
കോട്ടയം: എണ്ണ,പാല്‍ ഉള്‍പ്പെടെയുള്ളവയില്‍ വ്യാജന്‍മാരുടെ വിളയാട്ടം നടക്കാനിരിക്കേ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നിശ്‌ചലം.
പച്ചമീന്‍ കഴിച്ച് നിരവധി പേരില്‍ ഭക്ഷ്യവിഷബാധയുണ്ടായതായി പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ പരിശോധനയ്‌ക്കു മുതിരുന്നില്ലെന്ന് ആക്ഷേപം.
ആഘോഷങ്ങളോട് അനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശോധനകള്‍ ശക്‌തമാകേണ്ട സമയമാണിത്.
വെളിച്ചെണ്ണ വിലയില്‍ കുതിപ്പുണ്ടായതിനെ തുടര്‍ന്ന്, വ്യാജ വെളിച്ചെണ്ണകള്‍ വിപണിയില്‍ സുലഭമായിരുന്നു.
ഇതോടെ, മായം ചേര്‍ക്കല്‍ തടയുന്നതിനും സുരക്ഷിതമായ ഭക്ഷ്യവസ്‌തുക്കളുടെ ലഭ്യത ഉറപ്പുവരുത്താനുമായി പരിശോധന ശക്‌തമാക്കിയിരുന്നു. രണ്ടാഴ്‌ച മുമ്പ് ഏതാനും ഇടങ്ങളില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചതില്‍ ഈ പരിശോധന ഒതുങ്ങി.
പരിശോധനാ ഫലങ്ങള്‍ ഇതുവരെയും വരാത്തതിനാല്‍ വ്യാജന്‍മാര്‍ വിപണിയിലുണ്ടെങ്കിലും അവയുടെ വില്‍പ്പന യഥേഷ്‌ടം നടക്കും.
ഓണവുമായി ബന്ധപ്പെട്ട് അന്യസംസ്‌ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന മായം കലര്‍ന്ന പാല്‍, എണ്ണ, നെയ്യ്, ശര്‍ക്കര ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കള്‍ വ്യാപകമായി എത്താനുള്ള സാധ്യതയേറെയാണ്.
എന്നാല്‍, ഇതുവരെ പരിശോധനയെക്കുറിച്ച് അധികൃതര്‍ ആലോചിച്ചു പോലും തുടങ്ങിയിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഴകിയ ഭക്ഷ്യവസ്‌തുക്കള്‍, പഴകിയ മീനുകള്‍ തുടങ്ങിയവയുടെ പരിശോധനകള്‍ നിലച്ച മട്ടാണ്. അടുത്തിടെ ജില്ലയില്‍ പലയിടങ്ങളിലും മീന്‍ കഴിച്ചു ഭക്ഷ്യവിഷബാധയുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് അധികൃതര്‍.
ഇപ്പോള്‍ ജില്ലയില്‍ എമ്പാടും വഴിയോരങ്ങഴില്‍ മീന്‍ വില്‍പ്പന തകൃതിയായി നടക്കുന്നുണ്ട്.എന്നാല്‍, ഇവയുടെ ഗുണനിലവാര പരിശോധന ഒരിടത്തും ഉണ്ടാകുന്നില്ല. ജില്ലയില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ നാല് സ്‌പെഷല്‍ സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
വ്യാപാരസ്‌ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ പിഴയടക്കല്‍, നോട്ടീസ് നല്‍കല്‍ എന്നിവയിലൊതുങ്ങുന്നു നടപടി.
ഭക്ഷ്യവസ്‌തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന ഫലം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതും നടപടി നീളാന്‍ ഇടയാക്കുന്നതായി ആരോപണമുണ്ട്.