
സ്വന്തം ലേഖിക
തിരുവനന്തപുരം: ആറ് പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിന് ദീര്‍ഘവിരാമമിട്ട് ഓര്‍മയായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് തലസ്ഥാനത്തിന്റെ അന്ത്യാഞ്ജലി.
വിമാനത്താവളത്തില്‍ നിന്ന് വിലാപയാത്രയായി പുതുപ്പള്ളി ഹൗസിലെത്തിച്ച മൃതദേഹത്തിന് വഴിനീളെ ജനക്കൂട്ടം അന്ത്യാഭിവാദ്യമര്‍പ്പിച്ചു. തലസ്ഥാനത്തെ വീട്ടിലും നൂറ് കണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പുതുപ്പള്ളി ഹൗസിലുണ്ട്. ഏറെ പണിപ്പെട്ടാണ് ആംബുലൻസില്‍ നിന്ന് മൃതദേഹം പുതുപ്പള്ളി ഹൗസിലേക്ക് ഇറക്കിയത്.
പുതുപ്പള്ളി ഹൗസില്‍ പ്രത്യേക പ്രാര്‍ത്ഥന വൈദികരുടെ നേതൃത്വത്തില്‍ നടത്തി. ഇതിന് ശേഷം പൊതുദര്‍ശനത്തിനായി സെക്രട്ടേറിയേറ്റ് ദര്‍ബാര്‍ ഹാളിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് കെപിസിസി ആസ്ഥാനത്തും തുടര്‍ന്ന് രാത്രി തിരികെ പുതുപ്പള്ളി ഹൗസിലേക്കും ഭൗതിക ശരീരം എത്തിക്കും.
നാളെ രാവിലെ കോട്ടയത്തേക്ക് വിലാപയാത്രയായി പുറപ്പെടും. വഴിനീളെ ജനങ്ങളുടെ അന്ത്യാഭിവാദ്യവും ആദരവും ഏറ്റുവാങ്ങി കോട്ടയത്ത് എത്തിക്കുന്ന ഭൗതിക ശരീരം വൈകിട്ട് അഞ്ച് മണി മുതല്‍ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് പുതുപ്പള്ളിയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകും.
മറ്റന്നാള്‍ പുതുപ്പള്ളിയിലെ ഇടവക പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിക്കുക. കുടുംബ കല്ലറയുണ്ടെങ്കിലും ഇവിടെയാവില്ല ഉമ്മൻചാണ്ടിയുടെ അന്ത്യനിദ്ര. വൈദികരുടെ കല്ലറയ്ക്ക് ഒപ്പം പ്രത്യേക കല്ലറയുണ്ടാക്കി ഇവിടെയാണ് ഉമ്മൻചാണ്ടിയുടെ അന്ത്യനിദ്രയ്ക്ക് ഇടം ഒരുക്കുന്നത്.