പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്; ഉമ്മന്‍ ചാണ്ടിയോടുള്ള അളവറ്റ സ്‌നേഹവുമായി പുതുപ്പള്ളിക്കാര്‍ ; പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് അന്ത്യവിശ്രമം കൊള്ളുന്ന കബറിടം സന്ദര്‍ശിക്കാന്‍ ദിനം പ്രതി എത്തുന്നത് നിരവധി ആളുകള്‍
സ്വന്തം ലേഖകൻ
കോട്ടയം: ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ഒരു വര്‍ഷക്കാലവും പല മാറ്റങ്ങളും പുതുപ്പള്ളി കണ്ടു. പക്ഷേ, തങ്ങളുടെ കുഞ്ഞൂഞ്ഞ് ഉണ്ടായിരുന്ന കാലത്തെ പതിവുകള്‍ ഒന്നും തെറ്റിക്കാന്‍ പുതുപ്പള്ളിക്കാര്‍ ഇന്നും തയ്യാറല്ല.
ഉമ്മന്‍ ചാണ്ടിയോടുള്ള തങ്ങളുടെ അളവറ്റ സ്‌നേഹം അദ്ദേഹത്തിന്റെ കുടുംബത്തോട് പ്രകടിപ്പിക്കുന്ന കാഴ്ചയാണ് പുതുപ്പള്ളിയില്‍ കാണാന്‍ കഴിയുന്നത്.
പുതുപള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തുന്നവര്‍ ഉമ്മന്‍ചാണ്ടിയുടെ കബറിടം സന്ദര്‍ശിച്ചു മെഴുകു തിരികള്‍ കത്തിച്ച ശേഷമേ മടങ്ങാറുള്ളൂ. പുതുപ്പള്ളിക്കു പുറത്തു നിന്നും ദിനം പ്രതി നിരവധി ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് അന്ത്യവിശ്രമം കൊള്ളുന്ന കബറിടം സന്ദര്‍ശിക്കാന്‍ എത്താറുണ്ട്. അവരില്‍ പലര്‍ക്കും ഉമ്മന്‍ ചാണ്ടിയില്‍ നിന്നു നേരിട്ടോ പരോക്ഷമായോ സഹായം ലഭിച്ചവരും ഉണ്ടാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉമ്മന്‍ ചാണ്ടിയുടെ തറവാട്ടു വീട് സന്ദര്‍ശിച്ചു ഉമ്മന്‍ ചാണ്ടിയുടെ കുടുംബാഗംങ്ങളെ കണ്ട ശേഷമാകും പലരും മടങ്ങുക. കഴിഞ്ഞ ഒരു വര്‍ഷമായി പുതുപ്പള്ളിയിലെ സ്ഥിരം കാഴ്ചയാണിത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം പ്രവര്‍ത്തിച്ചവരും ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ പിന്തുണയില്‍ നേതൃനിരയിലേക്ക് എത്തിയവുമെല്ലാം പത്രികാ സര്‍മപ്പണത്തിനു മുന്നോടിയായും വിജയം നേടിയതിനു ശേഷവും ഉമ്മന്‍ ചാണ്ടിയുടെ കബറടത്തില്‍ എത്തി പ്രാര്‍ഥിച്ചിരുന്നു.
ഉമ്മന്‍ ചാണ്ടി ഇല്ലാതെ നടന്ന ആദ്യ പുതുപ്പള്ളി പെരുന്നാളും മാസങ്ങള്‍ക്കു മുന്‍പാണ് കടന്നു പോയത്. അദ്ദേഹത്തിന്റെ അസാന്നിധ്യം പുതുപ്പള്ളിയില്‍ അന്നു പ്രകടമായിരുന്നു. പ്രിയ നേതാവിന്റെ വിയോഗത്തിനു ശേഷം നടക്കുന്ന പെരുന്നാളില്‍ പങ്കെടുക്കാനെത്തുന്നവര്‍ ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന കബറിടത്തിലും സന്ദര്‍ശനം നടത്തി മടങ്ങുന്നത് ഹൃദയസ്പര്‍ശിയായ കാഴ്ചായായിരുന്നു.
മുഖ്യമന്ത്രി ആയിരിക്കുമ്ബോഴും അല്ലാത്തപ്പോഴും ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയിലെ പെരുന്നാള്‍ മുടക്കാന്‍ ആഗ്രഹിക്കില്ല. എത്ര തിരക്കുകള്‍ ഉണ്ടെങ്കിലും അദ്ദേഹം പെരുന്നാള്‍ ദിവസങ്ങളില്‍ പുതുപ്പള്ളിയില്‍ തന്നെ ഉണ്ടാകാന്‍ ശ്രമിക്കാറുണ്ട്.
