video
play-sharp-fill
ഇനി കോൺഗ്രസിൽ കുഞ്ഞാപ്പ – കുഞ്ഞൂഞ്ഞ് അച്ചുതണ്ട്…! തദ്ദേശ തെരഞ്ഞടുപ്പിൽ മുങ്ങിത്താഴ്ന്ന യു.ഡി.എഫിനെ കരയ്ക്കടുപ്പിക്കാൻ ഏറ്റവും മികച്ച കോമ്പിനേഷനുമായി നേതാക്കൾ ; ഉമ്മൻചാണ്ടിയെ കോൺഗ്രസ് ചെയർമാനാക്കാൻ നീക്കം

ഇനി കോൺഗ്രസിൽ കുഞ്ഞാപ്പ – കുഞ്ഞൂഞ്ഞ് അച്ചുതണ്ട്…! തദ്ദേശ തെരഞ്ഞടുപ്പിൽ മുങ്ങിത്താഴ്ന്ന യു.ഡി.എഫിനെ കരയ്ക്കടുപ്പിക്കാൻ ഏറ്റവും മികച്ച കോമ്പിനേഷനുമായി നേതാക്കൾ ; ഉമ്മൻചാണ്ടിയെ കോൺഗ്രസ് ചെയർമാനാക്കാൻ നീക്കം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിൽ മുങ്ങിത്താഴ്ന്ന കോൺഗ്രസിലെ കരയ്ക്കടുപ്പിക്കാൻ പുതിയ തന്ത്രവുമായി കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി ഉമ്മൻചാണ്ടി യു. ഡി.എഫിലെ സുപ്രധാന പദവിയിലേക്ക് എത്തിച്ചേരുമെന്ന് ഏതാണ്ട് ഉറപ്പായി.

നേരത്തെ ഉമ്മൻചാണ്ടിയെ കോൺഗ്രസിന്റെ പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനം ഏൽപ്പിക്കുമെന്ന സൂചനകളുണ്ടായിരുന്നു. അതിനിടെയാണ് ഉമ്മൻചാണ്ടിയെ യു.ഡി.എഫ് ചെയർമാനോ കൺവീനറോ ആക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി കെ.പി.സി.സി അദ്ധ്യക്ഷൻ സമ്മർദ്ദം ചെലുത്തിയെങ്കിലും പദവി ഏറ്റെടുക്കുന്നതിനോട് ഉമ്മൻചാണ്ടി ഇതുവരെ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്ന് യു.ഡി.എഫിനെ നയിക്കണമെന്നാണ് കോൺഗ്രസ് നേതാക്കളുടെയും ആവശ്യം.

യു.ഡി.എഫ് രാഷ്ട്രീയത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച കോമ്പിനേഷനാണ് കുഞ്ഞാപ്പയും കുഞ്ഞൂഞ്ഞും. യു.ഡി.എഫിനെ കരയ്ക്ക് അടുപ്പിക്കാൻ ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തന്നെ വേണ്ടിവരുന്നുവെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയാതെ പറയുന്നത്.

ജോസ് കെ. മാണിയുടെ കേരള കോൺഗ്രസിന്റെ കൂടി പിൻബലത്തോടെ മാത്രമാണ് ഇക്കുറി മദ്ധ്യ തിരുവിതാംകൂറിൽ ഉൾപ്പടെ എൽ.ഡി.എഫ് മുന്നേറിയത്. നിയമസഭാ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ് ഈ മുന്നേറ്റം ആവർത്തിച്ചാൽ യു.ഡി.എഫ് നേതൃത്വത്തിന് പിന്നെ ഒരു തിരിച്ച് വരവ് അസാദ്ധ്യമായിരിക്കും.

ക്രിസ്ത്യൻ വിഭാഗങ്ങൾ മുഖം തിരിച്ചതാണ് മേഖലയിൽ യു.ഡി.എഫിന് തിരിച്ചടിക്ക് കാരണമായത്. അതുകൊണ്ട് തന്നെ ഈ വോട്ടുകൾ കൂടി ലക്ഷ്യം വച്ചാണ് ഉമ്മൻചാണ്ടിയെ യു.ഡി.എഫ് കളത്തിൽ ഇറക്കുന്നത്.

ഇതിന് പുറമെ ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തലപ്പത്ത് എത്തുന്നതോടെ ഹിന്ദു വോട്ടുകളിൽ വിളളലുണ്ടാകുമോയെന്ന ആശങ്ക കോൺഗ്രസ് നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് മുല്ലപ്പളളി രാമചന്ദ്രനെ മത്സരത്തിനിറക്കാനുളള നീക്കവും നടക്കുന്നത്.

രമേശ് ചെന്നിത്തലയ്‌ക്കൊപ്പം മുല്ലപ്പളളിയും മത്സരിക്കുന്നതോടെ നായർ, ഈഴവ സമുദായങ്ങളെ തൃപ്തിപ്പെടുത്താനാകും എന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. മലബാറിലെ ഏതെങ്കിലും നിയമസഭ മണ്ഡലത്തിൽ മത്സരിക്കാനാണ് മുല്ലപ്പളളിയുടെ താത്പര്യം.