‍ചാണ്ടി സ്മൃതി സംഗമം സംസ്ഥാനതല അനുസ്മരണം ഇന്ന് ലോകസ്ഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളിയില്‍ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.

ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മ്മിച്ച് നല്‍കുന്ന 12 വീടുകളുടെ താക്കോല്‍ ദാനവും കെപിസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.

രാവിലെ 9ന് കോട്ടയം പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തില്‍ രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഉമ്മന്‍ചാണ്ടി സ്മൃതി സംഗമം ഉദ്ഘാടനം. ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയെ സന്ദര്‍ശിക്കും. അതിന് ശേഷം രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ഉമ്മന്‍ചാണ്ടി സ്മൃതി സംഗമത്തില്‍ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മതമേലധ്യക്ഷന്‍മാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെപിസിസി ഭാരവാഹികള്‍, കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്,എംപിമാര്‍,എംഎല്‍എമാര്‍,മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

കെപിസിസി ജീവകാരുണ്യ പദ്ധതി സ്മൃതിതരംഗത്തിനും സമ്മേളനത്തോടെ തുടക്കമാകും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 630 കുട്ടികള്‍ക്ക് ശ്രുതിതരംഗം പദ്ധതിയിലൂടെ കേള്‍വിശക്തി നല്‍കി.ഈ പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയിലാണ് കെപിസിസി സ്മൃതിതരംഗം നടപ്പാക്കുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ സംസ്ഥാലതലത്തില്‍ വിപുലമായ പരിപാടികളാണ് കെപിസിസിയുടെ ആഹ്വാനം ചെയ്തത്. പുതുപ്പള്ളിയിലെ സംസ്ഥാനതല അനുസ്മരണത്തിന് പുറമെ ഡിസിസികളുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും.