ബാങ്ക് അക്കൗണ്ട് പ്രവർത്തനരഹിതമായെന്ന് സന്ദേശം; പുതുക്കാനായി ആധാർ, അക്കൗണ്ട്, എടിഎം നമ്പറുകൾ നൽകി; എംഎൽഎമാരുടെ പിഎ ആയിരുന്ന റിട്ട. ഗസറ്റഡ് ഉദ്യോഗസ്ഥന് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് ലക്ഷങ്ങൾ

Spread the love

റാന്നി: റിട്ട. ഗസറ്റഡ് ഉദ്യോഗസ്ഥന്റെ ഫോണും വാട്സാപ്പും ഹാക്ക് ചെയ്ത് 7 ലക്ഷം രൂപ തട്ടിയെടുത്തു. എച്ച്.സലാം എംഎൽഎ, മുൻ എംഎൽഎ രാജു ഏബ്രഹാം എന്നിവരുടെ പിഎ ആയിരുന്ന മുക്കട അമ്പാട്ട് എ.ടി.സതീഷിന്റെ യൂണിയൻ ബാങ്ക് റാന്നി ശാഖയിൽ നിന്നാണ് ഇന്റർനെറ്റ് ബാങ്കിംങിലൂടെ പണം തട്ടിയത്.

നവംബർ 28ന് രാത്രി 9 മണിയോടെ സതീഷിന്റെ ബാങ്ക് അക്കൗണ്ട് പ്രവർത്തനരഹിതമായെന്ന് കാട്ടി യൂണിയൻ ബാങ്കിന്റെ പേരിലുള്ള സന്ദേശം വന്നിരുന്നു. അക്കൗണ്ട് പുതുക്കാൻ പിൻ, ആധാർ, അക്കൗണ്ട്, എടിഎം നമ്പറുകൾ അടക്കം വാട്സാപ്പിലൂടെ കൊടുത്തു. പിന്നീട് സന്ദേശങ്ങൾ വന്നില്ല.

നവംബർ 29ന് രാത്രി കടയിൽ നിന്നു സാധനം വാങ്ങി ഗൂഗിൾ പേ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്ന് സതീഷ് അറിയുന്നത്. 29ന് ഉച്ചകഴിഞ്ഞ് 1.54നും 2നും മധ്യേയാണ് 5 തവണയായി പണം തട്ടിയെടുത്തത്. തുടർന്ന് ബാങ്കിൽ നടത്തിയ പരിശോധനയിൽ 29ന് ഉച്ചകഴിഞ്ഞ് 1.54ന് 2.50 ലക്ഷം രൂപയും 1.56ന് 3 ലക്ഷം രൂപയും 1.58ന് 49,999 രൂപയും 50,000 രൂപയും തുടർന്ന് 44,000 രൂപയും പിൻവലിച്ചതായി അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സതീഷ് ബാങ്കിലും പോലീസിലും പത്തനംതിട്ട, കോട്ടയം സൈബർ സെല്ലിലും പരാതികൾ നൽകി. സതീഷിന്റെ ഹാക്ക് ചെയ്ത വാട്സാപ്പ് അക്കൗണ്ടിൽനിന്ന് വ്യാജ സന്ദേശങ്ങളും സുഹൃത്തുക്കൾക്ക് ലഭിക്കുന്നുണ്ട്.