
കോട്ടയം: ഓണത്തിന് കോട്ടയത്തുകാർ പാചകവാതകം കിട്ടാതെ വലഞ്ഞു. സിലിണ്ടർ ക്ഷാമം ഉണ്ടായിരുന്നില്ല. വിതരണത്തിലെ അപാകതയാണ് കാരണം. പത്തു ദിവസമായി ഗ്യാസിന് കാത്തിരിക്കുന്നവർ വരെയുണ്ട്.
കോട്ടയത്തെ ഒരു പ്രമുഖ ഏജൻസിയിലെ വിതരണക്കാർ വരുത്തിയ അനാസ്ഥയാണ് നിരവധി ഉപഭോക്താക്കൾ വലയാൻ കാരണമായത്. വെള്ളിയും ശനിയും ഓണ അവധിയായിരുന്നതിനാൽ ഈ ദിവസങ്ങളിൽ വിതരണം മുടങ്ങി. പകരം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവിടെ വിതരണം ചെയ്ത് പരിഹരിക്കേണ്ടതായിരുന്നു. ഇതനുസരിച്ച് വിതരണക്കാർക്ക് നിർദേശം നൽകിയെങ്കിലും നടന്നില്ല.
ഇതിന്റെ ഫലമായി 10 ദിവസമായി ഗ്യാസ് കിട്ടാത്തവർ വല്ലാതെ ബുദ്ധിമുട്ടി.
കോട്ടയം ടൗൺ, ചുങ്കം വാരി ശേരി, മള്ളൂശേരി, പുല്ലരിക്കുന്ന്, കുടമാളൂർ തുടങ്ങി നിരവധി സ്ഥലങ്ങളിലുള്ളവരാണ് വലഞ്ഞത്. ഗ്യാസ് ഏജൻസി ഉടമ നിർദേശം നൽകിയിട്ടും തൊഴിലാളികൾ വിതരണം ചെയ്തില്ല എന്നതാണ് ഗുരുതരമായ പ്രശ്നം. ഉപഭോക്താക്കളെ വലയ്ക്കുന്ന തൊഴിലാളി മുതലാളിക്ക് പണി കൊടുക്കുന്ന സ്ഥിതിയാണിവിടെ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ഗ്യാസ് കൊടുത്തില്ലെങ്കിലും ഇന്നു തരാം നാളെ തരാം എന്നാണ് വിളിക്കുന്ന ഉപഭോക്താക്കളോട് വിതരണക്കാർ പറയുന്നത്. ഇതുകേട്ട് കാലിക്കുറ്റിയുമായി വഴിയരികിൽ പോയി കാത്തു നിന്ന നിരവധി പേരുണ്ട്. പറഞ്ഞു പറ്റിക്കുന്നതിൽ വിരുതൻമാരാണ് ഗ്യാസ് വിതരണക്കാർ.
ഓണക്കാലത്ത് വിതരണത്തിൽ പാളിച്ച പറ്റിയ തായി ഗ്യാസ് ഏജൻസി ഉടമ പറഞ്ഞു. 2 ദിവസം അവധിയായതാണ് പ്രശ്നം സൃഷ്ടിച്ചതെന്നണ് ഇദ്ദേഹം പറയുന്നത്. അടുത്ത ദിവസങ്ങളിൽ പരിഹരിക്കുമെന്നും ഇദ്ദേഹം പറയുന്നു.
അതേ സമയം ചുങ്കം , വാരി ശേരി, പുല്ലരിക്കുന്ന് പ്രദേശങ്ങളിൽ ഇന്നു ഗ്യാസ് വിതരണം പുനരാരംഭിച്ചിട്ടുണ്ട്.
അതേസമയം കരിഞ്ചന്തയിൽ ഇഷ്ടം പോലെ സിലിണ്ടർ വിതരണം നടക്കുന്നുണ്ട്. കടകളിലും മറ്റും ആവശ്യാനുസരണം ഗ്യാസ് എത്തിക്കുന്നത് കരിഞ്ചന്തക്കാരാണ്. ഇവർക്ക് സിലിണ്ടർ കിട്ടുന്നത് എവിടെ നിന്നാണന്ന് സംബന്ധിച്ച വിവരങ്ങൾ അടുത്ത ദിവസം പുറത്തു വരും.