
കോട്ടയം: ഓണമായി, തിരക്കായി, വഴിലിറങ്ങി നടക്കാന്‍ വയ്യാതായി. ഏതാനും ദിവസമായി രാത്രി, പകല്‍ ഭേദമെന്യേ നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്.
തിരക്കേറുന്ന സമയങ്ങളില്‍ എം.സി. റോഡും കെ.കെ. റോഡും പൂര്‍ണമായി സ്തംഭിക്കുന്ന അവസ്ഥയാണ്. പോലീസ് പരമാവധി പരിശ്രമിക്കുന്നുണ്ടെങ്കിലും തിരക്ക് നിയന്ത്രണാതീതമാകുന്ന അവസ്ഥയാണ്. ഓണം വരെ കുരുക്കും തിരക്കും തുടരുമെന്നാണ് പോലീസ് നിരീക്ഷണം.
ഓണാവധി ഓണത്തിനു ദിവസങ്ങള്‍ക്കു മുമ്പേ ആരംഭിച്ചതും ഇത്തവണ തിരക്ക് വര്‍ധിക്കാന്‍ കാരണമായി. ശമ്പള ദിവസങ്ങളായതിനാല്‍ ഓണക്കോടിയും മറ്റു വിഭവങ്ങളും വാങ്ങിക്കൂട്ടാന്‍ കടകളിലേക്ക് എത്തുന്നവരുടെ എണ്ണവും ഏറി.
ഇലക്ട്രോണിക്സ് വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഓഫറുകളും നഗരത്തിലെത്തുന്ന ആളുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരമായി. ഇന്നും നാളെയും തിരക്ക് വര്‍ധിക്കാന്‍ കാരണമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എം.സി. റോഡിലാണ് തിരക്കേറെയും. മിക്ക സമയങ്ങളിലും വടക്കു ഭാഗത്ത് ചവിട്ടുവരി വരെയും തെക്കുഭാഗത്തു നാട്ടകം വരെയും ഗതാഗതക്കുരുക്ക് നീളും. വ്യാപാര സ്ഥാപനങ്ങളിലെ തിരക്കിനൊപ്പം നാഗമ്പടം, തിരുനക്കര എന്നിവിടങ്ങളില്‍ റോഡിലുണ്ടായിരിക്കുന്ന കുഴികളും കുരുക്ക് വര്‍ധിക്കാന്‍ കാരണമാകുന്നു.
മുളങ്കുഴ, നാട്ടകം, മണിപ്പുഴ, പുളിമൂട് കവല, മംഗളം ജങ്ഷന്, ചൂട്ടുവേലി, ചവിട്ടുവരി, കുമാരനല്ലൂര്‍, സംക്രാന്തി തുടങ്ങി ഇടറോഡുകള്‍ വന്നു ചേരുന്ന സ്ഥലങ്ങളിലാണ് കുരുക്ക് മുറുകുന്നത്. മിക്കയിടങ്ങളിലൂം പോലീസിന്റെ സേവനമുണ്ടാകാറില്ലെന്നതു കുരുക്ക് വര്‍ധിക്കാന്‍ കാരണമാകുന്നു.
കെ.കെ. റോഡില്‍, രാവിലെ ഒമ്പതിനു ഗതാഗതക്കുരുക്കു തുടങ്ങും.
പല സമയങ്ങളിലും കളത്തിപ്പടി മുതല്‍ വാഹനങ്ങളുടെ ഇഴച്ചില്‍ തുടങ്ങും. നിര തെറ്റിച്ച് ചെറുവാഹനങ്ങളും സ്വകാര്യ ബസുകളും ഉള്‍പ്പെടെ കയറി എത്തുന്നതു കുരുക്ക് വര്‍ധിക്കാന്‍ കാരണമാകും.
കഞ്ഞിക്കുഴിയില്‍ നാലും അഞ്ചും പോലീസുകള്‍ ഒരേ സമയം ഗതാഗത നിയന്ത്രണത്തിന് എത്തിയാലും പലപ്പോഴും തിരക്ക് വരുതിയിലാക്കാന്‍ കഴിയില്ല. നഗരത്തിന്റെ വിവധയിടങ്ങളിലെ അനധികൃത പാര്‍ക്കിങ്ങും ഗതാതക്കുരുക്കിനു കാരണമാകുന്നുണ്ട്.