ആറു ലക്ഷം രൂപയുടെ അന്തർസംസ്ഥാന ഓൺലൈൻ തട്ടിപ്പ് കേസ്; കോട്ടയത്ത് നിന്ന് പശ്ചിമ ബംഗാളിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോവുന്നതിനിടെ രക്ഷപ്പെട്ട പ്രതി പെരുവന്താനം പൊലീസിന്റെ പിടിയിലായി.പിടിയിലാവുന്നത് വള്ളിയങ്കാവിൽ കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ

Spread the love

ഇടുക്കി : പശ്ചിമ ബംഗാളിൽ ഓൺലൈൻ തട്ടിപ്പ് കേസിൽ പിടിയിലായ ശേഷം രക്ഷപ്പെട്ട പ്രതിയെ ഇടുക്കി പെരുവന്താനം പൊലീസ് പിടികൂടി. പാലക്കാട് ചങ്കരംചാത്ത് സ്വാതിനിവാസില്‍ ആനന്ദൻ പി.

തമ്ബി (42) പെരുവന്താനം പോലീസിന്‍റെ പിടിയിലായത്.പശ്ചിമ ബംഗാളില്‍ നടന്ന ആറു ലക്ഷം രൂപയുടെ ഓണ്‍ലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് വിധാൻ നഗർ പോലീസ് ഹോട്ടല്‍ ജീവനക്കാരനായ ആനന്ദനെ ഒന്നര മാസങ്ങള്‍ക്കു മുമ്പ് കോട്ടയത്തെത്തി അറസ്റ്റ് ചെയ്തിരുന്നു.

കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയെ ഇവിടെ നിന്ന് ജൂണ്‍ 27 ന് ഷാലിമാർ എക്സ്പ്രസില്‍ ട്രെയിൻ മാർഗം പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകുംവഴി കോയമ്പത്തൂരിന് സമീപം പോത്തന്നൂർ ഭാഗത്തുവച്ച്‌ ഇയാള്‍ ട്രെയിനില്‍നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെനിന്നു മുങ്ങിയ പ്രതി പിന്നീട് പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയില്‍ വള്ളിയങ്കാവിലെത്തി ലോഡ്ജില്‍ മുറിയെടുത്ത് കുടുംബസമേതം ഒളിവില്‍ കഴിയുകയായിരുന്നു. വള്ളിയങ്കാവില്‍ ഒരാള്‍ കുടുംബസമേതം സംശയാസ്പദമായി താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരുവന്താനം സിഐ ത്രിദീപ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്.

പശ്ചിമ ബംഗാളിലെ ഓണ്‍ലൈൻ തട്ടിപ്പ് സംഘം തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം കേരളത്തിലുള്ള ആനന്ദന്‍റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ഇതിന് കമ്മീഷൻ കൈപ്പറ്റിയശേഷം ബാക്കി തുക തട്ടിപ്പുകാരുടെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി നല്‍കുകയുമാണ് ഇയാള്‍ ചെയ്തിരുന്നതെന്നു പറയുന്നു.

പശ്ചിമ ബംഗാളില്‍ എത്തിച്ച്‌ കൂടുതല്‍ തെളിവെടുപ്പ് നടത്തിയെങ്കില്‍ മാത്രമേ ഇയാള്‍ ഏതൊക്കെ രീതിയിലുള്ള ഓണ്‍ലൈൻ തട്ടിപ്പിന് കൂട്ടുനിന്നു എന്ന വിവരം വ്യക്തമാവുകയുള്ളൂ.

പശ്ചിമബംഗാള്‍ സംഘങ്ങളുമായി ചേർന്ന് കേരളത്തില്‍നിന്നുള്ള ആളുകളുടെ പണം തട്ടിയിട്ടുണ്ടോ എന്ന വിവരവും തുടർന്നുള്ള അന്വേഷണത്തിലേ ബോധ്യമാവുകയുള്ളൂ.

പെരുവന്താനം സബ് ഇൻസ്പെക്ടർ സതീഷ്, സീനിയർ സിവില്‍ പോലീസ് ഓഫീസർ ഷമീർ, സിപിഒ മാരായ ജോമോൻ, സുനീഷ് എസ്. നായർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ പോത്തന്നൂർ പോലീസിന് കൈമാറും.