ഓൺലൈൻ പഠനം കെണിയാകുന്നു: ഓൺലൈൻ പഠനത്തിനായി നൽകിയ ഫോണുകൾ കുട്ടികൾ ദുരുപയോഗം ചെയ്യുന്നു: കുട്ടികൾ കൈവിട്ടു പോകുന്നതായി പഠനത്തിൽ കണ്ടെത്തൽ
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: ഒരു വർഷത്തോളമായി സ്‌കൂളുകൾ അടച്ചിട്ടിട്ട്. കുട്ടികളെ പഠനത്തിലേയ്ക്കു തിരികെ കൊണ്ടു വരാൻ ഓൺലൈൻ പഠന മാർഗങ്ങൾ മാത്രമായിരുന്നു സർക്കാരിനു മുന്നിലുണ്ടായിരുന്ന ഏക ആശ്രയം. വിവിധ മേഖലകളുമായി സഹകരിച്ച് കുട്ടികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ വാങ്ങി നൽകുകയായിരുന്നു സർക്കാർ. ഇതിനു പിന്നാലെ, വിവിധ സന്നദ്ധ സംഘടനകളും ഈ പഠന ക്രമീകരണത്തെ ഏറ്റെടുത്തു.
ചില മിടുക്കൻമാർ ഈ സംവിധാനങ്ങൾ ഉപയോഗിച്ചു പഠിച്ചു മുന്നേറിയപ്പോൾ, മിടുമിടുക്കന്മാർ ഈ സംവിധാനങ്ങൾ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയായിരുന്നു. ഓൺലൈൻ സംവിധാനത്തിന്റെ ഗുണങ്ങളും പോരായ്മകളും പഠിക്കുന്നതിനും അതിനെ കുറിച്ചുളള കുട്ടികളുടെ കാഴ്ചപ്പാടും അഭിപ്രായവും അറിയുന്നതിനും കനൽ എന്ന എൻ ജി ഒ നടത്തിയ സർവേ റിപ്പോർട്ട് പുറത്ത്. കുട്ടികളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന സംഘടനയാണ് കനൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഠന പ്രവർത്തനങ്ങൾ അല്ലാതെയുളള ഒരു പ്രവർത്തനവും ഓൺലൈൻ ക്ലാസിലൂടെ നടക്കുന്നില്ല. അതുപോലെ അദ്ധ്യാപകരുമായി തങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും തുറന്നു പറയുന്നതിനും കഴിയുന്നില്ല. ഓൺലൈൻ പരീക്ഷകൾ തികച്ചും ഫലപ്രദമല്ലെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷ വിദ്യാർത്ഥികളും അഭിപ്രായപ്പെടുന്നത്.
അതിന്റെ കാരണങ്ങളിൽ ഒന്നായി ചൂണ്ടി കാണിച്ചത് ടൈപ്പിംഗ് സ്പീഡ് കുറഞ്ഞ കുട്ടികൾ നേരിടുന്ന പ്രശ്നമാണ്.
ഒരു വീട്ടിലെ രണ്ടോ അതിലധികമോ കുട്ടികൾ ഒരു ഗാഡ്‌ജെറ്റ് ഉപയോഗിക്കുന്നതിന്റെ ബുദ്ധിമുട്ടും കുട്ടികൾ പറഞ്ഞു. ചില സ്‌കൂളുകൾ നടത്തുന്ന എക്‌സ്ട്രാ ക്ലാസുകളും കുറഞ്ഞ സമയത്തിനുളളിൽ തീർക്കുന്ന വലിയ സിലബസും അതിന്റെ ഭാഗമായി നൽകുന്ന ഗൃഹപാഠങ്ങളും അതിനു വേണ്ടി വീണ്ടും മൊബൈൽ ഫോൺ ഉപയോഗിക്കേണ്ടതായി വരുന്നതും പലരുടെയും സ്‌ക്രീൻ ടൈം ക്രമാതീതമായി കൂട്ടി. കൃത്യമായ മേൽനോട്ടം ലഭിക്കാത്ത കുട്ടികളും, പഠനത്തിൽ താത്പര്യമില്ലാത്ത കുട്ടികളും ഓൺലൈൻ ക്ലാസുകൾ കൃത്യമായി ഉപയോഗിക്കുന്നില്ല.