മാനവസേവ ഈശ്വരസേവ ആണെന്നു വിശ്വസിച്ചു ജീവിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി പള്ളിയിലെ ഒരു അംഗമെന്ന നിലയില്‍ എന്നും എന്നും ഇടവകയ്ക്ക് അദ്ദേഹം അഭിമാനമായിരുന്നു.
തന്റെ ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണു പുതുപ്പള്ളി പള്ളിയും വിശുദ്ധ ഗീവര്‍ഗീസ് സഹദായും. ലോകത്തിന്റെ ഏതുകോണിലായിരുന്നാലും ഞായറാഴ്ച എന്നൊരു ദിവസം ഉണ്ടെങ്കില്‍ ആ ദിവസത്തിന്റെ ആരംഭം പുതുപ്പള്ളി പള്ളിയില്‍ നിന്നും ആരംഭിക്കുക എന്നതു പറഞ്ഞറിയിക്കാനാകാത്ത ആത്മസംതൃപ്തി ആണെന്ന് അദ്ദേഹം പലപ്പോഴും പറയുന്ന വാക്കുകളാണ്. ഏതു ജീവിത പ്രശ്നങ്ങള്‍ ഉണ്ടാകുമ്ബോഴും പുതുപ്പള്ളി പുണ്യവാളന്റെ സ്ഥൈര്യവും, ധൈര്യവും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു.
ആ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജീവിതം. തന്റെ 27-ാം വയസില്‍ പുതുപ്പള്ളിയുടെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ പിന്നെയങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പുതുപ്പള്ളി എന്നന്നേക്കുമായി ഉമ്മന്‍ ചാണ്ടിക്കൊപ്പം കൂടി.
തങ്ങളുടെ ആശങ്കകള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമെല്ലാം പരിഹാരമുണ്ടാക്കാന്‍ ഉമ്മന്‍ചാണ്ടിയുണ്ട് എന്നുള്ളത് പുതുപ്പള്ളിയിലെ ജനങ്ങളുടെ ഉറച്ച വിശ്വാസമായിരുന്നു. ആ വിശ്വാസം അദ്ദേഹം ഒരിക്കലും തെറ്റിച്ചിട്ടുമില്ല. ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷവും പുതുപ്പള്ളിയിലെ കരോട്ട് വീട്ടിലേക്ക് ഒഴുകുന്ന ജനത്തിരക്ക് തന്നെയായിരുന്നു അതിന്റെ തെളിവ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എത്ര നേരം വേണമെങ്കിലും ക്ഷമയോടെ കേള്‍ക്കാന്‍ സദാസന്നദ്ധനായിരുന്നു അദ്ദേഹം.
ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലാണ് ഉമ്മന്‍ ചാണ്ടി ജീവിച്ചത്. അതുതന്നെയായിരുന്നു കരുത്തും. ഒരു നേതാവിനെ ഇത്രയുമധികം സ്‌നേഹിക്കുന്ന നാടും നാടിനെ ഹൃദയത്തില്‍കൊണ്ടുനടക്കുന്ന ഒരു ജനനേതാവും അധികമുണ്ടാകില്ല. പുതുപ്പള്ളിയിലെ ജനങ്ങളുടെ ആ സ്‌നേഹത്തിലൂടെ, കരുത്തിലൂടെയാണ് കേരളരാഷ്ട്രീയത്തിലേക്ക് അദ്ദേഹം വളര്‍ന്നു പന്തലിച്ചത്.
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉമ്മന്‍ ചാണ്ടിയെ സമീപിക്കാം. പരിഹരിക്കാവുന്ന കാര്യമാണെങ്കില്‍ അതില്‍ ഉടന്‍ പരിഹാരമുണ്ടാവും. അതില്‍ ഭരണ പ്രതിപക്ഷ ഭേദമുണ്ടാവരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധവമുണ്ട്. ആ സ്‌നേഹമാണ് ഇന്നും ജനങ്ങള്‍ക്കു ഉമ്മന്‍ ചാണ്ടിയോടുള്ളത്.
ഉമ്മന്‍ ചാണ്ടിയോളം വരില്ലെങ്കിലും മകന്‍ ചാണ്ടി ഉമ്മനെയും പുതുപ്പള്ളിക്കാര്‍ സ്‌നേഹിക്കുന്ന കാഴ്ചയാണ് ഇന്നു കാണാന്‍ കാഴിയുന്നത്. ആ സ്നേഹ പ്രകടനമാണ് ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനു ലഭിച്ച മിന്നും വിജയം.