
ഡിസിസി പുന:സംഘടന: പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും; ‘ചർച്ച ചെയ്യാതെ ചർച്ച ചെയ്തുവെന്ന് വരുത്തിതീർത്തു; പുന:സംഘടനയുമായി ബന്ധപ്പെട്ട ഫലപ്രദമായ ചർച്ചകൾ കേരളത്തിൽ നടന്നിട്ടില്ലെന്ന്’ ഉമ്മൻചാണ്ടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും. പുന:സംഘടനയുമായി ബന്ധപ്പെട്ട ഫലപ്രദമായ ചർച്ചകൾ കേരളത്തിൽ നടന്നിട്ടില്ലെന്നും, ചർച്ചകൾ നടന്നിരുന്നുവെങ്കിൽ ഇത്രയും മോശമായ ഒരു അന്തരീക്ഷമുണ്ടാകുന്നത് ഒഴിവാക്കാമായിരുന്നു എന്ന ആരോപണമാണ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉന്നയിക്കുന്നത്.
സംസ്ഥാനത്ത് ഫലപ്രദമായ ചർച്ച നടന്നില്ലെന്ന് മാത്രമല്ല ചർച്ച ചെയ്യാതെ ചർച്ച ചെയ്തുവെന്ന് വരുത്തിതീർത്തുവെന്ന് ഉമ്മൻചാണ്ടി വിമർശിച്ചു. ഫലപ്രദമായി ചർച്ച നടന്നിട്ടില്ല. കോൺഗ്രസിനെ ശക്തിപ്പെടുത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നും അതിന് വേണ്ടി പ്രവർത്തിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ മുൻപും പുനസംഘടന നടന്നിട്ടുണ്ട്. അന്നൊക്കെ കേരളത്തിൽ ചർച്ചകൾ നടക്കുമായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഹൈക്കമാൻഡിന് തീരുമാനമെടുക്കാൻ എളുപ്പമായിരുന്നു. ഇപ്പോൾ കേരളത്തിൽ ചർച്ചകൾ നടന്നിരുന്നുവെങ്കിൽ ഹൈക്കമാൻഡിന്റെ ഇടപെടൽ കുറയ്ക്കാൻ കഴിയുമായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പുന:സംഘടനയുമായി ബന്ധപ്പെട്ട് അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇടുക്കി കോട്ടയം ജില്ലകളിലെ പ്രസിഡന്റുമാർക്കായി താൻ ചരടുവലി നടത്തിയെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ ഉൾപ്പെടെ ഹൈക്കമാൻഡിന് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് നാല് പേരുടെ പാനൽ ആണ് ചോദിച്ചത്. മൂന്നെണ്ണം ആണ് നൽകിയത്. ഇടുക്കിയിൽ സി.പി മാത്യുവിനായി താൻ രംഗത്തുണ്ടായിരുന്നുവെന്ന് വാർത്തകൾ ശ്രദ്ധയിൽപ്പെട്ടുവെന്നും മാത്യുവിനെ അറിയാം എന്നല്ലാതെ ഒന്നുമില്ലെന്നും അദ്ദേഹത്തിനായി താൻ രംഗത്ത് വന്നുവെന്ന് മാത്യു പോലും വിശ്വസിക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അഭിപ്രായം പറയുന്നവർക്കെതിരെയുള്ള നടപടിയിലും ഉമ്മൻചാണ്ടി നിലപാട് വ്യക്തമാക്കി. കോൺഗ്രസിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് ദുരുപയോഗം ചെയ്യാൻ പാടില്ല. വിശദീകരണം ചോദിച്ച ശേഷം നടപടി എന്നതാണ് ജനാധിപത്യപരമായി പിന്തുടരേണ്ട രീതിയെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
പട്ടിക പൂർണമായും അംഗീകരിക്കുന്നുവെന്നാണ് ചെന്നിത്തല പ്രതികരിച്ചത്. അഭിപ്രായവ്യത്യാസങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോഴത്തെ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു. കേരളത്തിൽ നേതൃത്വം ഇത് സംബന്ധിച്ച് ആവശ്യത്തിന് ചർച്ച നടത്തിയിരുന്നുവെങ്കിൽ ഹൈക്കമാൻഡിന് തീരുമാനം എളുപ്പമാകുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 14 ഡിസിസി അധ്യക്ഷൻമാരേയും അംഗീകരിക്കുന്നു. എല്ലാവരും തന്റെ ആളുകളാണെന്നും അങ്ങനെയാണ് അവർ തിരിച്ചും തന്നെ കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു. അച്ചടക്ക നടപടികൾ സംബന്ധിച്ചും ഉമ്മൻചാണ്ടിക്ക് സമാനമായ അഭിപ്രായമാണ് ചെന്നിത്തല പറഞ്ഞത്. വിശദീകരണം ചോദിച്ച ശേഷമാകാമായിരുന്നു നടപടിയെന്നാണ് ചെന്നിത്തലയുടെ പക്ഷം.