പ്ലസ് വൺ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ ഗുരുതരമാണ്. പലരും അദ്ധ്യാപകരെയോ, സഹപാഠികളെയോ നേരിൽ കണ്ടിട്ടില്ല. അദ്ധ്യാപകരുമായി നല്ല ബന്ധം പുലർത്താൻ കഴിയാത്തതു മൂലം പാഠഭാഗങ്ങൾ കൃത്യമായി മനസിലാക്കുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കൂടുതൽ കുട്ടികളും ലൈവ് ക്ലാസുകളെക്കാൾ ഇഷ്ടപ്പെടുന്നതും ഉപയോഗിക്കുന്നതും റെക്കോർഡഡ് വീഡിയോകളുമാണ്.
ഓൺലൈൻ ക്ലാസുകളുടെ കാര്യക്ഷമത കൃത്യമായി മനസിലാകുന്നതിനായുളള സംവിധാനം ഇല്ല എന്നതാണ് കനൽ നടത്തിയ സർവേയിൽ നിന്നും പ്രധാനമായും വെളിവാകുന്നത്. പാഠ ഭാഗങ്ങൾ തീർക്കുക എന്നതിലേക്ക് ഓൺലൈൻ ക്ലാസുകളുടെ ലക്ഷ്യം ചുരുങ്ങുമ്‌ബോൾ അത് കുട്ടികൾക്ക് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഉണ്ടാകുന്നതെന്ന് കനലിന്റെ ഡയറക്ടർ ആൻസൺ പി അലക്സാണ്ടർ പറയുന്നു.
ലോക്ക് ഡൗൺ കാലത്തെ മികച്ച വിദ്യാഭ്യാസ ശീലങ്ങളുടെ യുനെസ്‌കോ പട്ടികയിൽ പേര് ചേർക്കപ്പെട്ട രാജ്യങ്ങളുടെ പൊതു സ്വഭാവം അവ കൊടുക്കുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മനസിലാക്കാനായുളള സമ്ബ്രദായങ്ങൾ കൂടെ കൃത്യമായി നടത്തുന്നു എന്നതാണ്. കേരളത്തിൽ ഇപ്പോൾ നടക്കുന്ന ഓൺലൈൻ ക്ലാസുകളിൽ ഈ ഒരു പോരായ്മ നമുക്ക് കാണാൻ കഴിയും. അതോടൊപ്പം പരീക്ഷയെ മാത്രം ലക്ഷ്യം വച്ചുകൊണ്ട് സിലബസ് തീർക്കുക എന്നത് ഓൺലൈൻ ക്ലാസുകൾ പാഠഭാഗങ്ങളിലേക്ക് മാത്രം ചുരുക്കാൻ ഇടയാക്കുന്നുണ്ടെന്നും ആൻസൺ ചൂണ്ടിക്കാട്ടുന്നു.
കുട്ടിയുടെ മാനസികവും ജീവിത നൈപുണിപരവുമായ (ലൈഫ് സ്‌കിൽ) വളർച്ചക്കും കൂടി പ്രാധാന്യം കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. പ്രോഗ്രാം ഫോർ ഇന്റർനാഷണൽ അസെസ്മെന്റിന്റെ മാതൃകയിൽ കേരളം സ്വന്തം നിലയിൽ ഒരു പരീക്ഷ നടത്തി ഓൺലൈൻ ക്ലാസിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിന് ഗുണകരമാകുമെന്ന് സർവേ അടിവരയിടുന്നു.
