ബന്ധുക്കൾ കൈയ്യൊഴിഞ്ഞു: വീട്ടിലേയ്ക്ക് വഴി തുറക്കാതെ ഭർത്താവ്; കനകദുർഗയ്ക്ക് ആശ്വാസമായത് വൺസ്റ്റോപ്പ് സെന്റർ: ശബരിമലകയറി ചരിത്രം സൃഷ്ടിച്ച കനകദുർഗയ്ക്ക് ഇത് ദുരിത കാലം

ബന്ധുക്കൾ കൈയ്യൊഴിഞ്ഞു: വീട്ടിലേയ്ക്ക് വഴി തുറക്കാതെ ഭർത്താവ്; കനകദുർഗയ്ക്ക് ആശ്വാസമായത് വൺസ്റ്റോപ്പ് സെന്റർ: ശബരിമലകയറി ചരിത്രം സൃഷ്ടിച്ച കനകദുർഗയ്ക്ക് ഇത് ദുരിത കാലം

സ്വന്തം ലേഖകൻ

പെരിന്തൽമണ്ണ: ശബരിമലകയറി ചരിത്രം സൃഷ്ടിച്ച കനകദുർഗയ്ക്ക് ഇത് ദുരിതകാലം. വീട്ടിൽ കയറാനാവാതെ, ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ കനകദുർഗയെ ഒടുവിൽ ആശുപത്രി വിട്ടെങ്കിലും വീട്ടിലേയ്ക്ക് മടങ്ങാനാവുന്നില്ല. എവിടേയ്ക്ക് പോകുമെന്നറിയാതെ അന്തം വിട്ടു നിന്ന കനകദുർഗയെ ഒടുവിൽ പൊലീസ് വൺസ്റ്റോപ്പ് സെന്ററിലേയ്ക്ക് മാറ്റുകയായിരുന്നു. നിരന്തരം പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവരെ വീട്ടിൽ പ്രവേശിപ്പിക്കാൻ ഭർത്താവും തയ്യാറായില്ല.
വീട്ടുകാരും ബന്ധുക്കളും കൈയൊഴിഞ്ഞതോടെയാണ് കനകദുർഗയെ വൺസ്റ്റോപ്പ് സെന്ററിലേയ്ക്ക് മാറ്റിയത്. തിങ്കളാഴ്ച വൈകുന്നേരം ആണ് കനക ദുർഗ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഭർത്താവിന്റെ അങ്ങാടിപ്പുറത്തെ വീട്ടിലും അരീക്കോട്ടുള്ള സഹോദരന്റെ വീട്ടിലും കനക ദുർഗയെ പ്രവേശിപ്പിക്കാൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ അവരുടെ സുരക്ഷ കൂടി ഉറപ്പാക്കാൻ വേണ്ടിയാണ് പൊലീസ് പെരിന്തൽമണ്ണ വൺ സ്റ്റോപ് സെന്ററിലേക്ക് അവരെ മാറ്റിയത്. ഭർത്താവിന്റെ അമ്മയെ ദേഹോപദ്രവം ഏൽപിച്ചതിന് കനക ദുർഗക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ശബരിമല ദർശനം നടത്തിയ കനകദുർഗയെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ട് പോകാനാവില്ലെന്ന് ഭർത്താവ് കൃഷ്ണനുണ്ണിയും നിലപാട് എടുത്തു. ഭർതൃവീട്ടുകാരുടെ മർദ്ദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കനകദുർഗയെ ഡിസ്ചാർജ് ചെയ്തതോടെയാണ് വീട്ടിലേക്ക് കൊണ്ട് പോകാൻ പൊലീസ് ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പൊലീസിന്റെ ആവശ്യം ഭർത്താവ് നിഷേധിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പൊലീസ് ഇടപെട്ട് ഇവരെ വൺ സ്റ്റോപ് സെന്ററിൽ എത്തിച്ച് താത്കാലിക അഭയസ്ഥാനം ഒരുക്കുകയായിരുന്നു. സമൂഹത്തിൽ അക്രമത്തിനിരയാകുന്ന പെൺകുട്ടികളെ താത്കാലികമായി പാർപ്പിക്കുന്ന ഇടമാണ് ഇത്.

ആചാര ലംഘനം നടത്തിയെന്ന് ആരോപിച്ച് ശബരിമല ദർശനം നടത്തിയ കനകദുർഗയെ ബന്ധുക്കളും തള്ളികളഞ്ഞിരുന്നു. തിരുവനന്തപുരത്ത് നടന്ന അയ്യപ്പമഹാ സംഗമത്തിൽ സംബന്ധിച്ച കനകദുർഗയുടെ സഹോദരൻ സഹോദരിയുടെ ആചാര ലംഘനത്തിന് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group