
ആലുവ : അന്തർസംസ്ഥാന ഓണ്‍ലൈൻ തട്ടിപ്പുകാരൻ ആലുവയില്‍ പിടിയിൽ. അന്യസംസ്ഥാനക്കാരനായ കെ. അജയ് (25) ആണ് തായിക്കാട്ടുകര കമ്ബനിപ്പടിയിലെ ലോഡ്ജില്‍ നിന്നു പിടിയിലായത്.
സംഭവമറിഞ്ഞ് കൊല്‍ക്കത്ത പൊലീസ് വിമാനമാർഗം ഇന്നലെ രാത്രി തന്നെ നെടുമ്ബാശേരി വഴി ആലുവയിലെത്തി.
അന്യസംസ്ഥാനക്കാരനായ കെ. അജയ് (25) ആണ് തായിക്കാട്ടുകര കമ്ബനിപ്പടിയിലെ ഒരു ലോഡ്ജില്‍ നിന്നു പിടിയിലായത്. ഇന്ന് ആലുവ കോടതിയില്‍ പ്രതിയെ ഹാജരാക്കിയ ശേഷം പ്രതിയെ കൊല്‍ക്കത്തക്ക് കൊണ്ടുപോകും. കെ. അജയ് എന്ന പേരില്‍ നാല് സംസ്ഥാനങ്ങളില്‍ നിന്നു ശേഖരിച്ച ആധാർ കാർഡുകള്‍ ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ആധാർ കാർഡില്‍ രാജസ്ഥാൻ ലാഡപൂർ രാജീവ് ഗാന്ധി നഗർ എന്നും മറ്റൊന്നില്‍ ബംഗളൂരു ചീമസാന്ദ്ര എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാർഡുകളിലെല്ലാം പിതാവിന്റെ സ്ഥാനത്ത് കെ. രവീന്ദ്ര എന്നുണ്ട്. പേര് ഉള്‍പ്പെടെ വിലാസങ്ങളെല്ലാം വ്യാജമാകാനാണ് സാദ്ധ്യത.
ബംഗാളില്‍ അഞ്ച് കേസുകളിലായി കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ ശേഷം പ്രതി കേരളത്തിലേക്ക് മുങ്ങിയതായി ബംഗാള്‍ പൊലീസിന് ലഭിച്ച വിവരം ജില്ലാ പൊലീസ് മേധാവി എം. ഹേമലത മുഖേനയാണ് റൂറല്‍ ജില്ലാ സൈബർ പൊലീസിനും ആലുവ ലോക്കല്‍ പൊലീസിനും ലഭിക്കുന്നത്. തോട്ടുമുഖത്തെ ഒരു തേപ്പ് കടയില്‍ പ്രതി ആള്‍മാറാട്ടം നടത്തി ജോലി ചെയ്യുന്നതായും വിവരം ലഭിച്ചു. തേപ്പുകട കണ്ടെത്തിയെങ്കിലും അന്വേഷണത്തില്‍ പ്രതി സ്വന്തം വസ്ത്രങ്ങള്‍ ഇസ്തിരിയിടാനാണ് എത്തിയതെന്ന് ബോദ്ധ്യമായി. പിന്നീട് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ലോഡ്ജുകളില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ആലുവ പൊലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും ജില്ലയിലെ സംസ്ഥാനത്തോ ഇയാള്‍ തട്ടിപ്പുകളൊന്നും നടത്തിയിട്ടില്ലെന്നാണ് പറയുന്നത്. എന്നാല്‍ ബംഗാളിന് പുറമെ രാജസ്ഥാൻ, കർണാടക, സിക്കിം, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ഓണ്‍ലൈൻ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. തങ്ങുന്ന സ്ഥലങ്ങളില്‍ നിന്നും ലാപ് ടോപ്പ്, മൊബൈല്‍ ഫോണുകള്‍, കമ്ബ്യൂട്ടർ എന്നിവ അപഹരിച്ച ശേഷം അവ ഉപയോഗിച്ചാണ് ഓണ്‍ലൈൻ തട്ടിപ്പ് നടത്തിയിരുന്നത്. വ്യത്യസ്ത സിം കാർഡ്, മെയില്‍ ഐ.ഡി എന്നിവ ഉപയോഗിച്ചിരുന്നതിനാല്‍ പൊലീസിന് വേഗത്തില്‍ പ്രതിയിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.
ആലുവ പൊലീസ് ഇൻസ്പെക്ടർ വി.എം. കെഴ്സന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.




