കടമക്കുടിയിലെ ഏകവോട്ടർ; 75-കാരനായ കെ.സി. ജോസഫ്

Spread the love

കടമക്കുടി: കാൽനൂറ്റാണ്ടായി എല്ലാ തിരഞ്ഞെടുപ്പുകളിലും നൂറുശതമാനം വോട്ട് രേഖപ്പെടുത്തുന്നയിടമാണ് മുറിക്കൽ ദ്വീപ്. ഒരാൾമാത്രം താമസിക്കുന്ന പ്രകൃതിമനോഹരമായ ദ്വീപ്‌ ആണ് ‘മുറിക്കൽ’. 1341-ലെ മഹാപ്രളയത്തിലാണ് വൈപ്പിൻ ദ്വീപസമൂഹങ്ങളിൽനിന്ന്‌ വേർപെട്ട് ‘മുറിക്കൽ’ ദ്വീപുണ്ടാകുന്നത്.

video
play-sharp-fill

രണ്ടരയേക്കറോളം വിസ്‌തൃതിയുള്ള ദ്വീപിലെ ഏകവോട്ടറാണ് 75-കാരനായ കെ.സി. ജോസഫ്. രണ്ടരപതിറ്റാണ്ടു മുൻപുവരെ ജോസഫിനുപുറമേ സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടെ മുറിക്കലിൽ 19 വോട്ടർമാരുണ്ടായിരുന്നു.

പിന്നീട് കൂടുതൽ ജീവിതസൗകര്യങ്ങൾതേടി മറ്റുള്ളവരെല്ലാം ദ്വീപ് ഉപേക്ഷിച്ചുപോയതോടെ ജോസഫ് തനിച്ചായി. പരിമിതികളുണ്ടെങ്കിലും ജനിച്ചുവളർന്നയിടം വിട്ടുപോകാൻ ജോസഫ് ഒരുക്കമായിരുന്നില്ല. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ ഭയമേതുമില്ലാതെ ദ്വീപിൽ തനിച്ചായി ജോസഫ് തുടർന്നു. നെല്ലും പച്ചക്കറിയും മത്സ്യവുമൊക്കെ കൃഷിചെയ്തു ജീവിതം മുന്നോട്ടുകൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷീറ്റുവലിച്ചുകെട്ടിയ ഒറ്റമുറിവീട്ടിലാണ് താമസം. സ്വന്തമായി റേഷൻകാർഡ് ഇല്ലാത്തതാണ് ലൈഫ് ഉൾപ്പെടെയുള്ള ഭവനപദ്ധതിയിൽ വീടുകിട്ടാൻ തടസ്സമായത്. കാർഡ് കിട്ടിയപ്പോൾ എപിഎൽ വിഭാഗത്തിലായതും സഹായങ്ങൾ ലഭ്യമാകാൻ തടസ്സമായി. നിലവിൽ ബിപിഎല്ലിലേക്ക് മാറിയിട്ടുണ്ട്.

അത്യാവശ്യകാര്യങ്ങൾക്കുമാത്രം സ്വന്തം ചെറുവഞ്ചിയിൽ മറുകരകളിലെത്തും. പുറംലോകത്തെ വാർത്തകൾ അറിയാൻ റേഡിയോ മാത്രമായിരുന്നു ആശ്രയം. കൃത്യമായ രാഷ്ട്രീയനിലപാടുള്ള ജോസഫ്, തിരഞ്ഞെടുപ്പിലെ ഓരോ വാർത്തയും അറിഞ്ഞിരുന്നതും റേഡിയോ വഴി.