
കോട്ടയം: ഏകാന്തതയാണ് ഏറ്റവും വലിയ ശത്രുവെന്നും ആള്‍ക്കൂട്ടമാണ് തന്റെ കരുത്തെന്നും ആവര്‍ത്തിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിടപറഞ്ഞിട്ട് ഇന്നു രണ്ടുവര്‍ഷം.
ആള്‍ക്കൂട്ടനായകന്റെ രണ്ടാം ചരമവാര്‍ഷികദിനമായ ഇന്ന് അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന പുതുപ്പള്ളിയില്‍ പ്രിയനേതാവിന്റെ സ്‌മരണകള്‍ നെഞ്ചേറ്റി ആര്‍ക്കൂട്ടമിരമ്പും. അവരില്‍ ഒരാളായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമെത്തും.
ജനക്കൂട്ടത്തെ ആഘോഷമാക്കിയ നേതാവായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്. കൂടെ നില്‍ക്കുന്നവരും അവരുടെ നിലപാടും ഉമ്മന്‍ ചാണ്ടിയുടെ വികാരമായിരുന്നു. കാലം മാറ്റാത്ത ഒരു നേതാവുണ്ടെങ്കില്‍ അതു കുഞ്ഞൂഞ്ഞാണെന്നാണു പുതുപ്പള്ളിക്കാരുടെ വിശ്വാസം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എത്ര തിരക്കിലും സമയം കണ്ടെത്തി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെത്തിയിരുന്നു. അതായിരുന്നു ഉമ്മന്‍ ചാണ്ടിയും പുതുപ്പള്ളിയും തമ്മിലുള്ള ബന്ധം.
തന്ത്രജ്‌ഞനായ രാഷ്‌ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന നേതാവ് എന്ന് വിളിക്കപ്പെടാനായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് ഇഷ്‌ടം. രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം.
അവരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നില്ല, ആ മനുഷ്യസ്നേഹിയില്‍നിന്നു കൈയും മനവും നിറയെ സഹായങ്ങള്‍ ലഭിച്ച അനേകരുണ്ടായിരുന്നു. കിടപ്പാടം വാങ്ങാനും വീടു വയ്ക്കാനും ചികിത്സിക്കാനും പഠിക്കാനും പഠിപ്പിക്കാനും ഉമ്മന്‍ ചാണ്ടി നിമിത്തമായ പാവങ്ങളും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായി പലരുണ്ടായിരുന്നു.
വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റുകളില്‍ അദ്ദേഹത്തെ ഉലയാതെ നിര്‍ത്തിയത് ജനപിന്തുണയിലുള്ള വിശ്വാസമായിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് തുടങ്ങിവച്ച വിഴിഞ്ഞം തുറമുഖവും കൊച്ചി മെട്രോയുമൊക്കെ വീണ്ടും അടയാളപ്പെടുത്തിയ കാലമായിരുന്നു അദ്ദേഹമില്ലാതിരുന്ന രണ്ടു വര്‍ഷം. ജനക്ഷേമ പദ്ധതികള്‍ക്കൊപ്പം ഭാവികേരളം പടുത്തുയര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി തുടക്കമിട്ട വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് കേരള ജനത പുതുപ്പള്ളിയിലേക്കെത്തുന്നത്. വിഴിഞ്ഞം തുറമുഖവും സയന്‍സ് സിറ്റിയുമടക്കം യാഥാര്‍ഥ്യമായപ്പോള്‍ അദ്ദേഹത്തിന്റെ പങ്ക് സമ്മതിക്കാന്‍ ആദ്യം മടികാട്ടിയവര്‍ പിന്നീട് ആ ഇച്‌ഛാശക്‌തിക്കു മുന്നില്‍ നമ്രശിരസ്‌കരാകുന്നതിനും ഈ കാലയളവ് സാക്ഷ്യം വഹിച്ചു.
പാവങ്ങളുടെ കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി ആവിഷ്‌കരിച്ച്, യു.എന്‍. പുരസ്‌കാരത്തിനുവരെ അര്‍ഹമായ ജനസമ്പര്‍ക്കപരിപാടി കേരളം വിസ്‌മരിക്കില്ല.
ഉമ്മന്‍ ചാണ്ടിയുടെ അഭിമാന പദ്ധതികളായ കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും കണ്ണൂര്‍ വിമാനത്താവളവും വികസനക്കുതിപ്പിന് ഗതിവേഗം പകരുമ്പോള്‍ മുൻപ് തടസവാദമുന്നയിച്ചവര്‍ക്കുമുന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ ശോഭയ്‌ക്കു പത്തരമാറ്റ് തിളക്കം. രണ്ടുവര്‍ഷമായി അദൃശ്യസാന്നിധ്യത്തിലൂടെ സംസ്‌ഥാനമാകെ നിറഞ്ഞുനിന്നിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന ജനപ്രിയനേതാവ്.
അര നൂറ്റാണ്ട് പുതുപ്പള്ളിയുടെ വിലാസമായിരുന്നു ജനങ്ങള്‍ക്കു നടുവില്‍ ശിരസുയർത്തി നിലകൊണ്ട കരോട്ടുവള്ളക്കാലില്‍ ഉമ്മന്‍ ചാണ്ടി. എംഎല്‍എ പദവിയില്‍നിന്നു മുഖ്യമന്ത്രിപദവിയിലും കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃപദവിയിലും എത്തിയപ്പോഴൊക്കെ ആള്‍ക്കൂട്ടത്തിനും അനുയായികള്‍ക്കും നടുവിലായിരുന്നു ജീവിതം.
ചെറിയവരെ വലിയവനായി കാണാനുള്ള വിശാലമനസും, വിഷമിക്കുന്നവരെ അറിഞ്ഞു സഹായിക്കാനുള്ള നിസ്വാര്‍ഥതയും, ആവലാതികളുമായി വരുന്നവര്‍ രാഷ്‌ട്രീയ എതിരാളികളായാലും അവരോടു സഹവര്‍ത്തിത്വം കാണിക്കാനുള്ള മനസ് അപാരമായിരുന്നു.
ഒരാളുടെ മരണം കാലത്തെയും ലോകത്തെയും അടയാളപ്പെടുത്തുമെന്നത് എത്രയോ ശരി. രണ്ടു വര്‍ഷം മുന്‍പ് ഖദറുടുപ്പിനു മുകളില്‍ കോണ്‍ഗ്രസ് കൊടിയിലെ കൈപ്പത്തി നെഞ്ചോടു ചേര്‍ത്ത് നിശ്ചലനായി കിടന്ന ആരാധ്യനേതാവ്. ആ ഭൗതികശീരം അനന്തപുരിയില്‍നിന്നു കോട്ടയം വരെയെത്തിക്കാന്‍ രണ്ടു പകല്‍ വേണ്ടിവന്നു.
കോട്ടയത്തുനിന്നു പുതുപ്പള്ളിയിലേക്കുള്ള അന്ത്യയാത്രയില്‍ റോഡ് നിറഞ്ഞുനടന്ന ജനാരവത്തിനു നടുവിലൂടെയാണ് ആ മഞ്ചല്‍ മെല്ലെ നീങ്ങിയത്. അതെ, ഉമ്മന്‍ ചാണ്ടി ഇന്നും ജീവിക്കുന്നു, അനേകരുടെ ഓര്‍മത്താളുകളില്‍.