കേരളത്തിലെ 14 ജില്ലകളിൽ നിന്നായി പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലംവരെയുളള കുട്ടികളെയാണ് പഠനത്തിന് വിധേയരാക്കിയത്. ഓൺലൈൻ ഫോമിലൂടെയും ഫോണിലൂടെയും നേരിൽ കണ്ടുമാണ് വിദ്യാർത്ഥികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. ഇതിൽ 11ശതമാനം പേർ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളും, 15.8 ശതമാനം അപ്പർ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളും, 33.5 ശതമാനം ഹൈസ്‌കൂൾ വിദ്യാർത്ഥികളും 39.7 ശതമാനം പേർ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികളുമാണ്. ഗ്രാമീണ മേഖല, നഗരം, ആദിവാസി വിഭാഗം, തീരദേശം, ഹൈറേഞ്ച് എന്നിങ്ങനെ അഞ്ച് മേഖലകളിൽ നിന്നുളള കുട്ടികളെയാണ് പഠനത്തിന്റെ ഭാഗമാക്കിയത്.
ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത്
മൊബൈൽ ഫോൺ വഴി- 79.1%
ടി.വി- 17.4%
ലാപ്ടോപ്പ്- 15.2%
ഡെസ്‌ക് ടോപ്പ്- 7.7%
മറ്റൊരാളുടെ ഉപകരണം താത്ക്കാലികമായി ഉപയോഗിക്കുന്നത്- 2.9%
ഡിജിറ്റൽ ഡിവൈഡ്
ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി പുതിയ മൊബൈലോ ടി.വിയോ കമ്പ്യൂട്ടറോ വാങ്ങിയവരാണ് സർവേയിൽ പങ്കെടുത്ത 32 ശതമാനം കുട്ടികളും. 1.9 % കുട്ടികൾക്ക് സമ്മാനമായി ഇവ ലഭിക്കുകയും ചെയ്തു. 4.5 % കുട്ടികൾ ദിവസം 7 മണിക്കൂറിൽ കൂടുതൽ ഓൺലൈൻ ക്ലാസിനായി ചിലവഴിക്കുന്നവരാണ്. 13.2 ശതമാനം കുട്ടികൾ 4 – 6 മണിക്കൂറും 64 .2 ശതമാനം കുട്ടികൾ 1 -2 മണിക്കൂറും ഓൺലൈൻ ക്ലാസിനായി ചിലവഴിക്കുന്നു. ഒരു മണിക്കൂറിൽ താഴെ മാത്രമാണ് 18 .1 % കുട്ടികളുടെ ഓൺലൈൻ ക്ലാസ് സമയം. ഒരു മണിക്കൂറിൽ താഴെ മാത്രം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളുടെ 16.36 % ആദിവാസി മേഖലയിൽ നിന്നാണ്.
കുട്ടികളുടെ ബുദ്ധിമുട്ടുകൾ
ഓൺലൈൻ ക്ലാസിന്റെ പ്രധാന വെല്ലുവിളി മൊബൈൽ കണക്റ്റിവിറ്റിയും ഇടക്കിടെയുണ്ടാകുന്ന വൈദ്യുതി തടസവുമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. 65.5 % കുട്ടികളുടെയും പഠനത്തെയും ഈ പ്രശ്‌നങ്ങൾ സാരമായി ബാധിക്കുന്നുണ്ട്. ലോക്ക് ഡൗൺ കാലത്ത് 82.3 % കുട്ടികളുടെയും മൊബൈൽ – ഇന്റർനെറ്റ് ഉപയോഗം കൂടി. 21 % കുട്ടികൾ ഓൺലൈൻ ക്ലാസ് പൂർണ ഫലപ്രദമാണെന്നും 62.3 % കുട്ടികൾ മിതമായി ഫലപ്രദമാണെന്നും 16.8 % കുട്ടികൾ തീരെ ഫലപ്രദമല്ല എന്നും അഭിപ്രായപ്പെട്ടു.
