
കലൂർ സ്റ്റേഡിയത്തിൽ നടന്ന വിവാദ നൃത്ത പരിപാടി: 25,000 പേരെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നത് 25 പോലീസുകാർ മാത്രം; പരിപാടിക്കായി കൊച്ചി മെട്രോ 50% യാത്രാ ഇളവ് അനുവദിച്ചു; സംഘാടകരുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്ന് മെട്രോ അധികൃതരുടെ വിശദീകരണം
കൊച്ചി: കൊച്ചിയിൽ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ വിവാദ നൃത്ത പരിപാടിയിൽ 25,000 പേരെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നത് 25 പോലീസുകാർ. പരിപാടിക്കായി 25 പോലീസുകാർ മതിയെന്നാണ് സംഘാടകരായ മൃദംഗ വിഷൻ പോലീസിനെ അറിയിച്ചത്.
25 പേർക്കായി പോലീസിൽ നിയമപ്രകാരമുള്ള പണവും അടച്ചിരുന്നു. 150ഓളം സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർ പോലീസുകാർക്ക് പുറമെ പരിപാടിക്ക് ഉണ്ടാവുമെന്നും അതുകൊണ്ടു തന്നെ കൂടുതൽ പോലീസുകാർ വേണ്ടെന്നും സംഘാടകർ പോലീസിനെ അറിയിക്കുകയുമായിരുന്നു. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടന്ന പരിപാടിക്ക് കൊച്ചി മെട്രോ യാത്രാ ഇളവ് അനുവദിക്കുകയും ചെയ്തു.
നർത്തകർക്ക് സ്റ്റേഡിയത്തിലേക്ക് പോകാനും വരാനും ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവാണ് അനുവദിച്ചത്. സംഘാടകരായ മൃദംഗ വിഷൻ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കൊച്ചി മെട്രോയുടെ ഇളവ്. പരിപാടിക്ക് പൂർണമായും സൗജന്യ യാത്ര അനുവദിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നെങ്കിലും 50 ശതമാനം ഇളവാണ് അനുവദിക്കപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കൂടുതൽ യാത്രക്കാർ മെട്രോയിൽ കയറട്ടെ എന്നു കരുതിയാണ് യാത്രാ ടിക്കറ്റിൽ ഇളവ് അനുവദിച്ചതെന്ന് കൊച്ചി മെട്രോ വിശദീകരിച്ചു. കലൂർ സ്റ്റേഡിയത്തിൽ പരിപാടികൾ നടക്കുമ്പോൾ സംഘാടകർ ആവശ്യപ്പെട്ടാൽ ഇത്തരം ഇളവുകൾ അനുവദിക്കാറുണ്ടെന്നും അതല്ലാതെ കൊച്ചി മെട്രോയ്ക്ക് ഈ പരിപാടിയുടെ സംഘാടകരുമായി സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്നും മെട്രോ അധികൃതർ വിശദീകരിച്ചു.