ആരോഗ്യനില തൃപ്തികരം; പോഷകാഹാരക്കുറവിന്‍റെ ബുദ്ധിമുട്ടുകളുണ്ട്; ഉമ്മന്‍ ചാണ്ടിയെ പരിശോധിച്ച്‌ ഡോക്ടര്‍മാര്‍; തുടര്‍ചികിത്സ സംബന്ധിച്ച്‌ ഡോക്ടര്‍മാരുടെ യോഗം നാളെ

Spread the love

സ്വന്തം ലേഖിക

ബെംഗളൂരു: എച്ച്‌സിജി ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ ഉമ്മന്‍ചാണ്ടിയെ പരിശോധിച്ചെന്ന് മകന്‍ ചാണ്ടി ഉമ്മന്‍.

ഡോ. യു എസ് വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകള്‍ ഉമ്മന്‍ ചാണ്ടിക്കുണ്ട്. അത്‌ പരിഹരിക്കാനുള്ള ശ്രമം തുടങ്ങും. തുടര്‍ചികിത്സ സംബന്ധിച്ച്‌ നാളെ ഡോക്ടര്‍മാര്‍ യോഗം ചേരുമെന്നും ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യൂമോണിയ ബാധിച്ച്‌ മാറിയ ശേഷവും അദ്ദേഹത്തിന്റെ രോഗപ്രതിരോധശേഷി കുറഞ്ഞിട്ടില്ലെന്നും അത്‌ ആശ്വാസകരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇനി തുടര്‍ചികിത്സകള്‍ എങ്ങനെ വേണമെന്ന് നാളെ ഡോക്ടര്‍മാര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.

കൊച്ചിയിലെ ഒരു സംഘം ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു. ഇന്ന് ഉച്ചയോടെ തിരുവന്തപുരത്ത് നിന്ന് കുടുംബത്തോടൊപ്പം ചാര്‍ട്ടേഡ് വിമാനത്തിലാണ് വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടിയെ ബെംഗളൂരുവില്‍ എത്തിച്ചത്.

ന്യൂമോണിയ ഭേദമായതിന് ശേഷമാണ് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലെ മെഡിക്കല്‍ സംഘവും സര്‍ക്കാരിന്‍റെ മെഡിക്കല്‍ ബോര്‍ഡും തുടര്‍ ചികിത്സയ്ക്കായുള്ള യാത്രയ്ക്ക് അനുമതി നല്‍കിയത്. മൊബൈല്‍ ഐസിയു അടക്കമുള്ള സൗകര്യങ്ങളുമായി ആംബുലന്‍സ് ഒരുക്കിയെങ്കിലും ഉമ്മന്‍ചാണ്ടിയുടെ ആവശ്യപ്രകാരം കാറിലായിരുന്നു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര.