
തിരുവനന്തപുരം: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഓണക്കാലം.
ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ഇന്ന് അത്തം. ഇത്തവണ ‘അത്തം 10ന് “അല്ല, 11നാണ് പൊന്നോണം. ചിത്തിര നക്ഷത്രം രണ്ടു ദിവസങ്ങളിൽ (27, 28) വരുന്നതുകൊണ്ടാണിങ്ങനെ.
തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങങ്ങൾക്ക് മണവും മധുരവും പകരുന്ന ആചാരമാണ് അത്തമിടൽ.ഒന്നാം നാൾ ഒരിനം പൂവുകൊണ്ടാണ് പൂക്കളം. തിരുവോണത്തിനാണ് ഏറ്റവും വലിയ പൂക്കളമൊരുക്കുന്നത്. അന്ന് പത്തിനം പൂക്കളാണ് വേണ്ടത്. നാട്ടിൻപുറങ്ങൾ കുറഞ്ഞതോടെ നാടൻ പൂക്കളും കുറഞ്ഞു. വരവു പൂക്കളാണ് ഇക്കുറിയും ഓണത്തെ നിറച്ചാർത്തണിയിക്കുക.
പാടവരമ്പിലും തൊടിയിലുമുള്ള തുമ്പയും മുക്കുറ്റിയും തിരുതാളിയും കാക്കപ്പൂവുമൊക്കെ പറിക്കുമ്പോഴാണ് പൂവിളി. പൊന്നോണത്തിന്റെ വിളി. പണ്ട് പൂക്കൂടകളുമായി പൂ പറിക്കാൻ പോകുന്നതിനു കൂട്ടുകാരികളെ വിളിക്കുന്നതിൽത്തന്നെ ഓണക്കളിയുടെ ആവേശം നിറഞ്ഞിരുന്നു. ഇന്ന് സേലത്തു നിന്നും തിരുനെൽവേലിയിൽ നിന്നും വൻതോതിൽ ഓണപ്പൂക്കൾ ട്രെയിൻ കയറി പുറപ്പെട്ടു തുടങ്ങി.
കേരളത്തിന്റെ അതിർത്തിയിൽ തമിഴ്നാട്ടിലെ പൂ വിപണിയായ തോവാളയിൽ നിന്നു നേരിട്ടു പൂക്കൾ ശേഖരിക്കാൻ പോകുന്നവരുമുണ്ട്. അത്തം തുടങ്ങുമ്പോൾ പൂ വിപണിയിൽ വില കുറഞ്ഞിരിക്കുകയാണ്. ജമന്തി തന്നെ പല നിറങ്ങളിലുണ്ട്. മഞ്ഞ, ഓറഞ്ച്, വയലറ്റ്, പിങ്ക്, വെള്ള നിറങ്ങളിലുള്ള ജമന്തിക്കും പല വിലയാണ്. കിലോ ഗ്രാമിന് 80– 120 രൂപയാണ് ജമന്തി ഇനങ്ങളുടെ വില.വിലക്കുറവും ലഭ്യതയും പൊലിമയും കാരണം കൂടുതലായി വിറ്റുപോകുന്നതും ജമന്തിപ്പൂക്കളും ബന്തിപ്പൂക്കളുമാണ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
പനിനീർപ്പൂക്കളും പലനിറമുണ്ട്. റോസ്, പിങ്ക്, വെള്ള എന്നിങ്ങനെ നിറങ്ങൾ മാറുന്നതനുസരിച്ച് വിലയിലും മാറ്റമുണ്ട്. 300 രൂപയ്ക്കു മേലാണ് ഇവയുടെ വില. അരളിപ്പൂക്കൾ ചുവപ്പ്, വെള്ള, പിങ്ക് തുടങ്ങിയ നിറങ്ങളിലുണ്ട്.
കിലോഗ്രാമിന് 250 രൂപ മുതലാണ് ചില്ലറ വിൽപന കേന്ദ്രങ്ങളിലെ വില. ശരാശരി 150 രൂപയ്ക്ക് കോഴിപ്പൂ, വാടാമല്ലി തുടങ്ങിയ വ്യത്യസ്ത നിറങ്ങളിലെ പൂക്കൾ ലഭിക്കും. പൂക്കളത്തിനു പച്ച നിറം കിട്ടണമെങ്കിൽ പൂക്കളല്ല, ഇലയാണ് വിപണിയിൽ കിട്ടുക. തുളസിയില മുതൽ പേരറിയാത്ത പലയിനം ഇലകളും പൂ വിപണിയിലെ അതിഥി താരങ്ങളായുണ്ട്. തിരുവോണത്തോട് അടുക്കുന്തോറും പൂക്കളുടെ വിലയും കൂടുകയാണ് പതിവ്.