
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ ഓണാഘോഷവേളയിൽ വ്യാജ മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും വിപണനം തടയുന്നതിനായി എക്‌സൈസ്, പോലീസ്, റവന്യൂ, വനം തുടങ്ങിയ വകുപ്പുകൾ ഓണം സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി സംയുക്തമായി പരിശോധന നടത്താൻ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനം.
ഓണം സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി ബിവറേജസ് കോർപറേഷൻ വിൽപനശാലകളിൽനിന്ന് അളവിൽ കൂടുതൽ മദ്യം വാങ്ങിക്കൊണ്ടുപോകുന്നത് തടയുന്നതിനായി സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്തും.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകൽ, ഒരു വ്യക്തിക്ക് അനുവദിച്ചിരിക്കുന്ന അളവിലും കൂടുതൽ( മൂന്നുലിറ്റർ വിദേശമദ്യം, 3.5 ലിറ്റർ ബിയർ) മദ്യം പല തവണയായി വാങ്ങുന്ന കേസുകൾ എന്നിവ ശക്തമായ പരിശോധനയിലൂടെ നിയന്ത്രിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്സവ സീസൺ, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് എന്നിവ കണക്കിലെടുത്ത് സി.സി.ടി.വി പരിശോധന മാസ്റ്റർ കൺട്രോൾ റൂം മുഖേനയായിരിക്കും എക്‌സൈസ് വകുപ്പിന്റെ പരിശോധന. ജില്ലയിൽ സി.ഒ.ടി.പി.എ(സിഗരറ്റും മറ്റു പുകയില ഉൽപന്നങ്ങളും നിയമം) ശക്തമായി നടപ്പാക്കുന്നതിനുള്ള കർമ്മ പദ്ധതി രണ്ടാഴ്ചയ്ക്കകം വകുപ്പുകൾ തയാറാക്കണമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് റോഡരികിലെ പാൻ കടകളിൽ പരിശോധനകൾ നടത്താനും ജില്ലാ കളക്ടർ നിർദേശം നൽകി.