
സ്വന്തം ലേഖിക
കോട്ടയം: മുന്‍ മന്ത്രി ജോസ് തെറ്റയിലിനെതിരെ പീഡന പരാതി നല്കിയ യുവതി നഷ്ടപരിഹാരം വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിന് മുന്നില്‍ പ്രതിഷേധവുമായെത്തി.
തനിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടണമെന്നും തന്റെ ലാപ്ടോപ്പ് തിരികേ വേണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ ബഹളം വെച്ചത്.
ഞായറാഴ്ച രാവിലെ 9.30-നായിരുന്നു സംഭവം. ഉമ്മന്‍ ചാണ്ടി വീട്ടുമുറ്റത്ത് ജനങ്ങളെ കണ്ടുകൊണ്ടിരിക്കെയാണ് ഇവര്‍ എത്തിയത്. തന്റെ ആവശ്യങ്ങള്‍ ഇവര്‍ ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞു. അദ്ദേഹം മറുപടിയും നല്കി. തുടര്‍ന്ന് ഇവര്‍ മുറ്റത്ത് മാറിനിന്നു. ഉമ്മന്‍ ചാണ്ടി, തന്നെ കാണാനെത്തിയ എല്ലാവരെയും കണ്ടശേഷം 11 മണിയോടെ മടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനുശേഷം സമീപത്തായി മാറി നിന്ന യുവതി കോണ്‍ഗ്രസ് നേതാക്കളുടെ കൈവശമുള്ള തന്റെ ലാപ്ടോപ്പ് തിരികെവേണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഉമ്മന്‍ ചാണ്ടിയോട് നേരിട്ട് സംസാരിച്ചതായും ബെന്നി ബഹനാനോടുകൂടി ആലോചിച്ചശേഷം ലാപ്ടോപ്പ് നല്‍കാമെന്ന് അദ്ദേഹം അറിയിച്ചതായും യുവതി പറഞ്ഞു.
ജോസ് തെറ്റയിലിനെതിരെ ആരോപണമുയര്‍ന്ന സമയത്താണ് പര്‍പ്പിള്‍ നിറത്തിലുള്ള തന്റെ ലാപ്ടോപ്പ് ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ബെന്നി ബഹനാന്റെ വീട്ടില്‍വെച്ച് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ആ ലാപ്ടോപ്പിലാണ്. പരാതി നല്‍കാനെന്ന് തെറ്റിദ്ധരിപ്പിച്ച് വാങ്ങിയ ലാപ്ടോപ്പിലെ തെളിവുകള്‍ ഇവര്‍ മാധ്യമങ്ങള്‍ക്ക് കൈമാറുകയായിരുന്നു. സംഭവത്തിനുശേഷം പലതവണ ലാപ്ടോപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പലകാരണങ്ങള്‍ പറഞ്ഞ് ഒഴിയുകയാണുണ്ടായത്. സംസാരിച്ചപ്പോള്‍ ലാപ്ടോപ്പ് കോയമ്പത്തൂരിലാണെന്നും കിട്ടാന്‍ താമസമെടുക്കുമെന്നുമാണ് പറഞ്ഞത്.
തന്റെ സ്ഥലത്തിന്റേതടക്കം കുറച്ച് രേഖകള്‍ ലാപ്ടോപ്പിലാണ്. പത്തുകോടിയോളം രൂപ പുറത്തുനിന്ന് കിട്ടാനുണ്ട്. ആ ഇടപാടിനുവേണ്ടിയാണ് ലാപ്ടോപ് ആവശ്യപ്പെട്ടത്. ലാപ്ടോപ് കിട്ടിയേ മടങ്ങൂ എന്നുപറഞ്ഞ് യുവതി വീട്ടുമുറ്റത്തു നിന്നു. ഇതിനിടെ ഇക്കാര്യങ്ങള്‍ പറഞ്ഞ് ഇവര്‍ മുറ്റത്തുനിന്ന് ബഹളംവെയ്ക്കുകയായിരുന്നു.
നേരത്തെ ഒത്തുതീര്‍പ്പിനായി ഉമ്മന്‍ചാണ്ടി ഇടപെട്ടെന്നും നഷ്ടപരിഹാരം വാങ്ങി നല്‍കാമെന്ന് അന്ന് വാക്കു നല്‍കിയിരുന്നെന്നുമാണ് യുവതി പറയുന്നത്. ഉമ്മന്‍ചാണ്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞു.
ഇതോടെ ബഹളം ഉച്ചത്തിലായി. തുടര്‍ന്ന് ഈസ്റ്റ് പൊലീസില്‍ അറിയിക്കുകയും വനിതാ പൊലീസ് എത്തി അനുനയിപ്പിച്ച് തിരികെ അയയ്ക്കുകയായിരുന്നു.