
സ്വന്തം ലേഖിക
കണ്ണൂര്‍: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചത് വിവാദത്തിലാക്കുകയാണ് പി ജയരാജന്റെ മകന് ജയിന് രാജ്.
ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കുഞ്ഞനന്തനെ അടക്കം പുകഴ്ത്തിയാണ് ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തുന്നത്. കോടിയേരിയുടെ വീട്ടിലെത്തിയ ഉമ്മന്‍ ചാണ്ടിക്ക് കുടുംബാഗങ്ങള്‍ വികാര നിര്‍ഭരമായാണ് വരവേല്‍പ്പ് നല്‍കിയത്. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരോട് ഉമ്മന്‍ ചാണ്ടി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഉമ്മന്‍ ചാണ്ടി എത്തുമ്പോള്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. നടക്കാന്‍ ബുദ്ധിമുട്ടുള്ള ഉമ്മന്‍ ചാണ്ടിയെ, ബിനീഷ് കൈപിടിച്ചാണ് കാറില്‍ കയറ്റിയത്. രാഷ്ട്രീയം മറന്നുള്ള സ്നേഹമാണ് പ്രതിഫലിച്ചത്. ഇതിനിടെയാണ് ജയരാജന്റെ മകന്റെ സൈബര്‍ ആക്രമണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഷ്ട്രീയത്തിലുപരിയായ വ്യക്തിബന്ധം താനുമായി കോടിയേരിക്കുണ്ടായിരുന്നെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വളരെ അപ്രതീക്ഷിതമാണ് ഈ മരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എംപി.അരവിന്ദാക്ഷന്, നേതാക്കളായ വി.എ.നാരായണന്, സജീവ് മാറോളി, കെ.ശിവദാസന്‍, സന്തോഷ് കണ്ണവെള്ളി, എ.ആര്.ചിന്മയി തുടങ്ങിയവരും ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.
കോടിയേരിയുടെ സംസ്കാരത്തിന് ശേഷം വിദേശത്തേക്ക് പറന്ന മുഖ്യമന്ത്രിയ്ക്കെതിരേയും തിരുവനന്തപുരത്ത് പൊതു ദര്‍ശനത്തിന് കൊണ്ടു വരാത്ത നടപടിയുമെല്ലാം വിമര്‍ശനമായി കഴിഞ്ഞു. എംബാം ചേയ്ത മൃതദേഹം അധികം യാത്ര ചെയ്യുന്നതിലെ ആശങ്ക ഡോക്ടര്‍മാര്‍ പങ്കുവച്ചെന്നുള്ള കോമഡി വിശദീകരണം അടക്കം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നു. അതിനിടെയാണ് ചര്‍ച്ചകള്‍ വഴിതിരിച്ച് പി ജയരാജന്റെ മകന്റെ പോസ്റ്റും എത്തുന്നത്.
ജയിന് കെ രാജിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ
2012 ല്‍ ഒഞ്ചിയത്തും കണ്ണൂര്‍ ജില്ലയിലെ ചില പ്രദേശങ്ങളിലും പൊലീസ് നടത്തിയ തേര്‍വാഴ്ച്ച ഓര്‍മ്മയുണ്ടോ..?
ഭരണകൂട ഭീകരതയില്‍ രോഗാരുതനായ നമ്മെ വിട്ടുപിരിഞ്ഞ കുഞ്ഞനന്തേട്ടനെ മറക്കാന്‍ പറ്റുമോ..?
ഷുക്കൂര്‍ കേസില്‍ യാതൊരു തെളിവുമില്ലാഞ്ഞിട്ട് കൂടി സിപിഐ എം നേതാക്കളെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഓര്‍മ്മയുണ്ടോ.?
ഷുക്കൂര്‍ കേസില്‍ തന്നെ സിപിഐ എം പ്രവര്ത്തകന് മേല്‍ കമ്ബിപാര പ്രയോഗിച്ചത് ഓര്‍മ്മയുണ്ടോ.?
യു എ പി എ ചുമത്തപ്പെട്ട കതിരൂര്‍ കേസില്‍ ജാമ്യം പോലും നിഷേധിക്കപ്പെട്ട് 7 വര്‍ഷത്തോളം
ജയില്‍വാസം അനുഭവിച്ച കതിരൂര്‍ സഖാക്കളെ മറക്കാന്‍ പറ്റുമോ.?
കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള,കുറുക്കന്റെ കൗശലമുള്ള ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തായിരുന്നു ഇതൊക്കെ നടന്നത്..
ടിപി ചന്ദ്രശേഖരന്റെ കൊലയെ തുടര്‍ന്നായിരുന്നു 2012ലെ പൊലീസ് നടപടികള്‍. അതിന് പിന്നില്‍ കുഞ്ഞനന്തനാണെന്ന് കോടതിയും കണ്ടെത്തിയതാണ്. എന്നാല്‍ ഇതൊന്നും ജയരാജന്റെ മകന് അംഗീകരിക്കുന്നില്ല. ഭരണകൂട ഭീകരതയാണ് അത്. കുഞ്ഞനന്തന്റെ മരണം സംഭവിച്ചത് ഇടതുപക്ഷ ഭരണകാലത്താണ്. മതിയായ ചികില്‍സയും പരോളുമെല്ലാം കൊടുത്ത് ഇടതു സര്‍ക്കാര്‍ കുഞ്ഞനന്തനോട് വാല്‍സല്യം കാട്ടിയിരുന്നു. ടിപിയെ കൊന്ന പ്രതിയെ രക്തസാക്ഷിയുടെ പരിവേഷത്തില്‍ യാത്രയാക്കുകയും ചെയ്തു.
ഷൂക്കൂര്‍ കേസും കതിരൂര്‍ കൊലപാതകവുമെല്ലാം സിപിഎമ്മിന്റെ രാഷ്ട്രീയ കൊലപാതങ്ങളായിരുന്നു. പല കേസുകളിലും പ്രതി സ്ഥാനത്തേക്ക് പി ജയരാജനും എത്തിയെന്നതാണ് വസ്തുത. ഇതെല്ലാം ഉമ്മന്‍ ചാണ്ടിയുടെ കൗശലമുള്ള ഇടപെടലാണെന്നാണ് ജയരാജന്റെ മകന്റെ കണ്ടെത്തല്‍. കോടിയേരിയുടെ വീട്ടിലേക്ക് ഇനി ആരെത്തിയാലും ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ നടക്കുമെന്ന സന്ദേശം കൂടിയാണ് ജയിന് കെ രാജ് നല്‍കുന്നത്. ഈ പോസ്റ്റിന് താഴെ വിമര്‍ശനവുമായി കമന്റുകളുമെത്തുന്നു.
മരണപ്പെടുബോള്‍ വീട്ടില്‍ പോവുന്നതും, രാഷ്ട്രീയത്തിന് അപ്പുറം ബന്ധം ഉണ്ടാവുന്നതും തെറ്റ് അല്ല.. രാഷ്ട്രീയം എന്താണ് എന്ന് മനസിലാക്കുക.. സ്ഥിരം ശത്രു രാഷ്ട്രീയത്തില്‍ ഇല്ല ഇത് പി ജയരാജന് സഖാവ് തന്നെ പറഞ്ഞത് ആണ്… ഒകെ വാസു മാസ്റ്റര്‍ പാര്‍ട്ടിയില്‍ വന്നില്ലേ അപ്പോള്‍??-ഇതാണ് കമന്റ്. മരണവീട്ടില്‍ പോയതിനെയോ, വീട്ടുകാര്‍ സ്വീകരിച്ചതിനെയോ ആരും കുറ്റം പറഞ്ഞില്ല.. അത് ശരിയായ നിലപാട് തന്നെയാണെന്നാണ് എന്റെ അഭിപ്രായം ..പക്ഷെ അയാള്‍ അതുവരെ ചെയ്ത കാര്യങ്ങളെ മറച്ച് വെച്ച് കൊണ്ട് ചില സൈബര്‍ വിദഗ്ദന്മാര് അയാളെ വെളുപ്പിക്കുന്നതിനെ കുറിച്ചേ ഞാന്‍ പറഞ്ഞുള്ളൂ..-ഇതാണ് ആ കമന്റിനുള്ള മറുപടിയും. ഇങ്ങനെ ചര്‍ച്ചയും നടക്കുന്നു.