25.5 % കുട്ടികൾക്ക് പാഠഭാഗങ്ങൾ മനസിലാകുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്നും 35.2 % കുട്ടികൾക്ക് ക്ലാസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നും രേഖപ്പെടുത്തി. സർവേയിൽ പങ്കെടുത്ത 74.2 % പേർക്ക് സ്‌ക്രീൻ സമയം കൂടിയത് മൂലം കണ്ണിന് ബുദ്ധിമുട്ട് ഉളളതായും 45.8% പേർക്ക് തലവേദനയും 18.4 % പേർക്ക് ഉറക്ക കുറവ് ഉളളതായും പറഞ്ഞു. സുഹൃത്തുക്കളുമായി തൃപ്തികരമായ ബന്ധം പുലർത്താൻ 52 .6 % കുട്ടികൾക്കും കഴിയുന്നില്ല. അതേസമയം, 47.4 % സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ബന്ധം നിലനിർത്തുന്നുണ്ട്. 34.2 % കുട്ടികൾ സൗഹൃദങ്ങൾ നഷ്ടപെട്ടതിന്റെ ഏകാന്തത അനുഭവിക്കുന്നവരാണ്. സൗഹൃദങ്ങൾ നഷ്ടപെട്ടത് തങ്ങൾക്ക് ഒരു ദുഃഖവും ഉണ്ടാക്കിയിട്ടില്ല എന്ന അഭിപ്രായം പറഞ്ഞത് 6.1 % മാണ്.
സ്‌കൂളിൽ പോയി പഠിക്കണം
ഓൺലൈൻ ഗൃഹപാഠങ്ങൾ കൃത്യസമയത്ത് തീർക്കുന്നവർ 35.2 % ആണ്. 8.1 % മിക്കപ്പോഴും ഗൃഹപാഠങ്ങൾ ചെയ്യാറില്ല. അദ്ധ്യാപകരുമായി കൃത്യമായി ബന്ധം പുലർത്തുന്നവർ 46.5 % ആണ്. 37.1 % വല്ലപ്പോഴും ബന്ധം പുലർത്തുന്നവരും 18 .6 % തീരെ ബന്ധം പുലർത്താതവരുമാണ്. 73.9 % കുട്ടികളും സ്‌കൂളിൽ പോയി പഠിക്കുന്നതാണ് ഇഷ്ടപെടുന്നത്. ഓൺലൈൻ ക്ലാസിനെ ഇഷ്ടപെടുന്നവർ 7.1 % മാത്രമാണ്. 18 .7 % കുട്ടികൾ രണ്ടു രീതിയും ഒരുപോലെ ആണ് എന്ന അഭിപ്രായക്കാരാണ്.
കുട്ടികൾ വഴിമാറി പോകുന്നു
ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥികൾ വലിയ തോതിൽ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് കണ്ടുപിടിക്കുന്നതിനുളള സാങ്കേതിക ജ്ഞാനം പല രക്ഷകർത്താക്കൾക്കുമില്ല. വിദ്യാർത്ഥികൾ അശ്ലീല സൈറ്റുകൾ കാണുന്നത് ഓൺലൈൻ ക്ലാസിന്റെ മറവിലാണ്. ഓപ്പറേഷൻ പി ഹണ്ടിൽ ഇത്തരം സംഭവങ്ങൾ വിവിധയിടങ്ങളിൽ കണ്ടെത്തിയിരുന്നു. എങ്ങനെയാണ് അതിനെ തടയേണ്ടതെന്ന് രക്ഷകർത്താക്കൾക്കും അദ്ധ്യാപകർക്കും അറിയില്ല. ഉത്തരവാദിത്തപ്പെട്ട ഫോൺ ഉപയോഗത്തെപ്പറ്റി വ്യക്തമായ ധാരണ എല്ലാ സ്‌കൂളുകളും മുൻകൈയെടുത്ത് രക്ഷകർത്താക്കൾക്കിടയിൽ നടത്തേണ്ടതിന്റെ ആവശ്യകത വർദ്ധിക്കുകയാണ്.