play-sharp-fill
ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ട രണ്ട് വാക്കുകൾ മാത്രം ശരീരത്തിൽ എഴുതിവച്ച് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം ; വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ട രണ്ട് വാക്കുകൾ മാത്രം ശരീരത്തിൽ എഴുതിവച്ച് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം ; വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ട രണ്ട് വാക്കുകൾ മാത്രം ശരീരത്തിൽ എഴുതിവച്ച് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. വീട്ടമ്മയുടെ മരണത്തിൽ ആറു മാസങ്ങൾക്ക് ശേഷമാണ് കണ്ണൂർ ടൗൺ പൊലീസ് പ്രതിയെ കണ്ടെത്തിയത്. പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ കീഴ്ത്തള്ളി ഓവുപാലത്തിന് സമീപത്തെ അരവിന്ദത്തിൽ പി. ജിതിനെയാണ് (29) ടൗൺ സി.ഐ പ്രദീപൻ കണ്ണിപ്പൊയ്‌ലിന്റെയും എസ്.ഐ ബാവിഷിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

2019 മെയ് മാസത്തിലാണ് വീട്ടമ്മ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. ഭർത്താവിന്റെ പരാതിയിൽ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. നല്ല നിലയിൽ കുടുംബത്തോടൊപ്പം ജീവിച്ചിരുന്ന യുവതിയുടെ മരണ കാരണം പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് അന്വേഷണം കണ്ണൂർ ഡിവൈ.എസ്.പി പി.പി സദാനന്ദന്റെ മേൽനോട്ടത്തിൽ ടൗൺ പൊലീസ് സ്‌റ്റേഷനിലെ പ്രത്യേക അന്യേഷണ സംഘത്തെ ഏൽപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തിൽ നിന്നും ലഭിച്ച രണ്ട് വാക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഓൺലൈൻ ഗെയിമിനോട് സാമ്യമുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ കൂടി സ്ത്രീകളെ പരിചയപ്പെട്ട് ചൂഷണം ചെയ്യുന്നതാകാം മരണ കാരണമെന്ന നിഗമനത്തിൽ എത്തിയത്. അത്തരം കേസുകളിലെ പ്രതികളെ നിരീക്ഷിക്കുകയും സൈബർ സെൽ ടീം കൺട്രോളർ ശ്രീജിത്ത് നൽകുന്ന ഡാറ്റ സോഴ്സ് റിപ്പോർട്ടുകൾ വിലയിരുത്തിയുമാണ് പ്രതിയിലേക്ക് എത്തിയതെന്ന് പൊലീസ് അറിയിച്ചു.

വ്യാജ ഫെയസ്്ബുക്ക് അക്കൗണ്ടുകൾ നിർമ്മിച്ചായിരുന്നു തട്ടിപ്പ്. വീട്ടമ്മമാരെ കബളിപ്പിക്കാൻ കാവ്യ, നീതു, ശരത്, മോഹൻ, ജിത്തു തുടങ്ങിയ നിരവധി പേരിലാണ് അക്കൗണ്ടുകൾ നിർമ്മിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ സഞ്ജയ് കണ്ണാടിപ്പറമ്പ്, വനിതാ ഓഫീസർ ഗിരിജ, വിജേഷ്, ഷിൻജു എന്നിവരായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയുടെ പേരിൽ മുൻപും സമാന പരാതികൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി പ്രതിയെ പൊലീസ് റിമാൻഡ് ചെയ്തു.