ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; തത്കാലം ആശുപത്രി വിടും; നാട്ടിലേക്ക് ഉടൻ മടങ്ങില്ല
സ്വന്തം ലേഖകൻ
ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി.ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിക്ക് തത്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സ പൂര്‍ത്തിയാക്കാന്‍ വീണ്ടും ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്യും. ഈ സാഹചര്യത്തില്‍ തത്കാലം നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് കുടുംബം അറിയിച്ചു. ബെംഗളൂരുവില്‍ തന്നെ തുടരാനാണ് തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സാ രീതിയാണ് ഉമ്മന്‍ചാണ്ടിയ്ക്ക് ഇപ്പോള്‍ നല്‍കി വരുന്നത്. ബെംഗളുരു എച്ച്‌സിജി ആശുപത്രിയിലെ ഡോ. യു എസ് വിശാല്‍ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ഉമ്മന്‍ചാണ്ടിയെ നാല് ദിവസം മുന്‍പ് സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. ഇതിന്റെ ഫലം പരിശോധിച്ചാണ് ഇമ്മ്യൂണോതെറാപ്പിയാണ് ഉചിതമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
പത്തോളജിസ്റ്റുകള്‍, ജീനോമിക് വിദഗ്ധര്‍, ന്യൂട്രീഷ്യനിസ്റ്റുകള്‍ അടക്കമുള്ള ആരോഗ്യ വിദഗ്ധരും ഉമ്മന്‍ചാണ്ടിയെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘത്തില്‍ ഉണ്ട്.
ഉമ്മന്‍ ചാണ്ടിയെ അഡ്മിറ്റ് ചെയ്തപ്പോള്‍ നടത്തിയ പ്രാഥമിക പരിശോധനകളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞിട്ടില്ലെന്നത് ആശ്വാസകരമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പോഷകാഹാരക്കുറവുണ്ടായിരുന്നു. അത് പരിഹരിക്കാന്‍ വേണ്ട ചികിത്സാക്രമമാണ് ഡോക്ടര്‍മാര്‍ നിശ്ചയിച്ചിരുന്നത്.