മദ്യലഹരിയിൽ അപകടകരമായി കാറോടിച്ച സന്ദീപിനെ സ്റ്റേഷനിൽ നിന്നും ഇറക്കാനെത്തിയത് പൊലീസ് സംഘടനാ നേതാവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സന്ദീപ് നായർ മദ്യപിച്ച് അപകടകരമായി കാറോടിച്ച് അറസ്റ്റിലായ സമയം ജാമ്യത്തിലിറക്കിയത് പൊലീസ് സംഘടനയുടെ സംസ്ഥാന ഭാരവാഹി. ജാമ്യത്തിലിറക്കി സ്വന്തം കാറിൽ വീട്ടിൽ കൊണ്ട് വിടുകയും ചെയ്തു.സന്ദീപിനെതിരെ നേരത്തേയുണ്ടായ ചെറിയ കേസുകളിലും പൊലീസ് ഇടപെട്ടതായി ആരോപണമുണ്ട്. മഹാരാഷ്ട്രാ രജിസ്ട്രേഷനിലുള്ള ബെൻസ് കാറിന്റെ രേഖകൾ പൂനെയിലെ വ്യവസായിയായ മലപ്പുറം സ്വദേശിയുടേതാണ്. വാഹനം നികുതിയടക്കാതെ കേരളത്തിലെ റോഡുകളിൽ ഓടിച്ചതായും റിപ്പോർട്ടുണ്ട്.
യഥാർത്ഥ ഉടമയെത്താതെ കാർ വിട്ടുകൊടുത്തതും രേഖകൾ പരിശോധിക്കാതിരുന്നതും പൊലീസിന് വിനയായിട്ടുണ്ട്. സംഭവത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പത്തിനാണ് മദ്യപിച്ച് വാഹനമോടിച്ചതിന് മണ്ണന്തല പൊലീസ് സന്ദീപിനെ പിടികൂടിയത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ആഡംബര കാറിൽ എത്തിയ ഇയാളെ പരിശോധനയ്ക്കിടെ പൊലീസ് പിടികൂടുകയായിരുന്നു
Whatsapp Group 1 | Whatsapp Group 2 |Telegram Group
സന്ദീപിനെ മണ്ണന്തല പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ പൊലീസ് സംഘടനയിലെ നേതാവ് ജാമ്യത്തിനായി എത്തി. തന്റെ സഹോദരനാണ് സന്ദീപെന്നും നേതാവ് പൊലീസിനോട് പറഞ്ഞു. എന്നാൽ പൊലീസുകാരൻ ആയതിനാൽ മറ്റൊരാൾ എത്തി ജാമ്യത്തിലിറക്കുന്നതാണ് നല്ലതെന്ന് എസ്ഐ നിർദേശിച്ചു. തുടർന്ന മറ്റൊരാൾ എത്തുകയും, തിരിച്ചറിയൽ രേഖകൾ പോലും പരിശോധിക്കാതെ സന്ദീപിനെ ജാമ്യത്തിൽ വിടുകയും ചെയ്തു.
ഈ കാറാണ് സന്ദീപ് സ്വർണക്കടത്ത് നടത്താൻ ഉപയോഗിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. കാറിന്റെ ഉടമയെച്ചൊല്ലി അവ്യക്തതയുണ്ടായിരുന്നെങ്കിലും മലപ്പുറം സ്വദേശി ഉസ്മാന്റെ കാറാണെന്ന് പിന്നീട് കണ്ടെത്തി. വെബ്സൈറ്റിലൂടെയാണ് കാർ വിറ്റതെന്നും രജിസ്ട്രേഷൻ മാറ്റാൻ എൻഒസി നൽകിയിരുന്നതായും ഉസ്മാൻ പൊലീസിനെ അറിയിച്ചു. എന്നാൽ സ്വർണക്കടത്ത് നടത്താനുള്ള സൗകര്യത്തിന് സന്ദീപ് കാറിന്റെ രജിസ്ട്രേഷൻ മാറ്റിയിരുന്നില്ല. കൃത്യമായ പരിശോധനയില്ലാതെ കാർ വിട്ടയച്ച മണ്ണന്തല എസ്ഐക്കെതിരെയും, ശുപാർശ ചെയ്ത് പൊലീസ് നേതാവിനെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം.