ഓണ്‍ലൈനായി ഓർഡര്‍ ചെയ്തത് 16,999 രൂപയുടെ മൊബൈൽ ഫോണ്‍: കിട്ടിയത് ഡേറ്റ് കഴിഞ്ഞ മൂന്ന് ടിന്‍ പൗഡര്‍; വിവരം വ്യാപാര സ്ഥാപനത്തെ അറിയിച്ചപ്പോൾ ഫോട്ടോ അയച്ച് നൽകാൻ മറുപടി; നെടുങ്കണ്ടം സ്വദേശിനിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

Spread the love

സ്വന്തം ലേഖിക

നെടുങ്കണ്ടം: ഓണ്‍ലൈനായി മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്ത നെടുങ്കണ്ടം സ്വദേശിനിക്ക് ലഭിച്ചത് എക്സ്പയറി ഡേറ്റ് കഴിഞ്ഞ മൂന്ന് പൗഡര്‍ ടിന്നുകള്‍.

മുണ്ടിയെരുമയിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനായി ഭാര്യ അഞ്ജന കൃഷ്ണ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് വരുത്തിച്ച ഫോണിന് പകരമാണ് പൗഡര്‍ ടിന്‍ എത്തിയത്. സംഭവത്തില്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും ഉപഭോക്തൃ കോടതിയിലും അഞ്ജന കൃഷ്ണ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെക്കുറിച്ച്‌ അഞ്ജന പറയുന്നത് ഇങ്ങനെ. 16,999 രൂപയ്ക്കാണ് ഫോണ്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തത്. ഈ മാസം 16ന് ഡെലിവറി ബോയ് വിളിച്ച്‌ ഫോണ്‍ എത്തിയിട്ടുണ്ടെന്ന വിവരം അറിയിച്ചു. അഞ്ജന വിവരമറിയിച്ചതിന് പിന്നാലെ ഭര്‍ത്താവ് ഫോണ്‍ വാങ്ങാനായി ടൗണിലെത്തി.

ഫോണ്‍ വാങ്ങിയതിന് പിന്നാലെ ബോക്സ് പൊട്ടിച്ച്‌ നോക്കാന്‍ ശ്രമിച്ചെങ്കിലും ഡെലിവറിബോയ് അത് സമ്മതിച്ചില്ല. പിന്നീട് ക്യാഷ് ഓണ്‍ ഡെലിവറി നടത്തി ഫോണ്‍ വാങ്ങി. പ്രോസസിങ് ചാര്‍ജുകള്‍ അടക്കം 17,028 രൂപയാണ് ഡെലിവറിബോയ്ക്ക് കൈമാറിയത്. ഫോണ്‍ വാങ്ങി വീട്ടില്‍ എത്തിച്ച്‌ ബോക്സ് തുറന്നപ്പോഴാണ് പറ്റിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്.
ബോക്സിനുള്ളിലുണ്ടായിരുന്നത് കാലാവധി കഴിഞ്ഞ മൂന്ന് പൗഡര്‍ ടിന്നുകള്‍ ആയിരുന്നു.
ബോക്സിനുള്ളില്‍ ഫോണില്ലെന്ന് ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തെ വിവരം അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ല. ബോക്സിനുള്ളില്‍നിന്നു ലഭിച്ച ടിന്നുകളുടെ ചിത്രം അയച്ച്‌ നല്‍കാനാണ് ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനം ആവശ്യപ്പെട്ടത്.

ഇതോടെയാണ് യുവതി പരാതി നല്‍കിയത്. ഓര്‍ഡര്‍ ചെയ്ത ഫോണിന്റെ ഭാരം 197 ഗ്രാം ആണ്. ഇതേ ഭാരമായിരുന്നു പൗഡര്‍ ടിന്നുകള്‍ക്കും. ബോക്സില്‍ ടിന്നുകള്‍ കുലുങ്ങി ശബ്ദമുണ്ടാകാതിരിക്കാനും തട്ടിപ്പ് സംഘം ശ്രദ്ധിച്ചിരുന്നു. സംഭവത്തെക്കുറിച്ച്‌ നെടുങ്കണ്ടം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.