ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ കൂടി ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് കോട്ടയം ഇലക്കാട് സ്വദേശിയിൽ നിന്ന് പല തവണകളായി 86 ലക്ഷം രൂപ തട്ടിയെടുത്തു; പ്രതി കോട്ടയം സൈബർ പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം: കോട്ടയം ഇലക്കാട് സ്വദേശിയായ യുവാവിന്റെ പക്കൽ നിന്നും ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ കൂടി ലാഭം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 2025 ജൂൺ 10മുതൽ ജൂലൈ 25 വരെ പല തവണകളായി 86 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ എറണാകുളം ചിറ്റൂർ മൂലമ്പള്ളി ഭാഗത്ത് മാളിയേക്കൽ വീട്ടിൽ ജോസഫ് മകൻ 33 വയസ്സുള്ള ജെവിൻ ജേക്കബിനെ എറണാകുളം വൈപ്പിൻ എളങ്കുന്നപ്പുഴ, പനയ്ക്കപ്പാടം ഭാഗത്ത് നിന്നും കോട്ടയം സൈബർ പോലീസ് അറസ്റ്റ് ചെയ്തു.

ഓൺലൈൻ ട്രേഡിങ് ബിസിനസ്സിലൂടെ ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു കൊണ്ട് യുവാവിനെ പ്രതി ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി തുടർന്ന് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെറിയ ലാഭം തിരിച്ചു നൽകുകയും ചെയ്തു. പിന്നീട് വലിയ തുക നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്നും വിശ്വസിപ്പിച്ചു പണം തട്ടിയെടുക്കുകയായിരുന്നു. നിക്ഷേപിച്ച തുകയുടെ ലാഭ വിഹിതം ഇവരുടെ തന്നെ ഓൺലൈൻ വെർച്ച്വൽ അക്കൗണ്ടിൽ കാണിക്കുകയും തുക പിൻവലിക്കാൻ 14 മുതൽ 21 ദിവസം വരെ സമയമെടുക്കുമെന്നും അറിയിച്ചിരുന്നു. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാൽ സംശയം തോന്നിയ യുവാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.

സംസ്ഥാനത്തുടനീളം സഞ്ചരിച്ച് തട്ടിപ്പുകള്‍ നടത്തി വന്ന പ്രതിയെ 10 ദിവസമായി വിവിധ മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് കോട്ടയം സൈബർ സെൽ നടത്തിയ അന്വേഷണത്തിനൊടുവില്‍ ജില്ലാ പോലീസ് മേധാവി ശ്രീ. ഷാഹുൽ ഹമീദ് എ. IPS ന്‍റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് DySP ശ്രീ. അനില്‍കുമാർ വി.എസ് , കോട്ടയം സൈബർ പോലീസ് സ്റ്റേഷൻ SHO ഹണി കെ. ദാസ്, SI സുരേഷ് കുമാർ, ASI മാരായ ഷൈൻകുമാർ കെ.സി, തോമസ് ടി.വി., CPO രാഹുൽ എന്നിവരടങ്ങുന്ന സൈബർ ടീം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പല സംസ്ഥാനങ്ങളിലായി സമാനമായ 8 കേസുകള്‍ നിലവിലുണ്ടെങ്കിലും പിടിയിലാകുന്നത് ആദ്യമായാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group