play-sharp-fill
ഓൺലൈൻ നിക്ഷേപത്തട്ടിപ്പ്; നഷ്ടമായത് 15 ലക്ഷം; 10 കേസുകൾ രജിസ്റ്റർചെയ്തു

ഓൺലൈൻ നിക്ഷേപത്തട്ടിപ്പ്; നഷ്ടമായത് 15 ലക്ഷം; 10 കേസുകൾ രജിസ്റ്റർചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ കോളേജ് അധ്യാപകരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തതിന് സമാനമായി സംസ്ഥാനത്ത് പലയിടത്തും ഓൺലൈൻ നിക്ഷേപത്തട്ടിപ്പ് വ്യാപകമായതായി പൊലീസ് . 15 ലക്ഷത്തോളം രൂപയാണ് മൊബൈൽ യുപിഎ ആപ്പുകളുടെ മറവിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി ഇതുവരെ തട്ടിയെടുത്തതെന്ന് പൊലീസ് സൈബർഡോം സ്ഥിരീകരിച്ചു. ആകെ 10 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ജാർഖണ്ഡ് കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് കഴിഞ്ഞദിവസം കോട്ടയം സിഎംഎസ് കോളേജ് അധ്യാപകന്റെ അക്കൗണ്ടിൽ നിന്നും 1.62 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ചങ്ങനാശേരിയിലെ അഞ്ച് അധ്യാപകരുടെ അക്കൗണ്ടുകളിൽ നിന്ന് ഒന്നരലക്ഷത്തോളം രൂപ തട്ടിയെടുത്തു. കോട്ടയം സിഎംഎസ് കോളേജിലെ മറ്റൊരു അധ്യാപികയുടെ 18,153 രൂപയും നഷ്ടമായിരുന്നു. വേറെ നിരവധിപേരെയും ഓൺലൈൻ തട്ടിപ്പുകാർ ലക്ഷ്യമിട്ടിരുന്നു. നിരവധി പേരുടെ ഫോണുകളിൽ തട്ടിപ്പുകാരുടെ സന്ദേശം എത്തിയിരുന്നു. അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ഉടമയെ ധരിപ്പിച്ച് യുപിഐ ആപ്ലിക്കേഷനുകളിലെ വീഴ്ചകൾ മുതലെടുത്താണ് പുതിയ തട്ടിപ്പെന്ന് പൊലീസ് അറിയിച്ചു. ഇത്തരം വീഴ്ചകൾക്കെതിരെ റിസർവ് ബാങ്കിന് പൊലീസ് സൈബർഡോം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തട്ടിപ്പ് അരങ്ങേറുന്നത് ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പുസംഘം സ്മാർട്ട്‌ഫോണിൽ വിവിധ ബാങ്കുകളുടെ യുപിഐ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തശേഷം തങ്ങളുടെ ഫോൺ നമ്പർ അക്കൗണ്ടുമായി ലിങ്ക് ചെയ്യാനുള്ള സന്ദേശം അയയ്ക്കും. ഈ സന്ദേശം അയയ്ക്കുന്നതിന് മുമ്പ് മൊബൈൽഫോൺ ‘ഫ്‌ളൈറ്റ് മോഡ്’ ഇടുന്നതിനാൽ തട്ടിപ്പുസംഘത്തിന്റെ ഫോണിൽ നിന്നും സന്ദേശം പോകാതെ ഔട്ട് ബോക്‌സിൽ നിൽക്കും. ഔട്ട്‌ബോക്‌സിലുള്ള എസ്എംഎസുകൾ കബളിപ്പിക്കാൻ ഉദ്ദേശിക്കുന്ന നിക്ഷേപകന്റെ ഫോണിലേക്ക് അയയ്ക്കും. ബാങ്ക് അക്കൗണ്ട് നമ്പരുകളും എടിഎം കാർഡ് വിശദാംശങ്ങളും മനസിലാക്കിയിട്ടുള്ള തട്ടിപ്പുകാരൻ നിക്ഷേപകനെ മൊബൈൽ നമ്പറിലേക്ക് നേരിട്ട് വിളിക്കും. കാർഡ് ബ്ലോക്കായെന്നും പുതിയ ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡ് ലഭിക്കുന്നതിന് നിക്ഷേപകരുടെ മൊബൈലിൽ വന്നിട്ടുള്ള എസ്എംഎസ് ബാങ്കിലേക്ക് അയച്ചുകൊടുക്കണമെന്നും തട്ടിപ്പുകാരൻ ആവശ്യപ്പെടും. തട്ടിപ്പുകാരന്റെ വലയിൽ വീഴുന്ന നിക്ഷേപകൻ തങ്ങൾക്ക് വന്നിട്ടുള്ള പ്രത്യേക കോഡുകൾ അടങ്ങിയ എസ്എംഎസ്, ബാങ്കിന്റെ എസ്എംഎസ് ഗേറ്റ് വേയിലേക്ക് അയച്ചുകൊടുക്കും. അപ്പോൾ തന്നെ തട്ടിപ്പുകാരുടെ മൊബൈൽ നമ്പരും മൊബൈൽ ഫോണും നിക്ഷേപകരുടെ ബാങ്കിലുള്ള എല്ലാ അക്കൗണ്ടുകളുമായി ലിങ്ക് ആകും.

പിന്നീട് നിക്ഷേപകന് അക്കൗണ്ടിലുള്ള എല്ലാ നിയന്ത്രണവും എടുത്തുകളയാൻ തട്ടിപ്പുകാർ ‘എംപിൻ’സെറ്റ് ചെയ്യും. ഇതിനായുള്ള എസ്എംഎസ് വീണ്ടും നിക്ഷേപകന് അയച്ചു കൊടുക്കും. തുടർന്ന് നിക്ഷേപകനെ വിളിച്ച് ഈ ഒടിപി ആവശ്യപ്പെടും. ഒടിപി പറഞ്ഞുകൊടുക്കുന്നതോടെ അക്കൗണ്ടിന്റെ പൂർണനിയന്ത്രണം തട്ടിപ്പുകാരിലാവും. യഥേഷ്ടം പണം പിൻവലിക്കാനും സാധിക്കും.

ഓൺലൈൻ തട്ടിപ്പിനെ എങ്ങനെ പ്രതിരോധിക്കാം

പരിചയമില്ലാത്ത ഫോൺ നമ്പറിൽ നിന്നുള്ള കോളുകളോട് പ്രതികരിക്കാതിരിക്കുക. ബാങ്കിൽ നിന്നെന്ന വ്യാജേനയുള്ള ഫോൺകോളുകൾ ഉടനെ കട്ട് ചെയ്യുക. തട്ടിപ്പിൽ പണം നഷ്ടമായാൽ ഉടനെ ബാങ്കിൽ ബന്ധപ്പെട്ട് അക്കൗണ്ടിലെ ഓൺലൈൻ ഇടപാടുകൾ ബ്ലോക്ക് ചെയ്യണം.
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ബ്ലോക്ക് ചെയ്യണം. ജില്ലാ സൈബർ സെല്ലിലും പരാതി നൽകണം. ഒരു കാരണവശാലും ഒടിപി, കാർഡ് വിവരങ്ങൾ ആരോടും പറയരുത്. അപരിചിതരുടെ പക്കൽനിന്നും ലഭിക്കുന്ന എസ്എംഎസുകളും ആർക്കും ഫോർവേഡ് ചെയ്യരുത്.