ശബരിമല ദർശനത്തിന് രജിസ്റ്റർ ചെയ്ത യുവതികൾ പിന്മാറുന്നു; സമാധാനപരമായ ദർശനം സാധിക്കാത്തതിനാലെന്ന് വിശദീകരണം

ശബരിമല ദർശനത്തിന് രജിസ്റ്റർ ചെയ്ത യുവതികൾ പിന്മാറുന്നു; സമാധാനപരമായ ദർശനം സാധിക്കാത്തതിനാലെന്ന് വിശദീകരണം

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമല ദർശനത്തിന് എല്ലാ തീർത്ഥാടകർക്കും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാവുന്ന വെർച്ച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്ത യുവതികൾ പിൻമാറുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യുവതികളും പമ്പയിൽ യാത്ര അവസാനിപ്പിക്കുകയാണ്. മണ്ഡലകാലം തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും ശബരിമല ദർശനത്തിന് സംരക്ഷണം തേടി യുവതികളാരും പൊലീസിനെ സമീപിക്കുന്നില്ല. ആദ്യ ദിനങ്ങളിൽ അഞ്ഞൂറിലേറെ പേർ വെർച്ചൽ ക്യൂവിൽ രജിസ്റ്റർ ചെയ്‌തെങ്കിലും പിന്നീട് എണ്ണം കുറഞ്ഞു, ഇപ്പോൾ നിത്യേനെ അഞ്ചോ പത്തോ പേർ മാത്രമാണ് രജിസ്റ്റർ ചെയ്യുന്നത്. ഇവരിൽ തന്നെ പലരും വരുന്നുമില്ല. വരുന്നവരാകട്ടെ സുരക്ഷാ ക്രമീകരണം സംബന്ധിച്ച പൊലീസിന്റെ വിശദീകരണം കേൾക്കുമ്പോൾ പിൻമാറുകയും ചെയ്യുന്നു.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ദർശനം നടത്താനാഗ്രഹിക്കുന്ന 10 നും 50 നും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് സംരക്ഷണം തേടാനായി പൊലീസ് ഏർപ്പെടുത്തിയ സംവിധാനമാണ് 12890 എന്ന ടോൾ ഫ്രീ നമ്പർ. ദർശനം നടത്താനാഗ്രഹിക്കുന്ന സ്തീകൾക്ക് ഏത് സംസ്ഥാനത്തു നിന്നും ഈ നമ്പറിൽ വിളിച്ച് സംരക്ഷണം തേടാം. ഈ നമ്പറിൽ വിളിച്ച് ആദ്യം സംരക്ഷണം തേടിയത് തൃപ്തി ദേശായിയാണ്. പൊലീസിന് നൽകാനാവുന്നതിലേറെയുള്ള സൗകര്യങ്ങൾ ആവശ്യപ്പെട്ട തൃപ്തി ദേശായി പ്രതിഷേധത്തെത്തുടർന്ന് മടങ്ങി. അതിനുശേഷം മറ്റൊരു യുവതിയും ഈ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും പിന്നീട് പിന്മാറി. എഡിജിപി അനിൽ കാന്തിന്റെയും ഐജി മനോജ് എബ്രഹാമിന്റെയും നേതൃത്വത്തിലാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം നടക്കുന്നത്. നിലവിൽ ഒരു സ്ത്രീയും ശബരിമല ദർശനത്തിനായി സംരക്ഷണം തേടിയിട്ടില്ലന്ന് പൊലീസ് ചീഫ് കൺട്രോൾ റൂം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ യുവതികളിൽ ആരെങ്കിലും മല ചവിട്ടാൻ സന്നദ്ധരായി എത്തിയാൽ സ്വീകരിക്കേണ്ട സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറിന് രൂപം നൽകിയിട്ടുണ്ടെന്നും പക്ഷേ ആരും സന്നദ്ധരായി എത്തുന്നില്ലെന്നും പൊലീസ് പറയുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുടുംബത്തോടൊപ്പമെത്തുന്ന യുവതികൾക്ക് വിശ്രമിക്കാനായി പമ്പ പൊലീസ് സ്റ്റേഷനിലും ഗാർഡ് റൂമിലും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. എന്നാൽ സമാധാനപരമായ ദർശനം സാധിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് യുവതികൾ പിന്മാറുന്നതെന്നാണ് നിഗമനം.